സ്വർണത്തിന് കൈ കൊടുത്ത് നിക്ഷേപകർ, വെള്ളിയോട് മുഖം തിരിച്ചു; പ്രതിസന്ധി ഘട്ടത്തിൽ താങ്ങാവുക ഏത്?
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം വാർത്തകളിൽ പ്രാധാന്യത്തോടെ തുടരുകയാണ്. ഇത് സ്വർണം, വെള്ളി പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ഡിമാൻഡ് വർധിപ്പിക്കാൻ കാരണമായെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. സാധാരണ ഗതിയിൽ തന്നെ ഇത്തരം യുദ്ധങ്ങൾ ഉൾപ്പെടെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഇത്തരം സാഹചര്യങ്ങൾക്ക് പത്രമാവുക പതിവാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ആഭ്യന്തര സ്പോട്ട് വിപണിയിൽ, മാർച്ച് 4-ലെ കണക്കനുസരിച്ച് ഈ മാസം സ്വർണവില 3,400 വർധിച്ച് 1,62,029-ൽ എത്തിയിരുന്നു. എന്നാൽ മറുവശത്ത് കാര്യങ്ങൾ വ്യത്യസ്‌തമാണ്. യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം വെള്ളി വില 7,000 രൂപയോളം കുറഞ്ഞ് 2,60,900 രൂപ ആയി. പ്രതിസന്ധിയിൽ നിക്ഷേപകർ സ്വർണത്തിനാണ് വെള്ളിയേക്കാൾ മുൻഗണന നൽകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

സ്വർണം തന്നെ മുൻപന്തിയിൽ
വിശകലന വിദഗ്‌ധരും സ്വർണത്തിനാണ് മുൻഗണന നൽകുന്നത്. മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് കമ്മോഡിറ്റീസിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വിലയേറിയ ലോഹങ്ങൾ മികച്ച പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന് സഹായകമാകും. വെള്ളിക്ക് വ്യാവസായിക ഉപയോഗമുള്ളതുകൊണ്ട്, പരമ്പരാഗത സുരക്ഷിത നിക്ഷേപമായ സ്വർണത്തിനാണ് കൂടുതൽ വാങ്ങൽ താൽപര്യമുള്ളത്.
വളർച്ചാ പ്രതിസന്ധിയും സംഘർഷങ്ങളും രൂക്ഷമായാൽ, ചെമ്പ്, വെള്ളി ഉൾപ്പെടെയുള്ള വ്യാവസായിക ലോഹങ്ങൾക്ക് പരിമിതമായ നേട്ടങ്ങളേ ഉണ്ടാകൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എപ്പോഴും ഒരു നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണത്തിന്റെ ഭാരം വെള്ളിയെക്കാൾ കൂടുതലായിരിക്കണം എന്നാണ് ഇവർ നിർദ്ദേശിക്കുന്നത്.
ഉയർന്ന ക്രൂഡ് ഓയിൽ വില മൂലമുള്ള പണപ്പെരുപ്പ ആശങ്കകളും യുഎസ് ഡോളറിന്റെ ശക്തിപ്പെടലുമാണ് സ്വർണത്തിന്റെ മുന്നേറ്റത്തിന് കാരണം. ഈ വർഷം ഫെഡ് ഒന്നിലധികം കാൽ ശതമാനം നിരക്ക് കുറയ്ക്കാൻ 80 ശതമാനം സാധ്യതയുണ്ടെന്ന് വ്യാപാരികൾ വിലയിരുത്തിയതായി ബ്ലൂംബെർഗ് ഉൾപ്പെടെ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
സ്വർണവിലയെ സ്വാധീനിക്കുന്നത്
ഇറാൻ-യുഎസ് സംഘർഷ ഫലമായുണ്ടാകുന്ന പണപ്പെരുപ്പം, ഉയർന്ന എണ്ണവിലഎന്നിവയും ഡോളറിനെ ശക്തിപ്പെടുത്തുന്നതിലൂടെയും സ്വർണത്തിന് പ്രതികൂലമായ അന്തരീക്ഷം ഉണ്ടായേക്കും. അങ്ങനെയെങ്കിൽ, പശ്ചിമേഷ്യൻ സംഘർഷത്തിൽ കരുത്ത് നേടിയ യുഎസ് ഡോളർ വാങ്ങുന്നത് നിക്ഷേപകർ പരിഗണിക്കണോ എന്ന ചോദ്യം ഉയരുന്നു.
ഈ വർഷം സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഇത് റഷ്യ-യുക്രൈൻ, യുഎസ്-ഇറാൻ എന്നിങ്ങനെയുള്ള ഭൗമരാഷ്ട്രീയ ആശങ്കകൾ, യുഎസിന്റെ സാമ്പത്തിക പാളിച്ചകൾ, ഡോളറിന്റെ ഇടക്കാല വിശ്വാസ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകളെ പ്രതിഫലിപ്പിക്കുന്ന കാര്യമാണ്. ഈ സാഹചര്യങ്ങൾ തുടരുമ്പോൾ സ്വർണവില ഇടിയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ സ്വർണത്തിന് എന്നും ഡിമാൻഡ്
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വർണം ഒരു നിക്ഷേപം എന്ന നിലയിൽ ഡിജിറ്റലായി വാങ്ങിക്കൂട്ടുന്ന ആളുകളല്ല ഇന്ത്യക്കാർ. മറിച്ച് ഒരു ഫിസിക്കൽ അസറ്റ് എന്ന നിലയിലാണ് അതിനെ അവർ നോക്കി കാണുന്നത്. മാത്രമല്ല വിവാഹങ്ങൾ ഉൾപ്പെടെയുള്ള സവിശേഷ അവസരങ്ങളിൽ സ്വർണമാണ് പ്രധാനം. അതുകൊണ്ട് തന്നെ രാജ്യത്ത് സ്വർണത്തിന്റെ ഡിമാൻഡിൽ ഒരു കുറവും ഉണ്ടാവാൻ ഇടയില്ലെന്നതാണ് യാഥാർഥ്യം.












Click it and Unblock the Notifications