സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, തൃണമൂല്‍ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ് ഖാലി ദ്വീപില്‍ വീണ്ടും സംഘര്‍ഷം. തൃണമൂണ്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബിജെപിയുടെ പ്രതിഷേധത്തിനിടെയാണ് ഇവിടെ സംഘര്‍ഷമുണ്ടായത്.
തൃണമൂല്‍ എംഎല്‍എ സുകുമാര്‍ മഹതോയുടെ വിശ്വസ്തനായ തതാന്‍ ഗായേന്‍ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. സമീപത്തുള്ള പോലീസ് സ്‌റ്റേഷനടുത്ത് വെച്ചാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതേസമയം പോലീസും കലാപ നിയന്ത്രണ സേനയും ഇവിടെ എത്തിയിട്ടുണ്ട്. സംഘര്‍ഷത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

സന്ദേശ്ഖാലിയിലെ മുന്‍ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇവിടെ ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. തൃണമൂല്‍ സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നാണ് ആരോപണം. നേരത്തെ തൃണമൂലിന്റെ ശക്തനായ പ്രാദേശിക നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഇവിടെ നടന്നിരുന്നു.
നോര്‍ത്ത് 24 പര്‍ഗാനാസിലാണ് ഈ ദ്വീപുള്ളത്. ഷെയ്ഖ് ഷാജഹാന്‍ ലൈംഗിക അതിക്രമവും, ഭൂമി തട്ടിയെടുക്കണം, പണം തട്ടിയെടുക്കല്‍, പോലുള്ള ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഇയാള്‍ക്കെതിരെ സന്ദേശ്ഖാലിയിലെ നിരവധി നിവാസികളായിരുന്നു രംഗത്ത് വന്നത്.
നിലവില്‍ ഷാജഹാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജനക്കൂട്ടത്തെ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് ഷാജഹാന്‍ ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്.
അതേസമയം നേരത്തെ ബിജെപി പ്രവര്‍ത്തകനാ ഗംഗാധര്‍ കോയല്‍ സന്ദേശ്ഖാലിയില്‍ ലൈംഗിക പീഡനങ്ങളോ അതിക്രമങ്ങളോ നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തിയ വീഡിയോ പുറത്തുവന്നിരുന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നിര്‍ദേശപ്രകാരമാണ് സ്ത്രീകള്‍ പരാതികള്‍ നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രണ്ടാമത് വന്ന വീഡിയോയില്‍ ബിജെപി നേതാക്കള്‍ നിര്‍ബന്ധിച്ചാണ് വെള്ളപ്പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ടതെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പിന്നീട് വ്യാജ ബലാത്സംഗ പരാതി എഴുതി ചേര്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു..
പുതിയ വീഡിയോകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ വിവാദം ബംഗാളില്‍ ഉണ്ടായിരിക്കുകയാണ്. ബിജെപി കെട്ടിച്ചമച്ച കഥയാണിതെന്ന് തൃണമൂല്‍ ആരോപിക്കുന്നു. അതേസമയം വ്യാജ വീഡിയോകള്‍ തൃണമൂല്‍ നേതാക്കള്‍ പ്രചരിപ്പിക്കുകയാണെന്നും, അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധ പ്രകടനം നത്തിയത്.
ബഷീര്‍ഹട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി രേഖ പത്രയും പ്രതിഷേധത്തിലുണ്ടായിരുന്നു. അതേസമയം മമത ബാനര്‍ജി ഒരിക്കല്‍ പോലും സന്ദേശ്ഖാലിയില്‍ വന്നിട്ടില്ല. ഇവിടെയുള്ള സ്ത്രീകള്‍ അവരുടെ അഭിമാനത്തിന് വേണ്ടിയാണ് പോരാടാന്‍ ഇറങ്ങിയതെന്നും ബിജെപി പ്രവര്‍ത്തക പറഞ്ഞു.












Click it and Unblock the Notifications