ആദ്യം അയോധ്യ, പിന്നാലെ ബദരീനാഥും കൈവിട്ട് ബിജെപി; ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേരിടേണ്ടി വന്ന വൻ തിരിച്ചടിയെ കാറ്റിൽ പറത്തി കൊണ്ട് ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പിൽ മുന്നേറ്റവുമായി കോൺഗ്രസ്. ഇന്ന് ഫലം പ്രഖ്യാപിച്ച സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ബദരീനാഥ്, മംഗ്ലൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ലഖ്‍പത് സിംഗ് ബുട്ടോള ബദരീനാഥ് സീറ്റും ഖാസി നിസാമുദ്ദീൻ മംഗ്ലൂർ സീറ്റുമാണ് ജയിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ബദരീനാഥിൽ ആദ്യഅങ്കത്തിന് ഇറങ്ങിയ ബുട്ടോളയ്ക്ക് 27,696 വോട്ടുകൾ ലഭിച്ചു, ബിജെപിയുടെ രാജേന്ദ്ര സിംഗ് ഭണ്ഡാരിയെ 5,095 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. മൂന്ന് തവണ എംഎൽഎയും മുൻ മന്ത്രിയുമായ ഭണ്ഡാരി 22,601 വോട്ടുകളാണ് നേടിയത്. കോൺഗ്രസ് വിട്ട ഭണ്ഡാരി ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ബദരീനാഥ് സീറ്റിൽ മത്സരം നടന്നത്.

നേരത്തെ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് സീറ്റിൽ ബിജെപി ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെ തുണയാകുമെന്ന പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന ബിജെപിയുടെ തലയ്‌ക്കേറ്റ അടിയായിരുന്നു അവിടുത്തെ തോൽവി. ഇതിന് പിന്നാലെയാണ് മറ്റൊരു സുപ്രധാന ദേവഭൂമിയായി കണക്കാക്കുന്ന ബദരീനാഥിലും അവർക്ക് അടിതെറ്റുന്നത്.
ഗർവാൾ ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന 14 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ബദരീനാഥും. ഇതിൽ ബദരീനാഥ് ഒഴികെ ബാക്കി സീറ്റുകൾ എല്ലാം ബിജെപിയാണ് കൈവശം വച്ചിരിക്കുന്നത്. അത് തന്നെയാണ് കോൺഗ്രസിനെ സംബന്ധിച്ച് ഈ ജയം കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നത്. പ്രത്യേകിച്ച കോൺഗ്രസ് വിട്ട ഒരു മുതിർന്ന നേതാവിനെ മത്സര രംഗത്തിറക്കിയ ബിജെപി നയം മുളയിലേ നുള്ളാൻ അവർക്കായി.
കോൺഗ്രസിനാവട്ടെ ഇത് തിരിച്ചുവരവിന്റെ തിരഞ്ഞെടുപ്പ് ഫലമാണെന്ന് നിസംശയം പറയാം. ബദരീനാഥിന് പുറമെ സംസ്ഥാനത്ത് ഉപ തിരഞ്ഞെടുപ്പ് നടന്ന മംഗ്ലൂർ മണ്ഡലത്തിൽ മൂന്ന് തവണ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ നിസാമുദ്ദീൻ ബിജെപിയുടെ കർത്താർ സിംഗ് ഭദാനയ്‌ക്കെതിരെ 422 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ജയമുറപ്പിച്ചത്. രണ്ടിടത്തും ബിജെപി തന്നെയായിരുന്നു കോൺഗ്രസിന്റെ മുഖ്യ എതിരാളി.
ഉത്തരാഖണ്ഡ് പ്രത്യേക സംസ്ഥാനമായി രൂപീകരിച്ചതിന് ശേഷം ഇതുവരെ ബിജെപി വിജയിച്ചിട്ടില്ലാത്ത മണ്ഡലമായ മംഗ്ലൂരിൽ കോൺഗ്രസ് ജയം ഉറപ്പായിരുന്നു. നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന കോൺഗ്രസിനും ഇന്ത്യ സഖ്യത്തിന് ഇപ്പോഴത്തെ ഫലം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.












Click it and Unblock the Notifications