സ്വർണവും വെള്ളിയും വില കുത്തനെ കൂടി, എന്നിട്ടും ഇന്ത്യക്കാർക്ക് വേണ്ട? കണ്ണ് ഓഹരികളിലെന്ന് മോർഗൻ സ്‌റ്റാൻലി
സ്വർണം, വെള്ളി തുടങ്ങിയവയ്ക്ക് കാര്യമായ ചാഞ്ചാട്ടം നേരിട്ട ദിവസങ്ങളാണ് കടന്നുപോയത്. ഇന്ത്യൻ വിപണികളിൽ ശക്തമായ വിലവർധന ദൃശ്യമായി, അവ പുതിയ ഉയരങ്ങളിലെത്തി റെക്കോർഡുകൾ കുറിക്കുകയും ചെയ്‌തിരുന്നു. എങ്കിലും അടുത്തകാലത്തായി സ്വർണവും വെള്ളിയും മാത്രമല്ല ഓഹരി വിപണിയിലും ഇന്ത്യക്കാർ കൂടുതലായി കൈ നോക്കുന്നുണ്ടെന്നതാണ് വാസ്‌തവം. അത് ശരിവയ്ക്കുന്ന പല റിപ്പോർട്ടുകളും വരുന്നുമുണ്ട്.
ഇന്ത്യയുടെ റീ-റേറ്റിംഗിനായുള്ള തങ്ങളുടെ പുതിയ റിപ്പോർട്ടിൽ, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരതയുടെ പിന്നാലെ, ഇന്ത്യൻ വീടുകളിലെ നിക്ഷേപരീതിയിൽ ഓഹരികളിലേക്ക് ഒരു ഘടനാപരമായ മാറ്റം സംഭവിക്കുന്നതായാണ് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്‌റ്റാൻലി വ്യക്തമാക്കുന്നത്. സ്വർണ്ണം, റിയൽ എസ്‌റ്റേറ്റ് പോലുള്ള ഭൗതിക ആസ്‌തികളിൽ നിന്ന് ഓഹരികളിലേക്ക് ഇന്ത്യക്കാരുടെ ശ്രദ്ധ മാറുന്നുവെന്നാണ് അവർ പറയുന്നത്.

കമ്പനി നൽകിയ കണക്കുകൾ പരിശോധിച്ചാൽ 1991 മുതൽ 2025 വരെയുള്ള കാലയളവിലെ സെൻസെക്‌സ് നീക്കങ്ങളും സ്വർണവിലയും താരതമ്യം ചെയ്യുമ്പോൾ, സ്വർണ ഔൺസിന്റെ അടിസ്ഥാനത്തിൽ സെൻസെക്‌സ് മുൻകാലങ്ങളിലെ വിപണിയിലെ താഴ്ന്ന നിലവാരങ്ങളോട് അടുത്താണുള്ളത്. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യൻ ഓഹരികൾ നിലവിൽ സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി വിലകുറഞ്ഞതാണെന്നാണ്.
സ്വർണത്തിന്റെ അടിസ്ഥാനത്തിൽ സെൻസെക്‌സ് താരതമ്യേന വിലകുറഞ്ഞതാണെന്ന മുൻ കണ്ടെത്തലിനെ ഊട്ടിയുറപ്പിക്കുന്നതാണ് മോർഗൻ സ്‌റ്റാൻലി പങ്കുവച്ച ഏറ്റവും പുതിയ റിപ്പോർട്ട്. വിപണിയിലെ നിക്ഷേപകരുടെ വികാരത്തെയും, വിലയുടെ ചലനങ്ങളെയും ഇത് ഒരുപോലെ സൂചിപ്പിക്കുന്നു.
ഇന്ത്യക്കാർക്ക് പ്രിയം സ്വർണം തന്നെ?
ഇന്ത്യൻ വീടുകളിൽ സ്വർണത്തിന് എന്നുമൊരു പ്രത്യേക സ്ഥാനമുണ്ട് എന്നത് ഒരു അവഗണിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ, മോർഗൻ സ്‌റ്റാൻലിയുടെ ഡാറ്റ ഇന്ത്യൻ കുടുംബങ്ങളിൽ നിക്ഷേപ മാർഗ്ഗങ്ങൾ എങ്ങനെ നിലനിൽക്കുന്നുവെന്നും, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സാവധാനത്തിലുള്ള മാറ്റങ്ങളെക്കുറിച്ചും കൃത്യമായ വിശകലനം നൽകുന്നു.
സ്ഥാപനത്തിന്റെ വിലയിരുത്തൽ പ്രകാരം, സ്വർണത്തിന്റെ ആസ്‌തി മൂല്യം 3682 ബില്യൺ ഡോളറാണ്. അതേസമയം, ഓഹരി ആസ്‌തികളുടെ മൂല്യം 1185 ബില്യൺ ഡോളറാണ്. 2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, വീടുകളിലെ മൊത്തം സമ്പത്തിൽ ഓഹരികളേക്കാൾ ഏതാണ്ട് മൂന്നിരട്ടിയോളം വലുപ്പമുള്ള ഒരു പ്രധാന ഘടകമായി സ്വർണം ഇപ്പോഴും തുടരുന്നുവെന്ന് ഇത് വ്യക്തമായി കാണിക്കുന്നു.
മാത്രമല്ല, വാർഷിക സമ്പാദ്യത്തിൽ സ്വർണത്തിനുള്ള വിഹിതത്തിന്റെ കാര്യത്തിൽ പോലും ഇക്വിറ്റികളേക്കാൾ വളരെ കൂടുതലാണ്. 2025 മാർച്ചിൽ അവസാനിച്ച കാലയളവിൽ, സ്വർണ സമ്പാദ്യം 574 ബില്യൺ ഡോളറായിരുന്നു, അതേസമയം ഇക്വിറ്റികൾ വഴിയും 292 ബില്യൺ ഡോളർ സ്വർണ്ണം നിക്ഷേപിച്ചിരുന്നു. ഇത് ഇന്ത്യയിലെ കുടുംബങ്ങളുടെ വാർഷിക സമ്പാദ്യ വിഹിതത്തിന്റെ 6 ശതമാനവും സ്വർണമാക്കി മാറ്റുന്നു.
എങ്കിലും ഓഹരികളിലേക്ക് ചായ്‌വ് പ്രകടം
ഇത്രയൊക്കെ ആണെങ്കിലും ഈ റിപ്പോർട്ട് ഇന്ത്യൻ കുടുംബങ്ങളിൽ ഓഹരികളോടുള്ള ഘടനാപരമായ മാറ്റത്തെ വ്യക്തമായി എടുത്തുകാണിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓഹരികൾ പോലെയുള്ള ഇക്വിറ്റി സേവിംഗിലേക്കുള്ള ഒരു സുരക്ഷിത മാറ്റം നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി തന്നെ അവകാശപ്പെടുന്നത്.
മോർഗൻ സ്‌റ്റാൻലി സൂചിപ്പിക്കുന്നത് പോലെ, 'ഗ്രേറ്റ് ഇന്ത്യൻ വെൽത്ത് ബൂം' എന്ന പ്രതിഭാസത്തിന്റെ ഭാഗമായി സ്വർണം, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ ഭൗതിക ആസ്‌തികളുമായി താരതമ്യപ്പെടുത്തുമ്പോൾ സെൻസെക്‌സിലേക്കുള്ള അവരുടെ വിഹിതം കാലോചിതമായി വർധിപ്പിച്ചു വരികയാണ്. അതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് വ്യക്തം. ഇനിയുള്ള ദിനങ്ങളിൽ ഇതിന്റെ വ്യാപ്‌തി കൂടുമെന്നാണ് അവർ പങ്കുവയ്ക്കുന്ന പ്രതീക്ഷ.












Click it and Unblock the Notifications