ആധാർ പുതുക്കലിൽ നേട്ടം, ക്രെഡിറ്റ് കാർഡിന് ചിലവേറും, ജിഎസ്‌ടി മാറും; നവംബർ ഒന്ന് മുതൽ വമ്പൻ മാറ്റങ്ങൾ!
രാജ്യത്ത് ഓരോ മാസം തുടങ്ങുമ്പോഴും സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങളും ചില പരിഷ്‌കാരങ്ങളും ഒക്കെ നടപ്പാവുന്നത് പതിവാണ്. എണ്ണവില വർധന അല്ലെങ്കിൽ കുറയൽ, പാചകവാതക വില എന്നിവ പോലെയുള്ള പതിവ് കാര്യങ്ങൾക്കും അപ്പുറം ബാങ്ക് സേവനങ്ങൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിങ്ങനെയുള്ളവയിൽ സാരമായ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ അതിനുള്ള വഴി തെളിയുകയാണ്.
നവംബർ ആരംഭിക്കുമ്പോൾ, ജനങ്ങളുടെ ദൈനംദിന സാമ്പത്തിക കാര്യങ്ങളെ നേരിട്ട് ബാധിച്ചേക്കാവുന്ന നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ പോവുകയാണ് എന്നതാണ് പ്രത്യേകത. അതിൽ ആധാർ അപ്‌ഡേറ്റ് ചാർജുകളിലെയും ബാങ്ക് നോമിനേഷനുകളിലെയും മാറ്റങ്ങൾ മുതൽ പുതിയ ജിഎസ്‌ടി സ്ലാബുകളും കാർഡ് ഫീസുകളും വരെ ഉൾപ്പെടുന്നു. അവയൊക്കെ നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കുകയും വേണം.

പ്രധാനപ്പെട്ട ഏഴ് മാറ്റങ്ങൾ ഇവയൊക്കെ
ആധാർ കാർഡ് വിവരങ്ങൾ പുതുക്കാൻ ചിലവ് കുറയും: ഇതിനായുള്ള നിരക്കുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പരിഷ്‌കരിച്ചിരിക്കുകയാണ്. കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി പുതുക്കാനാണ് അവസരം. ഒരു വർഷത്തേക്ക് ഈ സേവനം സൗജന്യമായി ലഭ്യമാകും. എന്നാൽ മുതിർന്നവർക്ക് പേര്, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ എന്നിവ പുതുക്കാൻ 75 രൂപയാണ് നിരക്ക്.
മാത്രമല്ല വിരലടയാളം, ഐറിസ് സ്‌കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിന് 125 രൂപ നൽകണം. കൂടാതെ വേറെയും ചില മാറ്റങ്ങൾ അവർ നിലവിൽ വരുത്തുണ്ട്. രേഖകളൊന്നും സമർപ്പിക്കാതെ തന്നെ ആധാർ വിലാസം, ജനനത്തീയതി, പേര് എന്നിവ ഓൺലൈനായി പുതുക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.
ബാങ്ക് നോമിനേഷൻ നിയമം: നവംബർ ഒന്ന് മുതൽ ബാങ്കുകളുടെ നോമിനേഷൻ നിയമങ്ങളിലും മാറ്റങ്ങൾ വരികയാണ്. ഒരു അക്കൗണ്ടിനോ ലോക്കറിനോ സേഫ് കസ്‌റ്റഡിയിലുള്ള സാധനങ്ങൾക്കോ നാല് പേരെ വരെ നോമിനിയായി ചേർക്കാൻ ഇനി സാധിക്കുമെന്നതാണ് ഇത്.അടിയന്തര സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾക്ക് പണം എളുപ്പത്തിൽ ലഭ്യമാക്കാനും ഉടമസ്ഥാവകാശ തർക്കങ്ങൾ ഒഴിവാക്കാനും ഈ പുതിയ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പുതുക്കിയ ജിഎസ്‌ടി നിരക്കുകൾ പ്രാബല്യത്തിൽ: നവംബർ ഒന്ന് മുതൽ പുതിയ ജിഎസ്‌ടി സ്ലാബുകൾ നിലവിൽ വരും. നിലവിലുള്ള 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയുള്ള നാല് സ്ലാബ് സംവിധാനം മാറ്റി പുതിയ രണ്ട് സ്ലാബ് രീതി അവതരിപ്പിക്കുകയാണ് ചെയ്‌തത്. 12 ശതമാനം, 28 ശതമാനം എന്നീ സ്ലാബുകൾ ഒഴിവാക്കും. മാത്രമല്ല ആഡംബര വസ്‌തുക്കൾക്കും മറ്റ് ചില ഉൽപ്പന്നങ്ങൾക്കും 40 ശതമാനം നിരക്ക് ബാധകമാകും.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം: വിരമിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ നവംബർ അവസാനത്തോടെ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇത് ബാങ്ക് ശാഖകൾ വഴിയോ ജീവൻ പ്രമാൺ പോർട്ടൽ വഴിയോ ഓൺലൈനായി സമർപ്പിക്കാം. സമയപരിധിക്ക് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പക്ഷം പെൻഷൻ ലഭിക്കുന്നതിൽ കാലതാമസം വരികയോ പെൻഷൻ തടസപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് ചിലവേറും: നവംബർ ഒന്ന് മുതൽ എസ്ബിഐ കാർഡ് ഉടമകൾക്ക് പുതിയ ഫീസുകൾ നിലവിൽ വരും. മൊബിക്വിക്, ക്രെഡ് പോലുള്ള തേർഡ്-പാർട്ടി ആപ്പുകൾ വഴി നടത്തുന്ന വിദ്യാഭ്യാസ സംബന്ധമായ പേയ്മെന്റുകൾക്ക് 1 ശതമാനം ഫീസ് ഈടാക്കാനാണ് തീരുമാനം.
എസ്ബിഐ കാർഡ് ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റിലേക്ക് 1000 രൂപയിൽ കൂടുതൽ ലോഡ് ചെയ്യുമ്പോഴും 1 ശതമാനം ഫീസ് ബാധകമാകും.
എണ്ണ, പാചകവാതക വില: എല്ലാ മാസവും ഒന്നാം തീയതിയാണ് രാജ്യത്തെ എണ്ണക്കമ്പനികൾ വില പരിഷ്‌കരിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് വില കൂടാനോ കുറയാനോ സാധ്യത ഏറെയാണ്, ഒരുപക്ഷേ വില നിലനിർത്തുകയുമാവാം. കൂടാതെ പെട്രോൾ ഡീസൽ വിലയിലും മാറ്റം വന്നേക്കാം.












Click it and Unblock the Notifications