കര്‍ഷക സമരം; സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു, ആകെ നാല് മരണം
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. സിംഗുവില്‍ സമരം ചെയ്യുന്ന പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിംഗ് എന്ന കര്‍ഷകനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ സിംഗുവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി. പഞ്ചാബിലെ ഫത്തേഗ്രാം സ്വദേശിയാണ്.

കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് അമരീന്ദര്‍ സിംഗ് വിഷം കഴിച്ചത്. ഉടന്‍ തന്നെ സോനപേട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഹരിയാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. സമരത്തിന് പിന്നാലെ എട്ട് തവണ കാര്‍ഷിക സംഘടനകളുടെ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. എന്നാല്‍ നിയമം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
അതേസമയം, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയും കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് കര്‍ഷകര്‍ യോഗത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ജനുവരി 15ന് വീണ്ടും കേന്ദ്രം കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും.
നിയമങ്ങള്‍ പിന്‍വലിക്കാതെ ഇപ്പോള്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ കേന്ദ്രത്തെ അറിയിച്ചു. വീട്ടിലേക്കുള്ള മടക്കം നിയമം പിന്‍വലിക്കുമ്പോള്‍ മാത്രമായിരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications