സ്വർണമോ അതിലും വിലയേറിയതോ? ഇന്ത്യന്‍ സമുദ്രത്തിനടിയില്‍ അടിഞ്ഞ് കൂടിയത് എന്ത്? നിർണ്ണായക കണ്ടെത്തല്‍
ന്യൂഡല്‍ഹി: ധാതുനിക്ഷേപ സമ്പത്ത് ഏതൊരു രാജ്യത്തിന്റേയും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലെ നിർണ്ണായക ഘടകമാണ്. അതിനാല്‍ തന്നെ ധാതുനിക്ഷേപ പര്യവേക്ഷണത്തിനായി ഇന്ത്യ അടക്കമുള്ള രജ്യങ്ങള്‍ വലിയ തോതില്‍ പണം ചിലവഴിക്കുന്നു. ഇപ്പോഴിതാ ഇത്തരമൊരു പര്യവേക്ഷണത്തില്‍ ഇന്ത്യ നിർണ്ണായകമായ ചുവട് വെച്ചിരിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഇന്ത്യയുടെ സമുദ്രപരിധിക്കുള്ളില്‍ വന്‍ധാതുനിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസിവ് എക്കണോമിക് സോണില്‍ വരുന്ന മേഖലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ( NIOT), നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ഓഷ്യന്‍ റിസര്‍ച്ച് ( NCPOR) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം സംയുക്തമായി നടത്തിയ സമുദ്രാന്തര്‍ഭാഗ പര്യവേക്ഷണത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ മാറ്റി മറിച്ചേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തില്‍ 4,500 മീറ്റർ ആഴത്തില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളുടെ വലിയൊരു ശേഖരമാണ് കണ്ടെത്തിയത്. വന്‍തോതില്‍ ധാതുനിക്ഷേപങ്ങളുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകള്‍ കാണപ്പെടാറുള്ളത്. ഗവേഷണ കപ്പലായ സാഗർ നിധിയിൽ നിന്നും ഈ മാസം ആദ്യമാണ് പര്യവേക്ഷണം ആരംഭിച്ചത്. രണ്ട് സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുപതോളം വിദഗ്ധർ പര്യവേക്ഷണത്തില്‍ പങ്കുചേർന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി വികസിപ്പിച്ചെടുത്ത ഓഷ്യൻ മിനറൽ എക്സ്പ്ലോറർ (OMe 6000) എന്നറിയപ്പെടുന്ന ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (AUV) ഉപയോഗിച്ച്, ഡോ. എൻ.ആർ. രമേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഹൈഡ്രോതെർമൽ വെൻ്റുകളിൽ നിന്ന് വിശദമായ ചിത്രങ്ങൾ പകർത്താനും നിർണായക വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞുവെന്നതാണ് നേട്ടങ്ങളില്‍ പ്രധാനം.
സാധാരണ ഗതിയില്‍ ധാതു നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് ഇത്തരം ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകളുടെ സാന്നിധ്യമാണ് ആദ്യം കണ്ടെത്താന്‍ ശ്രമിക്കുക. സ്വര്‍ണം, വെള്ളി, കോപ്പര്‍ തുടങ്ങിയ അമൂല്യ ലോഹധാതുക്കള്‍ ഇത്തരം ഇടങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത്തരം പര്യവേക്ഷണങ്ങള്‍ പ്രധാനമാണെന്ന് പറഞ്ഞ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു.
ആഴക്കടല്‍ പര്യവേക്ഷണം നടത്തി ധാതു, വാതക നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കരയില്‍ വ്യാപകമായ ഗവേഷണം നടക്കുന്നുണ്ടെങ്കിലും സമുദ്രത്തില്‍ ഇത്തരം ധാതുക്കള്‍ ഖനനം ചയ്‌തെടുക്കാനുള്ള സാങ്കേതിക വിദ്യകള്‍ പലതും ഇന്ത്യക്ക് സ്വന്തമല്ല. എന്നാല്‍ സമുദ്രാന്തര പര്യവേക്ഷണം നടത്താനുള്ള സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കപ്പെട്ടത് ഈ രംഗത്തെ സുപ്രധാന ചുവടുവെപ്പായി മാറുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications