വിമാനങ്ങള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണി; ഡല്‍ഹിയില്‍ യുവാവ് അറസ്റ്റില്‍, ഭീഷണി പ്രശസ്തിക്കായി മാത്രം
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണിയില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നുള്ള 25കാരനാണ് അറസ്റ്റിലായിരിക്കുന്നത്. വിമാനങ്ങള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണിയില്‍ ഇത് രണ്ടാമത്തെ മാത്രം അറസ്റ്റാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ ലഭിച്ച വ്യാജ സന്ദേശവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ഉത്തംനഗര്‍ സ്വദേശി ശുഭമാണ് അറസ്റ്റിലായത്.
ഇയാള്‍ നിലവില്‍ നടക്കുന്ന ഭീഷണികളുടെ വാര്‍ത്ത കേട്ട് ശ്രദ്ധ നേടാന്‍ നടത്തിയതാണ് വ്യാജ ബോംബ് ഭീഷണിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ടിവിയിലൂടെ വ്യാജ ബോംബ് ഭീഷണികളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രശസ്തിക്കായി താനും ഭീഷണി സന്ദേശം അയക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ഒക്ടോബര്‍ 14 മുതല്‍ നേരിട്ട വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് 275 വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്. മുംബൈ പോലീസ് നേരത്തെ സംഭവത്തില്‍ പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ച പുലര്‍ച്ചെ സമയത്തുമായി രണ്ട് ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഭീഷണി സന്ദേശം വന്ന അക്കൗണ്ട് ശുഭം ഉപാധ്യായ എന്ന യുവാവിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. പശ്ചിമ ഡല്‍ഹിയിലെ ഉത്തം നഗര ഏരിയയിലെ രാജാപുരി സ്വദേശിയാണ് ഇയാള്‍. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം മൊഴിയെടുക്കുകയായിരുന്നു.
ശുഭം തൊഴില്‍രഹിതനാണെന്നും, പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എല്ലാ സുരക്ഷാ നടപടികളും എടുത്തിട്ടുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. സംശയാസ്പദമായ കാര്യങ്ങള്‍ അറിഞ്ഞാല്‍ അറിയിക്കണമെന്നും, ജാഗ്രതയോടെ ഇരിക്കാനും ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം മുംബൈ പോലീസ് അറസ്റ്റ് ചെയ്ത പതിനേഴുകാരന്‍ നാല് വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം അയച്ചത്. സുഹൃത്തുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് യുവാവ് വ്യാജ സന്ദേശം അയച്ചത്. സുഹൃത്തിന്റെ പേരില്‍ വ്യാജ എക്‌സ് അക്കൗണ്ട് ഉണ്ടാക്കിയാണ് സന്ദേശം അയച്ചത്. ഇതിലൂടെ സുഹൃത്തിനെ കേസില്‍ കുടുക്കാനാണ് പതിനേഴുകാരന്‍ ലക്ഷ്യമിട്ടത്.
നേരത്തെ ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ അധികാരികള്‍ക്ക് കൈമാറണം. ഇല്ലെങ്കില്‍ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മാര്‍ഗ നിര്‍ദേശം.
മെറ്റയും, എക്‌സും അടക്കം അന്വേഷണത്തിന് സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷാ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications