വര്‍ഷങ്ങളെടുത്താലും ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരില്‍ പുന:സ്ഥാപിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നത് ജനങ്ങളുടെ ആവശ്യമാണ്. കശ്മീരിന്റെ പ്രത്യേക അധികാരം തീര്‍ച്ചയായും തിരിച്ചുകൊണ്ടുവരും. വര്‍ഷങ്ങള്‍ അതിനായി എടുക്കുമെന്ന് അറിയാം. എത്ര വര്‍ഷമെടുത്താലും പ്രത്യേക നിയമം കൊണ്ടുവരുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
നേരത്തെ ബിജെപി ഉള്ള കാലത്തോളം ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുക അസാധ്യമായ കാര്യമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഫാറൂഖ് അബ്ദുള്ള നല്‍കിയിരിക്കുന്നത്.

ബിജെപി എത്ര വര്‍ഷമെടുത്താണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുന്നത്. അതേ കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്. അതുകൊണ്ട് തന്നെ ആ പ്രത്യേകാധികാരം പുനസ്ഥാപിക്കാനും ഞങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വരും. പക്ഷേ തീര്‍ച്ചയായും ഞങ്ങള്‍ അത് പുനസ്ഥാപിക്കുക തന്നെ ചെയ്യും. ഇത് ജമ്മു കശ്മീരിലെ മൊത്തം ജനങ്ങളുടെ ശബ്ദമാണ്. ഇത് ജനങ്ങളുടെ ശബ്ദമാണെന്നും ഫാറൂഖ് അബ്ദുള്ള ബാരാമുള്ള ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
ബിജെപി പറഞ്ഞിരുന്നത് ആര്‍ട്ടിക്കിള്‍ 370 ആണ് തീവ്രവാദത്തിന്റെ മൂലകാരണമെന്നാണ്. എന്നാല്‍ ആ പ്രത്യേകാധികാരം റദ്ദാക്കിയിട്ടും ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണം നടക്കുന്നുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരില്‍ തീവ്രവാദത്തിന് കാരണമാകുന്നുവെന്നാണ്. ഇപ്പോള്‍ അതേ ബിജെപിയോട് ചോദിക്കാനുള്ളത് ഈ തീവ്രവാദം എവിടെ നിന്നാണ് ഇപ്പോള്‍ വരുന്നതെന്നാണ്. അവര്‍ അതിന് ഉത്തരം നല്‍കട്ടെ. കേന്ദ്ര സര്‍ക്കാരാണ് ജമ്മു കശ്മീരില്‍ നടക്കുന്ന ഈ തീവ്രവാദ ആക്രമണത്തിന് അടക്കം ഉത്തരവാദി.
കാണ്ഡഹാര്‍ വിമാനറാഞ്ചലിന് ആരാണ് ഉത്തരവാദി? മസൂദ് അസ്ഹറിനെ പോലുള്ളവരാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തീവ്രവാദികളെ വിട്ടയക്കരുതെന്ന് ഞാന്‍ കേന്ദ്രത്തോട് മുമ്പ് പറഞ്ഞിരുന്നതാണ്. എന്നാല്‍ അവര്‍ കേട്ടില്ല. ജമ്മു കശ്മീരില്‍ നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും ഫാറൂഖ് അബ്ദുള്ള ആരോപിച്ചു.
നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് ജനങ്ങളുടെ ചോര കുടിക്കുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് വികാര്‍ റസൂല്‍ വാനി പറഞ്ഞിരുന്നു. ഇതിനും ഫാറൂഖ് അബ്ദുള്ള മറുപടി നല്‍കി. വാനിയുടെ പ്രതികരണം കാര്യമാക്കുന്നില്ല. അത് സഖ്യത്തെ ബാധിക്കില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ളതെന്തും പറയട്ടെ, ഞാനാരെയും തടയില്ല.
വാനിയുടെ പാര്‍ട്ടി ഞങ്ങള്‍ക്ക് ഒപ്പമാണ്. ഞങ്ങള്‍ സഖ്യത്തിലാണ്. ഈ സഖ്യം അദ്ദേഹം ഇല്ലെങ്കിലും തുടരുമെന്ന് ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. നേരത്തെ ജമ്മു കശ്മീരിലെ ഹിന്ദു വോട്ടര്‍മാരെ ഭയപ്പെടുത്തി വോട്ട് നേടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications