മോദിയ്ക്ക് മണിഓര്‍ഡറുകളുമായി കര്‍ഷകര്‍... 17 രൂപയുടെ 'ചായക്കാശ്' തങ്ങള്‍ക്ക് വേണ്ടെന്ന്
Recommended Video

തഞ്ചാവൂര്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ചെറിയ രീതിയില്‍ എങ്കിലും ആശ്വാസം നല്‍കാന്‍ ആണ് ഈ പ്രഖ്യാപനം എന്നാണ് പറയുന്നത്.
എന്നാല്‍ പ്രതിവര്‍ഷം ആറായിരം രൂപ എന്നത് കര്‍ഷകരെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, അതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്.
പ്രതിവര്‍ഷം ആറായിരം രൂപ എന്നത് പ്രതിദിനം ശരാശരി 17 രൂപയാണ് വരിക. ഈ തുക കൊണ്ട് ചായ കുടിക്കാന്‍ മാത്രമേ പറ്റൂ എന്നാണ് കര്‍ഷകരുടെ ആക്ഷേപം. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള കര്‍ഷകര്‍ 17 രൂപ വീതം പ്രധാനമന്ത്രിയ്ക്ക് മണി ഓര്‍ഡര്‍ അയച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.

തമിഴ്‌നാട് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ഉപാധ്യക്ഷന്‍ സുകുമാരന്റെ നേതൃത്വത്തില്‍ നാല്‍പതില്‍ പരം കര്‍ഷകരാണ് പ്രധാനമന്ത്രിയ്ക്ക് മണി ഓര്‍ഡര്‍ അയച്ചത്. തഞ്ചാവൂര്‍ പോസ്റ്റ് ഓഫീസില്‍ സംഘമായി എത്തിയിട്ടായിരുന്നു ഇത്.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനും വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കാനും ആണ് കര്‍ഷകര്‍ നാളുകളായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ളതായിരുന്നു ബജറ്റ് എന്നാണ് കര്‍ഷകരുടെ ആക്ഷേപം. പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുകയല്ല, മറിച്ച് സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത് എന്നാണ് കര്‍ഷകര്‍ പറയുന്നത്.












Click it and Unblock the Notifications