കര്‍ഷകന്റെ മരണം; രണ്ട് ദിവസത്തേക്ക് ദില്ലി മാര്‍ച്ച് നിര്‍ത്തിവെച്ച് കര്‍ഷകര്‍; ശംഭുവില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ദില്ലി മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ച് കര്‍ഷകര്‍. യുവ കര്‍ഷകന്റെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. നാളെ ശംഭുവിലെ നേതാക്കള്‍ അടക്കം ഖനൗരി അതിര്‍ത്തി സന്ദര്‍ശിക്കും. തുടര്‍ നടപടികള്‍ അതിന് ശേഷം തീരുമാനിക്കും. ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് കര്‍ഷകര്‍ മരിച്ചത്.
ഇന്ന് വൈകീട്ട് പോലീസും കര്‍ഷകരും തമ്മില്‍ ഇവിടെ ഏറ്റുമുട്ടി. പോലീസ് നടപടിക്കിടെയാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭ ആരോപിച്ചു. അതേസമയം മാര്‍ച്ച് നിര്‍ത്തിവെച്ചെങ്കിലും കുത്തിയിരിപ്പ് സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

അതേസമയം പരിക്കേറ്റ കര്‍ഷകനെ പട്യാലയിലെ ഡോക്ടറാണ് പരിശോധിച്ചത്. ഇയാള്‍ക്ക് വെടിയേറ്റതാണെന്ന് പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഇയാളുടെ പോസ്റ്റുമോര്‍ട്ടം ഫലം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഖനോരിയില്‍ നിന്ന് മൂന്ന് പേരാണ് വന്നത്. ഇവര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിലൊരാള്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരിച്ചിരുന്നു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. തലയിലും തുടയിലും വെടിയേറ്റിട്ടുണ്ട്. ഇക്കാര്യം പക്ഷേ സ്ഥിരീകരിക്കാനാവില്ലെന്നും പട്യാല രാജേന്ദ്ര ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ രേഖി പറഞ്ഞു.
കൊല്ലപ്പെട്ടയാളുടെ തലയിലാണ് വെടിയേറ്റത്. വെടിയുണ്ടയുടെ വിവരങ്ങള്‍അടക്കം പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നും ഡോക്ടര്‍ പറഞ്ഞു. ശുഭ് കരണ്‍ സിംഗ് എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. പോലീസ് നടപടിയാണ് ഇയാളുടെ മരണത്തിന് കാരണമെന്നും കിസാന്‍ സഭ ആരോപിച്ചു. 23കാരനായ ശുഭ്കരണ്‍ സിംഗ് ഭട്ടിന്‍ഡ നിവാസിയാണ്. അതേസമയം ശംഭ, ഖനോരി അതിര്‍ത്തികളിലെ പ്രതിഷേധം അക്രമാസക്തമായിരിക്കുകയാണ്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ചുവെന്ന് പോലീസ് കുറ്റപ്പെടുത്തി. മൂന്ന് റൗണ്ടാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്.
ദത്ത സിംഗ്-ഖനോരി അതിര്‍ത്തിയില്‍ വിന്യസിച്ച സുരക്ഷ ഉദ്യോഗസ്ഥരെ വളഞ്ഞ കര്‍ഷകര്‍ വൈക്കോലില്‍ മുളക് പൊടി വിതറിയ ശേഷം കൂട്ടിയിട്ട് കത്തിച്ചെന്നും ഹരിയാന പോലീസ് ആരോപിച്ചു. ഇതില്‍ പന്ത്രണ്ടോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോലീസ് പറഞ്ഞു. പോലീസുകാരെ വടിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ആക്രമണിച്ചെന്നും, പോലീസിന് നേരെ കല്ലെറിഞ്ഞുവെന്നും പ്രതിഷേധക്കാര്‍ സമാധാനം പാലിക്കണമെന്നും ഹരിയാന പോലീസ് പറഞ്ഞു.












Click it and Unblock the Notifications