ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി
ബെംഗളൂരു: നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവിധ നടപടികളും സർക്കാരും അധികൃതരും സ്വീകരിക്കുകയാണ്. റോഡുകളുടെ നവീകരണം തന്നെയാണ് പ്രധാനമായും നടപ്പിലാക്കി വരുന്നത്. അതുകൊണ്ട് തന്നെ അഞ്ചോ പത്തോ വർഷങ്ങൾക്ക് ഇടയിൽ നഗരത്തിൽ ഉണ്ടായ മാറ്റങ്ങൾ തന്നെ അതിന് ഉത്തരം നൽകും. ഇക്കഴിഞ്ഞ വർഷങ്ങളിൽ ബെംഗളുരുവിന് അപവാദമായിരുന്ന ട്രാഫിക് ബ്ലോക്കുകൾ ഗണ്യമായി കുറഞ്ഞു.
ഇപ്പോഴിതാ, തിരക്കേറിയ മൈസൂരു റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സംസ്ഥാന സർക്കാർ 810 കോടി രൂപയുടെ ഒരു എലിവേറ്റഡ് ഇടനാഴി പദ്ധതിക്ക് നിർദ്ദേശം നൽകിയതിന്റെ ആശ്വാസത്തിലാണ് ബെംഗളൂരു നഗരവാസികൾ. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള ഈ പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുകയാണ്, ഇക്കാര്യം നിലവിൽ പരിഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 12-ന് നിയമസഭ കൗൺസിലിൽ എംഎൽസി ശിവകുമാർ കെ യുടെ ചോദ്യത്തിന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഇത് സംബന്ധിച്ചുള്ള മറുപടി നൽകിയത്. ചാമരാജപേട്ട്, മൈസൂരു റോഡുകളിൽ സാധാരണ അനുഭവിക്കുന്ന കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിയിരുന്നതായി ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിലവിൽ സിർസി സർക്കിളിൽ അവസാനിക്കുന്ന ഫ്ലൈഓവർ ബിഎച്ച്ഇഎൽ-കെഐഎംസിഒ ജംഗ്ഷൻ വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു. മധ്യ ബെംഗളൂരുവിനെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയിലെ തിരക്ക് കുറയ്ക്കാൻ ഈ വിപുലീകരണം സഹായിക്കുമെന്നാണ് ശിവകുമാർ പ്രത്യാശ പ്രകടിപ്പിച്ചത്.
ഡിപിആർ തയ്യാറാക്കിയ ശേഷം പദ്ധതിയുടെ ഭരണാനുമതി പരിശോധിക്കുകയാണെന്ന് സർക്കാർ അറിയിച്ചു. എലിവേറ്റഡ് ഇടനാഴിക്ക് പുറമെ, നായൻദഹള്ളി ഫ്ലൈഓവറിന് ശേഷം രാജരാജേശ്വരിനഗറിലെ ഒരു ആർച്ച് ഫ്ലൈഓവർ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നുണ്ട്. ഇത് കൂടി പൂർത്തിയായാൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും.
രാജരാജേശ്വരിനഗർ മെയിൻ റോഡിനും കെംഗേരി പടിഞ്ഞാറൻ ഭാഗത്തിനും ഇടയിലുള്ള 75 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തികൾ ഏതാണ്ട് പൂർത്തിയാകാറായി. എലിവേറ്റഡ് ഇടനാഴിക്ക് പുറമെ, മൈസൂരു റോഡിലെ തിരക്ക് കുറയ്ക്കാൻ ടണൽ റോഡ്, മഴവെള്ള കനാലുകളിലൂടെയുള്ള പാതകൾ തുടങ്ങിയ ബദൽ നിർദ്ദേശങ്ങളൊന്നും നിലവിൽ പരിഗണനയിലില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ പാത കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഗുണം അനുഭവിക്കുക വലിയൊരു പരിധിവരെ മലയാളികൾ തന്നെയാണ്. ബെംഗളൂരുവിനെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് മൈസൂർ റോഡ്. വിദ്യാർത്ഥികൾ, ബെംഗളൂരുവിൽ ജോലി ചെയ്യുന്നവർ, കച്ചവടക്കാർ എന്നിങ്ങനെ നിരവധി മലയാളികൾ ദിനംപ്രതി ഉപയോഗിക്കുന്ന പാത വികസിക്കുന്നത് ഗുണമാവും.












Click it and Unblock the Notifications