അധ്യക്ഷനായാൽ മുഖ്യമന്ത്രി കസേര നഷ്ടമാകും; ഗെഹ്ലോട്ടിനെ അറിയിക്കാൻ ഹൈക്കമാന്റ്
ദില്ലി: കോൺഗ്രസ് അധ്യക്ഷനായാൽ അശോക് ഗെഹ്ലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരനായേക്കില്ല. ഇക്കാര്യം എ ഐ സി സി നേതൃത്വം അദ്ദേഹത്തെ ഉടൻ അറിയിച്ചേക്കും. ഗെഹ്ലോട്ടിന് പകരം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തും.

അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാനോ അല്ലെങ്കിൽ താൻ പറയുന്ന നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാനോ നേതൃത്വം തയ്യാറകണമെന്ന ഉപാധിയായിരുന്നു ഗെഹ്ലോട്ട് നേതൃത്വത്തിന് മുന്നിൽ വെച്ചത്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഗെഹ്ലോട്ടിന്റെ നീക്കം. എന്നാൽ ഗെലോട്ട് അധ്യക്ഷനാകുകയും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായാൽ രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്ന ആശങ്ക ഹൈക്കമാന്റിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് ഗെഹ്ലോട്ടിന്റെ നിർദ്ദേശം നേതൃത്വം തള്ളുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളിൽ പ്രതികരിക്കാൻ സച്ചിൻ പൈലറ്റ് തയ്യാറായില്ല. എന്നാൽ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സച്ചിൻ വ്യക്തമാക്കി. രാഹുൽഗാന്ധി തന്നെ എ ഐ സി സി അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. പ്രവർത്തകരുടെ ആവശ്യവും അതാണ്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് പി സി സികൾ വഴി എ ഐ സി സിയെ അറിയിച്ചിരിക്കുന്നത്. ഇനി ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് നേതൃത്വമാണ്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും സച്ചിൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് നിലവിൽ കൊച്ചിയിലാണ് സച്ചിൻ.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമായി കൂടുതൽ പി സി സികൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നേതാക്കളുടെ നിർദ്ദേശങ്ങൾ തള്ളുകയാണ് രാഹുൽ. ഗാന്ധി കുടുംബം മത്സരിക്കാൻ ഇല്ലെന്ന് സോണിയ ഗാന്ധിയും ആവർത്തിക്കുന്നുണ്ട്. അതേസമയം ഗെഹ്ലോട്ട് ഔദ്യോഗിക സ്ഥാനാർത്ഥിയായാല് ജി 23 കൂട്ടായ്മയിൽ നിന്നും ശശി തരൂർ മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. രാഹുൽ മത്സരിച്ചാൽ താൻ മത്സരിക്കില്ലെന്ന സൂചന നേരത്തേ തരൂർ നൽകിയിരുന്നു. ഹൈക്കമാന്റിന്റെ അന്തിമ നിലപാടിന് അനുസരിച്ചാകും ശശി തരൂർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയേക്കുക. എന്നാൽ ഗാന്ധികുടുംബത്തിൽ നിന്നും ആര് മത്സരിച്ചാലും താൻ മത്സരിക്കാൻ തയ്യാറാണെന്ന് ജി 23 കൂട്ടായ്മയിലെ മറ്റൊരു നേതാവായ മനീഷ് തിവാരി പ്രതികരിച്ചത്.












Click it and Unblock the Notifications