ഇന്ത്യന്‍ ടീമിന്റെ മുന്‍ ഓപ്പണര്‍ ചേതന്‍ ചൗഹാന്‍ അന്തരിച്ചു, കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ചേതന്‍ ചൗഹാന്‍ അന്തരിച്ചു. അദ്ദേഹത്തിന് 73 വയസ്സായിരുന്നു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ക്രിക്കറ്റ് താരമായി മാത്രമല്ല രാഷ്ട്രീയക്കാരനായും ചൗഹാന്‍ തിളങ്ങിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു അദ്ദേഹം. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലായിരുന്നു ചേതന്‍ ചൗഹാനെ പ്രവേശിപ്പിച്ചിരുന്നത്. ജൂലായ് 12നായിരുന്നു ഇത്. ഇവിടെ നിന്ന് പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കും മാറ്റി.

കഴിഞ്ഞ ദിവസം ചൗഹാന്റെ ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെ അദ്ദേഹത്തിന് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ കടുക്കുകയായിരുന്നു. അവയങ്ങളുടെ പ്രവര്‍ത്തനങ്ങളും തകരാറിലായി. തുടര്‍ന്നാണ് ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറിയത്. അദ്ദേഹം പ്രതിസന്ധികളോട് പോരാടി കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് ചേതന്‍ ചൗഹാന്‍. ഇതിഹാസ താരം സുനില്‍ ഗാവസ്‌കറിന്റെ ഓപ്പണിംഗ് പങ്കാളിയായിരുന്നു ചൗഹാന്‍. ഗാവസ്‌കറിനൊപ്പം ഏറ്റവുമധികം കളിയില്‍ ഓപ്പണിംഗ് ചെയ്തിരുന്ന താരവും ചൗഹാനായിരുന്നു. ദില്ലി ഡിസ്ട്രിക്ട്‌സ് ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ചീഫ് സെലക്ടര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം മാനേജരായിട്ടും ചൗഹാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുംബൈക്കെതിരെയായിരുന്നു ചൗഹാന്റെ ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. 22ാം വയസ്സിലായിരുന്നു ഈ നേട്ടം. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും ധീരനായ ബാറ്റ്‌സ്മാന്‍ എന്നായിരുന്നു ചൗഹാന്റെ വിശേഷണം. ഓവലില്‍ ഗാവസ്‌കറുമായി ചേര്‍ന്ന് 213 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് വലിയ റെക്കോര്‍ഡായിരുന്നു. ഈ മത്സരത്തില്‍ 80 റണ്‍സാണ് ചൗഹാന്‍ അടിച്ചത്. ഇന്ത്യക്ക് വേണ്ടി ഏഴ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ചൗഹാന്‍. ടെസ്റ്റില്‍ 2084 റണ്‍സും ഏകദിനത്തില്‍ 153 റണ്‍സുമാണ് സമ്പാദ്യം. ചൗഹാന്റെ സമയത്ത് സെഞ്ച്വറിയില്ലാതെ രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന വിശേഷണം അദ്ദേഹത്തിനായിരുന്നു.












Click it and Unblock the Notifications