'ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കും'; വാഗ്‌ദാനം ആവർത്തിച്ച് ഫാറൂഖ് അബ്‌ദുള്ള
ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്‌ദാനം ആവർത്തിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ള. ഈ മാറ്റം ഉടൻ ഉണ്ടാവുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. "ഇൻഷാ അള്ളാ, സംസ്ഥാന പദവി ഉടൻ നടപ്പിലാകും. അത് വരും" ഫാറൂഖ് അബ്‌ദുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യ-പാകിസ്ഥാൻ ബന്ധം മെച്ചപ്പെടുന്നത് ജമ്മു കശ്‌മീരിന് നല്ലതാണെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാൽ അത് ഞങ്ങൾക്ക് വളരെ നല്ല കാര്യമാണെന്ന് ജമ്മു കശ്‌മീർ നിയമസഭയ്ക്ക് പുറത്ത് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറയുകയുണ്ടായി. പാക് അധീന കശ്‌മീരിനെ കുറിച്ചുള്ള വിദേശകാര്യ മന്ത്രിയുടെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ലണ്ടനിലെ ചാത്തം ഹൗസ് തിങ്ക് ടാങ്കിൽ നടന്ന ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. പാകിസ്ഥാൻ നിയമവിരുദ്ധമായി അധിനിവേശം നടത്തിയിരിക്കുന്ന ഭാഗം തിരികെ നൽകിയാൽ കശ്‌മീർ തർക്കം പരിഹരിക്കപ്പെടുമെന്ന് ജയശങ്കർ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പാകിസ്ഥാൻ ഇത് തള്ളുകയാണ് ചെയ്‌തത്.
നേരത്തെ വിഷയത്തിൽ ജയശങ്കറിന്റെ പരാമർശത്തിൽ ഫാറൂഖ് അബ്‌ദുള്ളയുടെ മകനും മുഖ്യമന്ത്രിയുമായ ഒമറും സഭയിൽ തന്നെ മറുപടി നൽകിയിരുന്നു. "പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കശ്‌മീരിന്റെ ഭാഗം തിരിച്ചുകൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രി പറയുന്നു. നമ്മൾ എപ്പോഴെങ്കിലും അവരെ തടഞ്ഞിട്ടുണ്ടോ? കേന്ദ്ര സർക്കാരിന് അത് തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ ഇപ്പോൾ അത് ചെയ്യൂ" എന്നായിരുന്നു ഒമർ പറഞ്ഞത്.
ഇതേ അഭിപ്രായം തന്നെയാണ് സഭയിൽ ഫാറൂഖ് അബ്‌ദുള്ളയും പങ്കുവച്ചത്. അതിനിടെ മേഖലയിലെ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് സംസ്ഥാന പദവിയിൽ ഫാറൂഖ് അബ്‌ദുള്ളയുടെ അഭിപ്രായപ്രകടനം. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി അടുത്തിടെ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ വിമർശിക്കുകയും നിലവിലെ രാഷ്ട്രീയ വെല്ലുവിളികൾക്ക് അവരാണ് ഉത്തരവാദിയെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു.
അതിനിടെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജമ്മു കശ്‌മീർ നിയമസഭയെ ബജറ്റ് സമ്മേളനത്തിൽ അഭിസംബോധന ചെയ്യവേ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു പറഞ്ഞിരുന്നു. സമാധാനം, സ്ഥിരത, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രക്രിയ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications