കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച്; ഗാസിപൂർ, ടിക്രി, സിംഗു അതിർത്തികളിൽ നിരോധനാജ്ഞ, കനത്ത സുരക്ഷ
ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിന് മുന്നോടിയായി ഡൽഹിയിലെ ഗാസിപൂർ, സിംഗു, ടിക്രി അതിർത്തികളിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ അതിർത്തി പ്രദേശങ്ങളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഔട്ടർ ഡിസ്ട്രിക്റ്റുകളുടെ (ഔട്ടർ നോർത്ത്, ഔട്ടർ) ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്‌തിട്ടുണ്ട്.
200ലധികം കർഷക സംഘടനകൾ വൻ പ്രതിഷേധത്തിന് തയ്യാറെടുക്കുമ്പോൾ അവരെ നേരിടുന്നതിനായി ആയിരക്കണക്കിന് പോലീസുകാരെയാണ് അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നത്. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് ഹരിയാന സർക്കാരും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിന് പുറമെ, പ്രതിഷേധത്തെ നേരിടാനുള്ള നടപടികളുടെ ഭാഗമായി ഡൽഹി പോലീസ് ഇന്ന് മുതൽ ഒരു മാസത്തേക്ക് ദേശീയ തലസ്ഥാനത്തുടനീളം 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവിൽ രാഷ്ട്രീയമോ സാമൂഹികമോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയോ ഏതെങ്കിലും ഘോഷയാത്രകൾ, പ്രകടനങ്ങൾ, റാലികൾ, കാൽനട ജാഥകൾ എന്നിവ സംഘടിപ്പിക്കുന്നതിനും വിളിച്ചുകൂട്ടുന്നതിനും പങ്കെടുക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ സുരക്ഷാ സംവിധാനങ്ങളുമായാണ് ഡൽഹി പോലീസ് സമരത്തെ നേരിടാൻ ഒരുങ്ങുന്നത്. ഡൽഹി-ഹരിയാന അതിർത്തികളിൽ സമിന്റ് കൊണ്ടുള്ള ബാരിക്കേഡുകളും മുള്ളുവേലികളുമടക്കം ഉയർത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടക്കുന്ന സമരം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനം എടുത്തത്.
അതേസമയം, ദില്ലി ചലോ മാർച്ചിനെ പിന്തുണയ്ക്കാൻ കർണാടക, മധ്യപ്രദേശ് എന്നിവയുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി കർഷകരെ കസ്‌റ്റഡിയിലെടുത്തതായി പ്രമുഖ കർഷക നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാൾ ആരോപിച്ചു.
സംയുക്ത കിസാൻ മോർച്ചയോട് കൂറ് പുലർത്തി മധ്യപ്രദേശിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന നിരവധി കർഷകരെ ഭോപ്പാലിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് ദല്ലേവാൾ അവകാശപ്പെട്ടു. "ഒരു വശത്ത്, അവർ (കേന്ദ്രം) ഞങ്ങളുമായി ചർച്ചകൾ നടത്തുന്നു, മറുവശത്ത് അവർ നമ്മുടെ ആളുകളെ തടവിലാക്കുന്നു." എന്നായിരുന്നു ദല്ലേവാളിന്റെ പ്രതികരണം.
മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക ലക്ഷ്യമിട്ട് കൊണ്ടാണ് ഫെബ്രുവരി 13ന് 200ലധികം കർഷക യൂണിയനുകൾ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നതെന്ന് സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്‌ദൂർ മോർച്ചയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications