'ജഡ്‌ജി നിയമനങ്ങളിൽ മുൻ ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് സർക്കാരിനോട് വിധേയത്വം കാട്ടി'; ജസ്‌റ്റിസ്‌ കൗൾ

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജഡ്‌ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനോട് അമിതമായ വിധേയത്വം പുലർത്തിയിരുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി സഞ്ജയ് കിഷൻ കൗൾ. കൊളീജിയം യോഗം ചേരുന്നതിന് മുമ്പുതന്നെ ചില നിയമനങ്ങളിൽ സർക്കാരിന്റെ അനുമതി തേടിയിരുന്നുവെന്നും ന്യൂനപക്ഷ മതത്തിൽപ്പെട്ട ഒരു ജഡ്‌ജിയെക്കുറിച്ച് സർക്കാർ ഉന്നയിച്ച വിചിത്രമായ ചോദ്യവും അദ്ദേഹം ഒരിക്കൽ മുന്നോട്ടുവെച്ചിരുന്നുവെന്നും കൗൾ വെളിപ്പെടുത്തുന്നു.

ഈ മാസം അവസാനം ജഗർനട്ട് പ്രസിദ്ധീകരിക്കുന്ന 'വിത്തൗട്ട് ഫിയർ ഓഫ് ഫേവർ' എന്ന ആത്മകഥയിലാണ് ചന്ദ്രചൂഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് കൗൾ വിശദീകരിക്കുന്നത്. അധികാരം കൈവശമുള്ള രാഷ്ട്രീയ നേതൃത്വം കൂടുതൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുമ്പോൾ അതിനോട് എങ്ങനെ ഇടപെടണം എന്ന വിഷയം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സംഘർഷമുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

dy chandrachud

2023 ഡിസംബറിൽ വിരമിച്ച കൗൾ, ചീഫ് ജസ്‌റ്റിസിന് ശേഷം സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്‌ജിയായിരുന്ന കാലത്ത് 14 മാസം ആ പദവിയിൽ സേവനമനുനുഷ്‌ഠിച്ചിരുന്നു. ഇന്ത്യൻ എക്‌സ്പ്രസാണ് ആത്മകഥയുടെ പ്രസിദ്ധീകരണത്തിന് മുമ്പുള്ള കൈയെഴുത്തുപ്രതിയിലെ ഈ വെളിപ്പെടുത്തലുകൾ റിപ്പോർട്ട് ചെയ്‌തത്‌. സർക്കാർ ഇടപെടലുകൾക്കെതിരെ കൗൾ പലതവണ ശക്തമായി നിലപാടെടുത്തിരുന്നുവെന്നും ഒരിക്കൽ പ്രതിഷേധിച്ച് മുറിയിൽനിന്ന് ഇറങ്ങിപ്പോയെന്നും പുസ്‌തകത്തിൽ പറയുന്നു.

അതേസമയം, കേന്ദ്ര സർക്കാരിനെതിരായ കൗളിന്റെ വിമർശനത്തിന് ചില വിശദീകരണങ്ങളുമുണ്ട്. ശക്തമായ നിലപാടെടുക്കുന്ന ജഡ്‌ജിമാരെ സർക്കാരിന് കൂടുതൽ ബഹുമാനമാണെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം എഴുതുന്നു. സ്വയം വിശ്വസിക്കുന്ന ജഡ്‌ജിമാരെയാണ് സർക്കാർ ബഹുമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോടതികൾ ശക്തമായി നിലപാടെടുത്തപ്പോൾ സർക്കാർ ശുപാർശകൾ അംഗീകരിച്ച നിരവധി സംഭവങ്ങളും അദ്ദേഹം പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്.

എന്നാൽ കോടതികൾക്ക് വ്യക്തമായ പരിധികളുണ്ടെന്നും കൗൾ ഓർമിപ്പിക്കുന്നു. ഭരണകൂടത്തിന് ഇഷ്‌ടപ്പെടാത്ത നിലപാട് സ്വീകരിക്കാൻ കോടതിക്ക് കഴിയുമെങ്കിലും പ്രതിപക്ഷത്തിന്റെ പിന്നണിപ്പോരാളിയായി പ്രവർത്തിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റഫാൽ യുദ്ധവിമാന ഇടപാടിനെതിരായ ഹർജി തള്ളിയ കേസും അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ എതിർക്കുന്നവർ കോടതി തങ്ങളുടെ സഹായത്തിനെത്തണമെന്ന് പ്രതീക്ഷിച്ചേക്കാം. എന്നാൽ അത് കോടതിയുടെ ചുമതലയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ നീതിന്യായ സംവിധാനവും കേന്ദ്ര സർക്കാരും തമ്മിൽ ഉണ്ടായ ഏറ്റവും വലിയ തർക്കങ്ങളിലൊന്നായ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ സംബന്ധിച്ച വിഷയത്തിലും കൗൾ വേറിട്ട നിലപാട് പങ്കുവച്ചു. ജഡ്‌ജിമാരുടെ നിയമനത്തിൽ സർക്കാരിന് വീറ്റോ അധികാരം നൽകുന്ന വ്യവസ്ഥകളുള്ള ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനെ 2015ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാൽ ആ സംവിധാനം ഉടൻ തള്ളിക്കളയുന്നതിനുപകരം പ്രവർത്തിക്കാൻ അവസരം നൽകണമായിരുന്നുവെന്നാണ് കൗളിന്റെ അഭിപ്രായം.

