'15 സംസ്ഥാനങ്ങൾ, 67 ദിവസങ്ങൾ'; രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കമാവും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര' ഇന്ന് മുതൽ ആരംഭിക്കും. 15 സംസ്ഥാനങ്ങളിലൂടെയും 100 ലോക്‌സഭാ സീറ്റുകളിലൂടെയും സഞ്ചരിക്കുന്ന യാത്രയ്ക്ക് ഇന്ന് മണിപ്പൂരിലെ തൗബാലിൽ വച്ചാണ് ആരംഭം കുറിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നേരിട്ട് ഇറങ്ങാനുമുള്ള കോൺഗ്രസിന്റെ ശ്രമമായാണ് ഈ കാൽനട ജാഥ വിലയിരുത്തപ്പെടുന്നത്.

രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പ്രത്യയശാസ്ത്രപരമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ലെന്നും വാദിച്ച കോൺഗ്രസ്, 10 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ദുർഭരണത്തിന് എതിരെയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും വ്യക്തമാക്കിയിരുന്നു.
67 ദിവസങ്ങളിലായി 110 ജില്ലകളിലൂടെ 6,700 കിലോമീറ്ററുകൾ താണ്ടാനാണ് രാഹുൽ ഗാന്ധി ഒരുങ്ങുന്നത്. യാത്ര വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആരംഭിച്ച് വടക്കും മധ്യഭാഗത്തും കടന്ന് മാർച്ച് 20ന് മുംബൈയിൽ സമാപിക്കും. അപ്പോഴേക്കും തിരഞ്ഞെടുപ്പ് കാലമാവുകയും, ഇത് ജാഥയുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിലായിരിക്കും ജാഥ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുക. 11 ദിവസത്തിനുള്ളിൽ 20 ജില്ലകളിലായി 1,074 കിലോമീറ്റർ ദൂരമാണ് ഇവിടെ സഞ്ചരിക്കുക, തുടർന്ന് ജാർഖണ്ഡിൽ എട്ട് ദിവസം, അസമിലും എട്ട്, മധ്യപ്രദേശിൽ ഏഴ് ദിവസം എന്നിങ്ങനെയാവും ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ.
യുപിയിൽ ഏറ്റവും അധികം സ്വാധീനമുണ്ടായിരുന്ന പാർട്ടിയായ കോൺഗ്രസിന് ഇപ്പോൾ അവിടെ നല്ല കാലമല്ല. കേവലം ഒരു എംപി മാത്രമാണ് ഇവിടെ അവർക്കുള്ളത്. മുൻ കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി മാത്രമാണ് അത്. റായ്ബറേലി മണ്ഡലത്തിൽ നിന്നാണ് സോണിയ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത്. പാരമ്പര്യ മണ്ഡലമായ അമേഠിയിൽ രാഹുലിന് ഉൾപ്പെടെ തോൽവി നേരിടേണ്ടി വന്നത് കോൺഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
യാത്ര 6,713 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക, കൂടുതലും ബസുകളിലും കാൽനടയായും ആയിരിക്കും യാത്ര മുന്നോട്ട് നീങ്ങുക. ഇത് 100 ലോക്‌സഭാ സീറ്റുകളും 337 നിയമസഭാ മണ്ഡലങ്ങളും കയറി ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. സംഘർഷ ബാധിത സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് തന്നെ യാത്ര ആരംഭിക്കുന്നത് കോൺഗ്രസിന്റെ മറ്റൊരു രാഷ്ട്രീയ മുന്നറിയിപ്പാണെന്ന് വിലയിരുത്തലുണ്ട്.












Click it and Unblock the Notifications