ബീഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഭാരത രത്‌ന
ന്യൂഡല്‍ഹി: ബീഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഭാരത് രത്‌ന പുരസ്‌കാരം. മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശത്തിനായി പോരാടിയ ധീരനായ നേതാവെന്ന വിശേഷണം അദ്ദേഹത്തിനുണ്ടായിരുന്നു. ജന്മശതാബ്ദി വര്‍ഷത്തിലാണ് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കുന്നത്.
1970-71, 1977-79 വര്‍ഷങ്ങളിലായിട്ടാണ് കര്‍പ്പൂരി ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നത്. സാമൂഹിക നീതിയുടെ വെളിച്ചം എന്നാണ് കര്‍പ്പൂരി താക്കൂറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചത്. ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനും, ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഇടത്തില്‍ വലിയ മുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചുമെന്നും മോദി പറഞ്ഞു.

സാമൂഹിക നീതിയുടെ പ്രകാശ ദീപത്തിന് ഇത്തവണ ഭാരതരത്‌ന നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ തന്നെ ഇത്തരമൊരു പുരസ്‌കാരം പ്രഖ്യാപിക്കാനായി. അരികുവത്കരിക്കപ്പെട്ടവര്‍ക്ക് സമത്വവും അതുപോലെ ശാക്തീരണവും സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് സാധിച്ചു.
ഇത് കര്‍പ്പൂരി താക്കൂറിന്റെ സംഭാവനകള്‍ ഉള്ള അംഗീകാരം മാത്രമല്ല, നമ്മളെ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദിപ്പിക്കുക കൂടി ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ബീഹാറിലെ രാഷ്ട്രീയ മണ്ഡലത്തിലെ സ്വാധീന ശക്തികളിലൊരാളായിരുന്നു കര്‍പ്പൂരി താക്കൂര്‍. ഉത്തരേന്ത്യയിലും അദ്ദേഹം സാമൂഹിക നീതിയുടെ പേരില്‍ പ്രശസ്തനായിരുന്നു.
ഗോകുല്‍ താക്കൂറിന്റെയും രാംദുലാരി ദേവിയുടെയും മകനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതോഞ്ചിയ ഗ്രാമത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. കര്‍പ്പൂരി ഗ്രാമമെന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ജനസേവനത്തിനുള്ള സമ്മാനമെന്നോണമാണ് അദ്ദേഹത്തെ തേടി ബീഹാറിലെ മുഖ്യമന്ത്രി പദമെത്തിയത്.
സോഷ്യലിസ്റ്റായി അറിയപ്പെട്ടിരുന്ന താക്കൂറിന്റെ മുഖ്യമന്ത്രി കാലയളവ് ബീഹാറിന്റെ സുവര്‍ണ നാളുകളായിട്ടാണ് അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഏറെ ഗുണങ്ങള്‍ ലഭിച്ചിരുന്നു. റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളാണ് കര്‍പ്പൂരി താക്കൂറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെടുത്തത്.
സംവരണത്തിനായി കര്‍പ്പൂരി താക്കൂര്‍ ഫോര്‍മുല തന്നെ അദ്ദേഹം കൊണ്ടുവന്നിരുന്നു. സര്‍ക്കാര്‍ സര്‍വീസുകളില്‍ മതിയായ പ്രാതിനിധ്യം പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കുന്നതായിരുന്നു ഈ ഫോര്‍മുല. ബീഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി 26 ശതമാനം സംവരണം അദ്ദേഹം 1978ല്‍ കൊണ്ടുവന്നിരുന്നു. ഇതാണ് മണ്ഡല്‍ കമ്മീഷന്‍ നിര്‍ദേശങ്ങളെ പോലും സ്വാധീനിച്ചത്.
പിന്നോക്ക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതില്‍ ഈ തീരുമാനം വിജയകരമായി. അതിനൊപ്പം തന്നെ പ്രാദേശിക പാര്‍ട്ടികളും ഹിന്ദി ഹൃദയഭൂമിയില്‍ കരുത്താര്‍ജിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയം തന്നെ മാറ്റിമറിച്ചത് ഈ തീരുമാനമാണ്. നിരവധി സ്‌കൂളുകളും കര്‍പ്പൂരി താക്കൂര്‍ പിന്നാക്ക മേഖലയില്‍ സ്ഥാപിച്ചു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. ഇംഗ്ലീഷ് നിര്‍ബന്ധിത സബ്ജക്ടാക്കി മാറ്റുകയും ചെയ്തു.












Click it and Unblock the Notifications