ജഡ്‌ജിമാരുടെ നിയമനത്തിൽ സർക്കാരിന് അഭിപ്രായം പറയാൻ അവസരം നൽകുന്നതല്ല തന്റെ എതിർപ്പിന് കാരണമെന്നും അത് എങ്ങനെയാണ് ചെയ്യുന്നതെന്നതാണ് പ്രധാനമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കൊളീജിയം ഔദ്യോഗികമായി ചർച്ച നടത്തുന്നതിന് മുമ്പ് തന്നെ സർക്കാരിന്റെ മുൻകൂർ അനുമതി തേടുന്നത് കൂടിയാലോചനയല്ലെന്നും അത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം എഴുതുന്നു.

രാഷ്ട്രീയ നേതൃത്വം അധികാരത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും അതിന് അവസരം നൽകുന്ന ചെറിയ വിടവുപോലും പിന്നീട് വലിയ ഇടപെടലുകൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇത് ഏതെങ്കിലും രാഷ്ട്രീയപക്ഷത്തെ പിന്തുണയ്ക്കുന്നതോ എതിർക്കുന്നതോ സംബന്ധിച്ച വിഷയമല്ല, അധികാരത്തിന്റെ സ്വാഭാവിക പ്രവർത്തനരീതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ചന്ദ്രചൂഡിനെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ കൗൾ ആത്മകഥയിൽ വിശദീകരിക്കുന്നത്. 2022 ജൂണിൽ കൊളീജിയത്തിൽ അംഗമായതിനു ശേഷം സർക്കാരിനെ നേരിടുമ്പോൾ ഇരുവരും ഒരുമിച്ച് നിലപാടെടുക്കണമെന്ന് താൻ നിർദേശിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചീഫ് ജസ്‌റ്റിസ് അല്ലാത്തതിനാൽ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം കരുതിയിരുന്നു. ഇരുവരും ചേർന്ന് സർക്കാരുമായി ഇടപെടുന്ന രീതിയായിരുന്നു കൗൾ നിർദേശിച്ചത്.

തന്റെ നിലപാട് സർക്കാരിന് അറിയാമായിരുന്നുവെന്നും തന്നെ എളുപ്പത്തിൽ വഴങ്ങുന്നയാളായോ അവഗണിക്കാവുന്നയാളായോ സർക്കാർ കണ്ടിരുന്നില്ലെന്നും കൗൾ എഴുതുന്നു. എന്നാൽ ചില അപവാദങ്ങൾ ഒഴിച്ചാൽ ചന്ദ്രചൂഡ് സർക്കാരുമായുള്ള ബന്ധം സ്വന്തം നിലയിൽ തന്നെ കൈകാര്യം ചെയ്യാനാണ് ഇഷ്‌ടപ്പെട്ടിരുന്നതെന്നും അദ്ദേഹം പറയുന്നു.

ആറ് ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള ആദ്യ പ്രധാന കൊളീജിയം നടപടിക്കിടെയാണ് അഭിപ്രായവ്യത്യാസം കൂടുതൽ വ്യക്തമായതെന്ന് കൗൾ വിവരിക്കുന്നു. അഞ്ച് പേരുടെ കാര്യത്തിൽ അംഗങ്ങൾ നേരത്തേ ധാരണയിലെത്തിയിരുന്നു. എന്നാൽ യോഗത്തിലേക്ക് പോകുന്നതിനിടെ ചന്ദ്രചൂഡ് ആറാമതൊരു പേര് നിർദേശിച്ചു. മറ്റ് ജഡ്‌ജിമാർ ഇതിനെ എതിർത്തു. ആ പേര് സർക്കാരിന്റെ നിർദേശപ്രകാരമായിരിക്കാമെന്ന് തനിക്ക് സംശയം തോന്നിയെന്നും കൗൾ പറയുന്നു. വിഷയത്തിൽ ചന്ദ്രചൂഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma