ഇന്ത്യയിലെ അതിസമ്പന്നനായി ഗൗതം അദാനി; മലയാളികളിൽ എംഎ യൂസഫലി മുൻപിൽ, ആസ്‌തി 55,400 കോടി!
ന്യൂഡൽഹി: ഫോബ്‌സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്ത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനി കുടുംബം പട്ടികയിൽ ഒന്നാമതെത്തിയത്. ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആകെ ആസ്‌തി 112.7 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏകദേശം 10.78 ലക്ഷം കോടി രൂപയോളം വരുമിത്. മുകേഷ് അംബാനിയുടെ ആആസ്‌തിയാവട്ടെ 86.3 ബില്യൺ ഡോളർ അഥവാ ഏകദേശം 8.31 ലക്ഷം കോടി രൂപയാണ്. ജെഎസ്ഡബ്ല്യു സ്‌റ്റീൽ, ജെഎസ്ഡബ്ല്യു സിമന്റ്, ജെഎസ്ഡബ്ല്യു പെയിന്റ് തുടങ്ങിയ കമ്പനികളുടെ മാതൃസ്ഥാപനമായ ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 39.8 ബില്യൺ ഡോളറാണ് ഇവരുടെ ആസ്‌തി. ഏകദേശം 3.83 ലക്ഷം കോടി രൂപയാണിത്.

ആഴ്‌സലർ മിത്തൽ മേധാവി ലക്ഷ്‌മി മിത്തൽ 34.7 ബില്യൺ ഡോളർ ആസ്‌തിയുമായി നാലാം സ്ഥാനത്താണ്. ഭാരതി എയർടെൽ മേധാവി സുനിൽ മിത്തലും കുടുംബവും 32.9 ബില്യൺ ഡോളർ ആസ്‌തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. മലയാളികളിൽ സമ്പത്തിൽ ഏറ്റവും മുന്നിലുള്ളത് മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ 24ാം സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം നിലവിലുള്ളത്.
കുടുംബത്തിന്റെ ആകെ ആസ്‌തി 9.2 ബില്യൺ ഡോളറാണ്. ഏകദേശം 88,614 കോടി രൂപ വരും. വ്യക്തിഗത സമ്പത്തിന്റെ അടിസ്ഥാനത്തിൽ മലയാളികളിൽ ഏറ്റവും മുന്നിലുള്ളത് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി തന്നെയാണ്. ഫോബ്‌സ് പട്ടികയിൽ 47ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്‌തി 5.75 ബില്യൺ ഡോളറാണ്. ഏകദേശം 55,400 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്‌തി.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് മലയാളി സമ്പന്നരിൽ അടുത്ത സ്ഥാനത്താണ്. 5.4 ബില്യൺ ഡോളർ ആസ്‌തിയുമായി അദ്ദേഹം ഫോബ്‌സ് പട്ടികയിൽ 52ാം സ്ഥാനത്തുണ്ട്. ഏകദേശം 52,000 കോടി രൂപയാണ് ആസ്‌തി. ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 4.1 ബില്യൺ ഡോളർ ആസ്‌തിയുമായി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കിയുടെ ആസ്‌തി 4 ബില്യൺ ഡോളറാണ്. ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോന് 3.8 ബില്യൺ ഡോളറിന്റെ ആസ്‌തിയുണ്ട് എന്നാണ് ഫോബ്‌സ് പട്ടിക വ്യക്തമാക്കുന്നത്. കൂടാതെ കല്യാൺ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്‌ടർ ടിഎസ് കല്യാണരാമന്റെ ആസ്‌തി 3.55 ബില്യൺ ഡോളറാണ്. പട്ടികയിൽ മലയാളികൾ ആരും തന്നെ ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല എന്നതാണ് പ്രധാന കാര്യം.


Click it and Unblock the Notifications
