നാല് വയസുള്ള മകനെ കൊന്ന് പെട്ടിയിലാക്കി, ടാക്‌സിയിൽ യാത്ര; സ്‌റ്റാർട്ടപ്പ് കമ്പനിയുടെ വനിതാ സിഇഒ അറസ്‌റ്റിൽ
ഗോവ: നാല് വയസുകാരനായ മകനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ. ബെംഗളൂരുവിലെ സ്‌റ്റാർട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ യുവതി നാല് വയസുകാരൻ മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് അറസ്‌റ്റിലായത്.
ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സുചന സേത്ത് (39) തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. ഇതിന് ശേഷം കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ടാക്‌സി വിളിച്ചാണ് അവര്‍ കര്‍ണാടകയിലേക്കു പോയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ഗോവയിൽ ഇവർ കഴിഞ്ഞിരുന്ന ഹോട്ടലിലെ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് സുചനയിലേക്ക് അന്വേഷണം എത്തിയത്. ശനിയാഴ്‌ച മകനൊപ്പം അപ്പാര്‍ട്ട്‌മെന്റിലെത്തിയ സുചന തിങ്കളാഴ്‌ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. അത്യാവശ്യമായി ബെംഗളൂരുവിലേക്ക് പോകാന്‍ ടാക്‌സി വേണമെന്ന് അവര്‍ ഹോട്ടലിലെ റിസപ്ഷനിസ്‌റ്റിനോട് ആവശ്യപ്പെട്ടു.
കുറഞ്ഞ ചെലവില്‍ ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് അവര്‍ നിർബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു യാത്ര പുറപ്പെട്ടു. ഇതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്‌റ്റിനെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പോലീസിന് മൊഴി നൽകുകയായിരുന്നു. പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നായിരുന്നു സുചനയുടെ മറുപടി.
സുചനയുടെ സംസാരത്തിൽ സംശയം തോന്നിയ പോലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ ഉടൻ അടുത്തുള്ള ചിത്രദുര്‍ഗ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ചിത്രദുര്‍ഗ പോലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications