2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ വരവേൽക്കാൻ ഒരുങ്ങി ഫ്രാൻസ്; സ്വപ്‌ന പദ്ധതിയെ കുറിച്ച് ഇമ്മാനുവേൽ മാക്രോൺ
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന് ആഹ്ലാദകരമായ പ്രഖ്യാപനം നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അക്കാദമിക് ബന്ധം വർധിപ്പിക്കുന്നതിനുള്ള പ്രധാന ശ്രമത്തിന്റെ ഭാഗമായി 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലെ വിവിധ സർവകലാശാലകളിലേക്ക് സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമെന്ന് മാക്രോൺ ഇന്ന് പ്രഖ്യാപിച്ചു.
75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കവേ തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒരു എക്‌സ് പോസ്‌റ്റിലൂടെയാണ് മാക്രോൺ ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുമായുള്ള ഫ്രാൻസിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആഗ്രഹത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് മാക്രോൺ പറഞ്ഞു, മുൻപ് ഇന്തോ-പസഫിക് മേഖലയിലെ "പ്രധാന പങ്കാളി" എന്ന് ഇന്ത്യയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

2023 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ശേഷമായിരുന്നു അദ്ദേഹം തന്റെ ലക്ഷ്യം പ്രഖ്യാപിച്ചത്. "എല്ലാവർക്കും ഫ്രഞ്ച്, മെച്ചപ്പെട്ട ഭാവിക്കായി ഫ്രഞ്ച്" എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളിൽ ഫ്രഞ്ച് പഠിക്കുന്നതിനായി ഞങ്ങൾ പുതിയ പാതകൾ ആരംഭിക്കുകയാണ്" എന്നായിരുന്നു മാക്രോൺ പറഞ്ഞത്.
"ഞങ്ങൾ ഫ്രഞ്ച് പഠിക്കാൻ പുതിയ കേന്ദ്രങ്ങളുമായി അലയൻസ് ഫ്രാഞ്ചൈസികളുടെ ശൃംഖല വികസിപ്പിക്കുകയാണ്. ഫ്രഞ്ച് ഭാഷ അറിയാത്ത വിദ്യാർത്ഥികളെ ഞങ്ങളുടെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്ന അന്താരാഷ്ട്ര ക്ലാസുകൾ ഞങ്ങൾ തുടങ്ങും" കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഫ്രാൻസിൽ മുൻപ് പഠിച്ചിട്ടുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും ഇത് അവർക്ക് മടങ്ങിവരുന്നത് എളുപ്പമാക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് എടുത്തുപറഞ്ഞു. 2025ഓടെ 20,000 ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുക, 2030ഓടെ 30,000 പേരെ കൊണ്ടുവരിക എന്ന വലിയ ലക്ഷ്യത്തിന് കളമൊരുക്കുക എന്നതാണ് ഫ്രാൻസിന്റെ പദ്ധതി. ഇത് വലിയൊരു സ്വപ്‌ന പദ്ധതിയാണ്, എങ്കിലും അത് നടത്താൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും മാക്രോൺ വ്യക്തമാക്കി.
എക്‌സ് പോസ്‌റ്റ് കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികൾ ഫ്രഞ്ച് സർക്കാർ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2018ൽ, ഫ്രാൻസിൽ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിവരങ്ങളും ആവശ്യമായ പിന്തുണയും ഉറപ്പാക്കുന്ന "കാമ്പസ് ഫ്രാൻസ്" എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ചു. ഇതിനുശേഷം ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ പ്രധാനമന്ത്രി മോദി വ്യാഴാഴ്‌ച സ്വാഗതം ചെയ്‌തു. തന്റെ രണ്ട് ദിവസത്തെ സന്ദർശന വേളയിൽ ജയ്‌പൂരിലെ ഐതിഹാസിക ഇടങ്ങളായ ആംബർ ഫോർട്ട്, ജന്തർ മന്തർ, ഹവാ മഹൽ എന്നിവിടങ്ങൾ സന്ദർശിക്കുന്ന മാക്രോണിന്റെ വരവിൽ പ്രധാനമന്ത്രി അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications