മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍; കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം
മുംബൈ: കോണ്‍ഗ്രസ് വിട്ട് 24 മണിക്കൂര്‍ തികയും മുമ്പ് ബിജെപിയിലെത്തി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍. കോണ്‍ഗ്രസിന്റെ മുന്‍ എംപി കൂടിയാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളാണ് അദ്ദേഹം. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലും ചേര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക ചവാന്‍ നാളെ സമര്‍പ്പിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭാ സീറ്റ് കിട്ടില്ലെന്ന സൂചനയാണ് കളംമാറാന്‍ ചവാനെ പ്രേരിപ്പിച്ചത്. ബിജെപി അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചുള്ള നിര്‍ണായക തീരുമാനങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എടുക്കുമെന്നായിരുന്നു അശോക് ചവാന്‍ തിങ്കളാഴ്ച്ച പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ താന്‍ ബിജെപിക്കൊപ്പം പുതിയ രാഷ്ട്രീയ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചുവെന്നും ചവാന്‍ വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണിത്. പാര്‍ട്ടിയില്‍ പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. നേരത്തെ മുംബൈ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ മിലിന്ദ് ദേവ്‌റയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ശിവസേനയിലായിരുന്നു അദ്ദേഹം ചേര്‍ന്നത്. നേരത്തെ അജിത്ത് പവാറിന്റെ എന്‍സിപിയില്‍ ബാബാ സിദ്ദിഖും ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയുമായുള്ള പ്രശ്‌നങ്ങളാണ് അശോക് ചവാന്‍ പാര്‍ട്ടി വിടാനുള്ള കാരണമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. മഹാവികാസ് അഗാഡിയില്‍ സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനം വൈകുന്നതും ചവാനെ ചൊടിപ്പിച്ചിരുന്നു. മാസങ്ങള്‍ മാത്രം തിരഞ്ഞെടുപ്പിന് ശേഷിക്കുന്നുള്ളൂ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒട്ടും ഗൗരവമില്ലെന്നാണ് ചവാന്‍ ആരോപിച്ചിരുന്നത്.
മഹാരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രവര്‍ത്തന ശൈലിയില്‍ അശോക് ചവാന്‍ അസംതൃപ്തിയിലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തെ ചവാന്‍ സമീപിച്ചിരുന്നു. ഈ പരാതി ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാവില്ലായിരുന്നുവെന്നും സഞ്ജയ് നിരുപം വ്യക്തമാക്കി.
അതേസമയം പ്രത്യയശാസ്ത്രപരമായി പാര്‍ട്ടിയോട് കൂറില്ലാത്തവരാണ് പാര്‍ട്ടി വിട്ടത്. ഇത് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് എല്ലാ കാര്യങ്ങളും ലഭിച്ച ശേഷവും പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും ഒരാള്‍ വിട്ട് പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.












Click it and Unblock the Notifications