ജോർജ് കുര്യന് കേന്ദ്രമന്ത്രി സ്ഥാനം നഷ്‌ടമായേക്കും; രാജ്യസഭാ സീറ്റില്ല, മധ്യപ്രദേശിൽ നിന്നുള്ള ലിസ്‌റ്റിലില്ല
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് ജോർജ് കുര്യന് കേന്ദ്രമന്ത്രി സ്ഥാനം നഷ്‌ടമായേക്കും. മന്ത്രിസഭാ പുനഃസംഘടന വരാനിരിക്കെയാണ് ജോർജ് കുര്യന് നിരാശ നൽകുന്ന വാർത്തകൾ പുറത്തുവരുന്നത്. രാജ്യസഭ സീറ്റ് ജോർജ് കുര്യന് ലഭിച്ചിരുന്നില്ല, മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിക്കാനുള്ള സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ അതുണ്ടാവാതെ വന്നതോടെ കേന്ദ്രമന്ത്രി സ്ഥാനം നഷ്‌ടമാവും എന്ന സ്ഥിതി വരികയായിരുന്നു.
ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പേര് ഉൾപ്പെട്ടില്ല. ഇതോടെ ഈ മാസം കാലാവധി അവസാനിക്കുന്ന അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വം നഷ്‌ടമാകുമെന്നാണ് വിവരം. മധ്യപ്രദേശിൽ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചൗക്കിനെയും രജനിഷ് അഗർവാളിനെയും ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു.

പുതിയ പട്ടികയിൽ സ്ഥാനം ലഭിക്കാത്തതിനാൽ ജോർജ് കുര്യന് കേന്ദ്രമന്ത്രി പദവി ഒഴിയേണ്ടി വരുമെന്നും, ഉടൻ രാജിവെക്കുമെന്നും പ്രതീക്ഷിക്കുന്നു. കേന്ദ്ര സഹമന്ത്രിയായ ശേഷമാണ് അദ്ദേഹം ഓഗസ്‌റ്റിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ഈ വർഷം നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ച കുര്യന് നിരാശാജനകമായ പ്രകടനമാണ് കാഴ്‌ചവെക്കാനായത്.
മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇതേ മണ്ഡലത്തിൽ നേടിയ വോട്ടുകൾ പോലും കുര്യന് ലഭിച്ചില്ല. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയാണ് ജോർജ് കുര്യൻ വഹിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ പതിനെട്ടിനാണ് നടക്കുക. പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലും, രണ്ടിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. ജൂൺ 18ന് തന്നെ ഫലം പ്രഖ്യാപിക്കും. ഈ വേളയിലാണ് ജോർജ് കുര്യന്റെ കാര്യത്തിൽ വാർത്ത വരുന്നത്. ഇതോടെ ഫലത്തിൽ കേരളത്തിൽ നിന്ന് സുരേഷ് ഗോപി മാത്രമായിരിക്കും കേന്ദ്രമന്ത്രിയായിരിക്കുക.
വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് സിബിഎസ്ഇ, നീറ്റ് പരീക്ഷ ഫലങ്ങളിലെ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ സ്ഥാനം നഷ്‌ടമാവാൻ ഇടയുണ്ടെന്നാണ് വിവരം. ഇതുൾപ്പെടെ നിർണായകമായ പല മാറ്റങ്ങളും മന്ത്രിസഭയിൽ ഉണ്ടയേക്കും.












Click it and Unblock the Notifications