മുഖ്യമന്ത്രിയാവാനോ... അവനോ, പറ്റുന്നത് നല്‍കും, ശിവസേനയ്ക്ക് ഫട്‌നാവിസിന്റെ മറുപടി ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ കൃത്യമായ മറുപടി ശിവസേനയ്ക്ക് നല്‍കി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച് സഖ്യത്തിനൊപ്പം നില്‍ക്കേണ്ടെന്നാണ് ഫട്‌നാവിസ് പറഞ്ഞിരിക്കുന്നത്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിക്കാനുള്ള ശ്രമം ശിവസേനയില്‍ നിന്ന് നടക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ വലിയ പ്രചാരണവും ശിവസേന നേതാക്കള്‍ നടത്തുന്നുണ്ട്.

എല്ലാ സ്ഥാനങ്ങളും ചര്‍ച്ചയുടെ ഭാഗമല്ലെന്ന് ഫട്‌നാവിസ് വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ബിജെപി വിട്ടുനല്‍കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം എന്ന നിലപാട് ഇരുപാര്‍ട്ടികളും സ്വീകരിക്കുമെന്നായിരുന്നു കരുതിയത്. അതേസമയം ആദിത്യ താക്കറെ മികച്ച നേതാവാണെന്ന് ഫട്‌നാവിസ് പറഞ്ഞു. സംസ്ഥാനത്തെ മികച്ച യുവനേതാവാണ് അദ്ദേഹം. നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. സഖ്യത്തിന് പുതിയൊരു നേതാവിന്റെയും ആവശ്യമുണ്ടെന്നും, ആദിത്യയുടെ വരവ് വലിയ മാറ്റമായിട്ടാണ് കാണുന്നതെന്നും ഫട്‌നാവിസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആദിത്യ വരുന്നതിനെ ഫട്‌നാവിസ് വലിയ വെല്ലുവിളിയായി കാണുന്നില്ല. എന്നാല്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാടെന്താണ് അദ്ദേഹം കൃത്യമായി പറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിക്കണം. ആരാണ് മുഖ്യമന്ത്രിയെന്നൊക്കെ എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ മുന്നിലിരിക്കുന്നുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു.
അതേസമയം ഉപമുഖ്യമന്ത്രി പദം നല്‍കാന്‍ ബിജെപി തയ്യാറാണ്. ഇപ്പോഴത്തെ സര്‍ക്കാരിലും ഉപമുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അവര്‍ ആ ഓഫര്‍ സ്വീകരിച്ചില്ലെന്ന് ഫട്‌നാവിസ് പറയുന്നു. അധികാരം തുല്യമായി വീതിക്കണമെന്നാണ് ബിജെപിയും ശിവസേനയും ആവശ്യപ്പെട്ടത്. തുല്യ അധികാരം എന്ന് പറയുമ്പോള്‍ മന്ത്രിമാരുടെ വകുപ്പും, ഉപമുഖ്യമന്ത്രി പദവും തുല്യമായി ശിവസേനയ്ക്കും ലഭിക്കും. അതേസമയം മുഖ്യമന്ത്രി കാലാവധി പകുതി സമയാവുമ്പോള്‍ മാറണമെന്നും ശിവസേന പറഞ്ഞിരുന്നു.












Click it and Unblock the Notifications