സിക്കിമില്‍ മിന്നല്‍ പ്രളയം: ടീസ്ത നദിയില്‍ വെള്ളപ്പൊക്കം, 22 സൈനികരെ കാണാതായതായി റിപ്പോർട്ട്
ഗ്യാങ്ടോക്ക്: സിക്കിമില്‍ മിന്നല്‍ പ്രളയം. ടീസ്ത നദി നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് 23 സൈനികരെ കാണാതായതായെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇവർ പ്രളയത്തില്‍ അകപ്പെട്ടെന്ന സംശയത്തെ തുടർന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ തീസ്ത നദിയുടെ തീരത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിന് അടിയിലായി.
കാണാതായ സൈനികരെ കണ്ടെത്താൻ വൻ തിരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചു. ലാചെൻ താഴ്‌വരയിലെ ചില സ്ഥാപനങ്ങളെ പ്രളയം വലിയ തോതില്‍ ബാധിച്ചതായി ആർമിയുടെ ഈസ്റ്റേൺ കമാൻഡിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. "ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് ജലനിരപ്പ് പെട്ടെന്ന് 15-20 അടി വരെ ഉയരാൻ കാരണമായി. ഇത് സിങ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങളെ ബാധിച്ചു. 23 ഉദ്യോഗസ്ഥരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും റിപ്പോർട്ടുണ്ട്. ചെളിയുടെ അടിയിൽ തിരച്ചിൽ നടക്കുന്നു," സൈന്യം പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ രാത്രി മുതല്‍ സിക്കിമിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനം കാരണം തടാകം കവിഞ്ഞൊഴുകുകയും ടീസ്ത നദിയിലെ ജലനിരപ്പ് ഉയർത്തുകയും ചെയ്തു. സിക്കിമിലൂടെയും പശ്ചിമ ബംഗാളിലൂടെയും ഒഴുകി ബംഗ്ലാദേശിലേക്ക് കടക്കുന്ന നദിയാണ് ടീസ്ത.
സിക്കിം സർക്കാർ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകട സാധ്യത മേഖലയില്‍ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകൾ ഒലിച്ചുപോയതിന്റെയും നദി കരകവിഞ്ഞൊഴുകുന്നതിന്റെയും നിരവധി ദൃശ്യങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുറത്ത് വന്നിട്ടുണ്ട്.
"ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പൊതു സ്വത്തിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സിംഗ്ടമിൽ ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്," മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു. ചില അപകട മേഖലകള്‍ മുഖ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. "നമ്മുടെ സംസ്ഥാനത്തെ ബാധിച്ച സമീപകാല പ്രകൃതി ദുരന്തത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര സേവനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പ്രാദേശിക സമൂഹവുമായി ഇടപഴകുന്നതിനും ഞാൻ വ്യക്തിപരമായി സിംഗ്താം സന്ദർശിച്ചു," മുഖ്യമന്ത്രി കുറിച്ചു.
സിക്കിമിലെ ചുങ്താങ്ങിലെ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്ത നിറഞ്ഞ് കവിയുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും അറിയിച്ചു. "ഗസോൾഡോബ, ദോമോഹാനി, മെഖലിഗഞ്ച്, ഗിഷ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെ ഇത് ബാധിച്ചേക്കാം. ദയവായി ജാഗ്രത പാലിക്കുക," കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications