സ്വർണത്തിന് ഇന്ത്യയിൽ വില കുറയും..പക്ഷെ അത് സംഭവിക്കണം..സംഭവിച്ചാൽ കളിമാറും
ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്. ഇന്ത്യ തങ്ങളുടെ ആവശ്യത്തിന്റെ 99 ശതമാനത്തിൽ കൂടുതലും ഇറക്കുമതി ചെയ്യുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വർണത്തിന് ഏറെ ഡിമാന്റുള്ള ഇന്ത്യയിൽ ആഭ്യന്തര ഉത്പാദനം വളരെ കുറവാണെന്നത് തന്നെയാണ് ഇതിന് കാരണം. എന്നാൽ ആഗോള സ്വർണവില റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ച പശ്ചാത്തലത്തിൽ ഇനിയും ഇന്ത്യ ഇറക്കുമതിയെ അമിതമായി ആശ്രയിക്കരുതെന്ന മുന്നറിയുപ്പ് നൽകുകയാണ് വേദാന്ത ചെയർമാനും വ്യവസായിയുമായ അനിൽ അഗർവാൾ ആഭ്യന്തര സ്വർണ ഉത്പാദനം പുനരുജ്ജീവിപ്പിക്കണമെന്ന് അനിൽ ആവശ്യപ്പെട്ടു.

പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ, സ്വർണവില അടുത്തിടെ ഔൺസിന് 3,600 ഡോളർ കടന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെകോഡിലാണ് ഇപ്പോൾ സ്വർണ വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തിൽ സ്വർണത്തിനായുള്ള ആശ്രയത്വം ദീർഘകാല സാമ്പത്തിക അപകടമുണ്ടാക്കുമെന്ന് അഗർവാൾ മുന്നറിയിപ്പ് നൽകി. മേഖലയിൽ ഉടൻ പരിഷ്കാരങ്ങൾ നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'ഈ വർഷം 30-ലധികം തവണ സ്വർണം റെക്കോർഡ് ഉയരങ്ങളിലെത്തി.ഔൺസിന് 3,600 ഡോളറിലധികം രേഖപ്പെടുത്തിയ ഈ വില, 1980-ലെ റെക്കോർഡിനെയും മറികടന്ന് പണപ്പെരുപ്പം ക്രമീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി.
"നിർഭാഗ്യവശാൽ, പതിറ്റാണ്ടുകളായി ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപിലാണ്. നമ്മൾ ആഭ്യന്തരമായി സ്വർണം ഉത്പാദിപ്പിക്കണം. ഇത് നമ്മുടെ ശക്തമായ സാമ്പത്തിക താൽപ്പര്യമാണ്. പുതിയ ഖനികൾ ഉത്പാദനം ആരംഭിക്കാൻ വർഷങ്ങളെടുക്കുമെങ്കിലും, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുനരാരംഭിക്കാൻ കഴിയുന്ന പ്രവർത്തനരഹിതമായ ഖനികൾ നമുക്കുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തനരഹിതമായ സ്വർണ ഖനികൾ പുനരുജ്ജീവിപ്പിക്കുന്നത്, ഇന്ത്യയുടെ ധാതു സ്വയംപര്യാപ്തതയിലേക്കുള്ള യാത്ര വേഗത്തിലാക്കാനും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇറക്കുമതി കുറയ്ക്കാനും സഹായിക്കുമെന്ന് അഗർവാൾ പറഞ്ഞു. പ്രത്യേകിച്ചും, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നായി തുടരുന്ന സാഹചര്യത്തിൽ.
ഇന്ത്യയിലെ പ്രമുഖ പ്രകൃതിവിഭവ കമ്പനികളിലൊന്നാണ് വേദാന്ത, കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിന് അനുസൃതമായി രാജ്യത്തെ ഖനന മേഖലയ്ക്ക് ഉണർവേകാൻ നയപരമായ മാറ്റങ്ങൾ കമ്പനി ആവശ്യപ്പെടുന്നുണ്ട്.
വലിയ സ്വർണ ഇറക്കുമതി ബിൽ കാരണം ഇന്ത്യ ദീർഘകാലമായി ബുദ്ധിമുട്ടുകയാണ്, ഇത് വിദേശനാണ്യ കരുതൽ ശേഖരത്തിന്മേൽ സമ്മർദ്ദം ശക്തമാക്കുന്നുണ്ട്. ഉപയോഗിക്കപ്പെടാത്ത വലിയ സ്വർണ ശേഖരം ഉണ്ടായിരുന്നിട്ടും, നിയന്ത്രണപരമായ തടസ്സങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മുൻകാല നയപരമായ പരിമിതികൾ എന്നിവ കാരണമാണ് രാജ്യത്ത് ആഭ്യന്തര ഉത്പാദനം കുറയുന്നത്. ഉത്പാദനം വലിയ തോതിൽ കൂട്ടാനായാൽ സ്വർണ വിലയിലും മാറ്റം പ്രകടമാകും.
ആഗോള പണപ്പെരുപ്പ ആശങ്കകൾ, യുഎസ് വ്യാപാര തർക്കങ്ങളിൽ നിന്നുള്ള സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സ്വർണവില കുതിക്കുന്നത്. പലിശ നിരക്ക് കുറയുന്നതും നിലവിലുള്ള അനിശ്ചിതത്വവും സ്വർണത്തിലേക്ക് നിക്ഷേപകരെ അടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും സ്വർണ്ണ ഇടിഎഫുകളിലൂടെയും ഒടിസി ഇടപാടുകളിലൂടെയും. യുഎസ് നിക്ഷേപകരാണ് ഇടിഎഫ് വാങ്ങലുകൾക്ക് പിന്നിൽ. ഉയർന്ന വില കാരണം വാങ്ങുന്നവർ വിട്ടുനിൽക്കുന്നതിനാൽ 2025 രണ്ടാം പാദത്തിൽ ആഭരണങ്ങളുടെ ആവശ്യം 341 ടണ്ണായി കുറഞ്ഞു. എന്നിരുന്നാലും, ഉത്സവ സീസണും ജിഎസ്ടി ലാഭവും ആവശ്യം വർദ്ധിപ്പിച്ചേക്കാമെന്നാണ് ഗോൾഡ് കൗൺസിൽ സൂചിപ്പിക്കുന്നത്.
അതേസമയം സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതും ഡിമാന്റ് ഉയരാനും വില വർധിക്കാനും കാരണമായിട്ടുണ്ട്. എന്നിരുന്നാലും റിസർവ്വ് ബാങ്കിന്റെ വാങ്ങലുകൾ കുറഞ്ഞിട്ടുണ്ട്. രണ്ടാം പാദത്തിൽ 166 ടൺ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും ഇത് ഒന്നാം പാദത്തേക്കാൾ 33% കുറവാണ്. എന്നിരുന്നാലും, 2010-2021 ലെ ശരാശരിയേക്കാൾ കൂടുതലാണിത്.












Click it and Unblock the Notifications