India at 75: കാര്‍ട്ടൂണ്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്തവര്‍; ഇവര്‍ ഇന്ത്യയുടെ എക്കാലത്തെയും അഭിമാനം!!
കാര്‍ട്ടൂണുകള്‍ ഇന്ത്യയില്‍ എല്ലാക്കാലവും ജനപ്രീതിയുള്ള കാര്യമാണ്. പറയാനുള്ളത് വാക്കുകളേക്കാള്‍ മികച്ച രീതിയില്‍ ഇത് ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. ചിലതില്‍ കുറിക്ക് കൊള്ളുന്ന വാക്കുകളും കാര്‍ട്ടൂണ്‍ രൂപത്തില്‍ കടന്നുവന്നിരുന്നു. കാര്‍ട്ടൂണുകള്‍ക്ക് മാത്രമല്ല, കാര്‍ട്ടൂണിസ്റ്റുകളെയും ഇന്ത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
അതും ഇതിഹാസ തുല്യരായ കാര്‍ട്ടൂണിസ്റ്റുകളാണ് ഇന്ത്യയില്‍ നിന്ന് കാര്‍ട്ടൂണുകളുടെ ലോകം കീഴടക്കിയത്. ആ മഹാന്മാര്‍ ആരൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഇന്ത്യക്ക് വലിയ രീതിയില്‍ സംഭാവന നല്‍കിയവര്‍ കൂടിയാണ് ഈ പട്ടികയിലുള്ളത്....

ഇന്ത്യയില്‍ കാര്‍ട്ടൂണ്‍ എന്നാല്‍ ആര്‍ ലക്ഷ്മണാണ്. ടൈംസ് ഇന്ത്യയില്‍ യു സെഡ് ഇറ്റ് എന്ന കാര്‍ട്ടൂണ്‍ കോളത്തിലൂടെ സാധാരണക്കാരനെയാണ് അദ്ദേഹം കഥാപാത്രമാക്കിയത്. അത് എല്ലാവരും പെട്ടെന്ന് മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നു. പല തരത്തിലുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണില്‍ കാണാമായിരുന്നു. രാഷ്ട്രീയക്കാരെ നിശിതമായും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്തെയും ഇന്ദിരാ ഗാന്ധിയെയും അദ്ദേഹം കാര്‍ട്ടൂണിലൂടെ പരിഹസിച്ചിരുന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണില്‍ അധികവും.

കെ ശങ്കര്‍ പിള്ള അതുപോലെ ഇന്ത്യയില്‍ അറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ്റാണ്. രാഷ്ട്രീയ ഉള്ളടക്കമുള്ള കാര്‍ട്ടൂണുകളുടെ പിതാവ് എന്നാണ് ശങ്കര്‍ അറിയപ്പെട്ടിരുന്നത്. 1930കളിലാണ് അദ്ദേഹം കാര്‍ട്ടൂണിസ്റ്റായി ജോലി ആരംഭിച്ചത്. ആക്ഷേപ ഹാസ്യാര്‍ത്ഥത്തിലുള്ള കാരിക്കേച്ചറുകളായിരുന്നു ശങ്കര്‍ വരച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ ഇന്ത്യന്‍ വൈസ്രോയ് വരെ ഇതില്‍ ഇടംപിടിച്ചിരുന്നു. ശങ്കര്‍സ് വീക്ക്‌ലി എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധീകരണം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാലായിരത്തോളം കാര്‍ട്ടൂണുകളാണ് വരച്ചത്. അടിയന്തരാവസ്ഥയെയും ഇന്ദിരയെയും കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഇന്ത്യയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതാണ്.

അബു എബ്രഹാമും ഈ നിരയില്‍ വരുന്ന പ്രമുഖനാണ്. അടിയന്തരാവസ്ഥ കാലത്തെ കാര്‍ട്ടൂണുകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൊണ്ടുള്ള ഓര്‍ഡിനന്‍സ് ബാത് ടബ്ബില്‍ ഇരുന്ന അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ഒപ്പിടുന്ന കാര്‍ട്ടൂണാണ് വലിയ വിവാദമായത്. ഈ കാര്‍ട്ടൂണ്‍ സെന്‍സറിംഗിന് വിധേയമാകാതെ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതാണ് അദ്ഭുതം. എല്ലാ കാര്‍ട്ടൂണുകളും അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്നു.

സതീഷ് ആചാര്യ 1971 മുതല്‍ കാര്‍ട്ടൂണിസ്റ്റ് മേഖലയില്‍ സജീവ സാന്നിധ്യമാണ്. ഇപ്പോഴും അദ്ദേഹം മികച്ച കാര്‍ട്ടൂണുകള്‍ വരയ്ക്കാറുണ്ട്. വാള്‍ സ്ട്രീറ്റ് ജേണലിലും ഗാര്‍ഡിയനിലുമൊക്കെ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പരിഹസിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഒന്നും, കൊള്ളുന്നത് മറ്റൊന്നിനുമെന്ന കാര്‍ട്ടൂണായിരുന്നു ഇത്.

ഇന്ത്യയിലെ ഏക വനിതാ കാര്‍ട്ടൂണിസ്റ്റ് എന്ന വിശേഷണം ഒരു കാലത്ത് സ്വന്തമാക്കിയവരാണ് മായാ കാമത്ത്. രാഷ്ട്രീയ കാര്‍ട്ടൂണുകളായിരുന്നു ഇവര്‍ വരച്ചത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചായിരുന്നു ഇവര്‍ കാര്‍ട്ടൂണിലൂടെ പറഞ്ഞിരുന്നത്. 15 വര്‍ഷം മാത്രമാണ് ഇവര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നത്. 2001ല്‍ അവര്‍ ലോകത്തോട് തന്നെ വിടപറഞ്ഞു. സ്ത്രീകള്‍ എല്ലാ ജോലിയും ചെയ്യുകയും, എന്നാല്‍ പുരുഷന്മാര്‍ സുഖിച്ച് വീട്ടില്‍ ഇരിക്കുകയും ചെയ്യുന്നുവെന്ന വിമര്‍ശനവും ഇതിലുണ്ടായിരുന്നു.












Click it and Unblock the Notifications