തൈരിന്റെ പേര് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു; തമിഴ്‌നാട്ടില്‍ നിന്നുള്ള എതിര്‍പ്പ് ഫലിച്ചു
ചെന്നൈ: തൈരിന്റെ പേര് ഹിന്ദിയിലെ ദഹി എന്നാക്കി മാറ്റാനുള്ള ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നീക്കം ഉപേക്ഷിച്ചു. തൈരിന്റെ പാക്കറ്റില്‍ പേര് മാറ്റാനായിരുന്നു നീക്കം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പാല്‍ ഉല്‍പ്പാദക സംഘങ്ങളില്‍ നിന്നും ഈ നീക്കത്തിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ ഉല്‍പ്പാദക സംഘങ്ങളോട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പേര് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ഇംഗ്ലീഷില്‍ കര്‍ഡ് എന്നും തമിഴില്‍ തൈര് എന്നുമാണ് ഈ പാക്കറ്റുകളില്‍ സാധാരണ എഴുതാറുള്ളത്. പകരം ദഹി എന്ന് ഹിന്ദിയില്‍ എഴുതണമെന്നായിരുന്നു ആവശ്യം.

ഇത് മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമായിരുന്നു. വെണ്ണയ്ക്കും, നെയ്യിനുമെല്ലാം ഇത്തരത്തില്‍ ഹിന്ദിയില്‍ പേരെഴുതണമെന്നായിരുന്നു നിര്‍ദേശം. ഇത് വലിയ വിവാദമായി തമിഴ്‌നാട്ടില്‍ മാറുകയായിരുന്നു. വിവാദം ശക്തമായതോടെ തീരുമാനത്തില്‍ മാറ്റം വരുത്തുകയാമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടയില്‍ നിന്നുമുള്ള പാല്‍ ഉല്‍പ്പാദക സംഘങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനവും എതിര്‍പ്പും ഇക്കാര്യത്തില്‍ അതോറിറ്റി നേരിട്ടിരുന്നു.
കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള പാല്‍ ഉല്‍പ്പാദക സംഘങ്ങള്‍ നേരത്തെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് എതിര്‍പ്പറിയിച്ച് കത്തയച്ചിരുന്നു. പ്രാദേശിക ഭാഷയില്‍ തന്നെ പേര് തുടരാന്‍ അനുവദിക്കാനായിരുന്നു ആവശ്യം. കര്‍ഡ് എന്ന പേര് ഏത് ഭാഷയിലും ഉപയോഗിക്കാമെന്നും, ദഹി എന്നത് ഒരു പ്രത്യേക ഉല്‍പ്പന്നമാണെന്നും, അതിന് തൈരില്‍ നിന്ന് വ്യത്യസ്തമായ രുചിയാണ് ഉള്ളതെന്നും ഇവര്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ അറിയിച്ചു.
കുറച്ച് കൂടി കടുപ്പത്തിലായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്നായിരുന്നു സ്റ്റാലിന്‍ ആരോപിച്ചു.ഇത്തരം നടപടികള്‍ ദക്ഷിണേന്ത്യന്‍ ജനങ്ങളെ ഒറ്റപ്പെടത്തും. തൈരിന്റെ പാക്കറ്റില്‍ പോലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് എത്തിയിരിക്കുകയാണ്. തമിഴിനെയും, കന്നഡത്തെയും സ്വന്തം സംസ്ഥാനത്ത് താഴ്ത്തിക്കെട്ടാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ഞങ്ങളുടെ മാതൃഭാഷയോട് കാണിക്കുന്ന ഈ ദുഷ്പ്രവര്‍ത്തിക്ക് ഉത്തരവാദികളായവരെ ജനങ്ങള്‍ എക്കാലവും അകറ്റിനിര്‍ത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം ഈ തീരുമാനത്തെ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയും എതിര്‍ത്തു. തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭാഷകളെ വളര്‍ത്തിയെടുക്കാനുള്ള പ്രധാനമന്ത്രിയുടെ നയത്തിന് അനുസൃതമായിട്ടുള്ള തീരുമാനമല്ല ഇതെന്നും അണ്ണാമലൈ പറഞ്ഞു.
ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍












Click it and Unblock the Notifications