മമതയ്ക്ക് ചിഹ്നം ഫുട്‍ബോൾ താരം, വിമതർക്ക് കവർ; പുതിയ പേരുകളും അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ തർക്കത്തിന് പിന്നാലെ മമത ബാനർജി വിഭാഗത്തിന് പുതിയ പേര് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത നയിക്കുന്ന വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും ഫുട്ബോൾ താരമെന്ന ചിഹ്നവും കമ്മീഷൻ അനുവദിച്ചു. അതേസമയം അരൂപ് റോയ് നയിക്കുന്ന വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്ന പേരും കവറിന്റെ ചിഹ്നവും അനുവദിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കും പാർട്ടിയുടെ പേര് ഉപയോഗിക്കാനോ പൂവും പുല്ലും അടങ്ങിയ നിലവിലെ ചിഹ്നം ഉപയോഗിക്കാനോ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചത്.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗങ്ങളും വ്യത്യസ്‌ത പേരുകളിലും കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങളിലുമായിരിക്കും മത്സരിക്കുക.

പാർട്ടിയെ സംബന്ധിച്ച തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ക്രമീകരണം തുടരും. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന് ഇരു വിഭാഗങ്ങളും അവകാശപ്പെടുന്ന സാഹചര്യത്തിൽ പാർട്ടിയുടെ നിയന്ത്രണം സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതിനിടയിലാണ് ഈ താൽക്കാലിക നടപടി കമ്മീഷൻ പ്രഖ്യാപിച്ചത്. ഇന്ന് 11 മണി വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ സമയം അനുവദിച്ചിരുന്നു.
1968ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സംബന്ധിച്ച ഉത്തരവിലെ 15ാം ഖണ്ഡിക പ്രകാരമാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. അതുവരെ ഇരു വിഭാഗങ്ങൾക്കും തുല്യ പരിഗണന ലഭിക്കുന്ന തരത്തിലാണ് ഇടക്കാല ക്രമീകരണം ഏർപ്പെടുത്തിയതെന്നും കമ്മീഷൻ പറഞ്ഞു. പാർട്ടിയുടെ നിയന്ത്രണം, പേര്, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവ സംബന്ധിച്ച് ഇരു വിഭാഗങ്ങളും ഉന്നയിച്ച അവകാശവാദങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചുവരികയാണ്.
നടപടികളുടെ ഭാഗമായി ഇരു വിഭാഗങ്ങളും രേഖകൾ സമർപ്പിക്കുകയും കമ്മീഷന് മുന്നിൽ ഹാജരാകുകയും ചെയ്‌തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണം സംബന്ധിച്ച് ഇരു വിഭാഗങ്ങളും അവകാശവാദം ഉന്നയിച്ചതിനെ തുടർന്ന് ജൂലൈയിലാണ് വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലെത്തിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു പാർട്ടിയിൽ വിമത നീക്കം ഉടലെടുത്തത്.
തുടർന്ന് സംഘടനയുടെ നിയന്ത്രണം, അംഗീകൃത ഒപ്പിടുന്നവർ, പാർട്ടി സ്വത്തുക്കൾ, പാർട്ടിയുടെ പേര്, തിരഞ്ഞെടുപ്പ് ചിഹ്നം തുടങ്ങിയ വിഷയങ്ങളിൽ ഇരു വിഭാഗങ്ങളോടും കമ്മീഷൻ വിശദീകരണം തേടുകയായിരുന്നു. പശ്ചിമ ബംഗാളിൽ ഭരണം നഷ്‌ടമായതിന് പിന്നാലെയാണ് മമതയ്ക്ക് പാർട്ടിയിലെ പിളർപ്പിനെയും നേരിടേണ്ടി വരുന്നത്.


Click it and Unblock the Notifications
