ബെംഗളൂരുവിന് നല്ല വാർത്ത, എംഎആർ റോഡ് തുറന്നു; ഇനി യാത്രാ സമയം 1 മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും!
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന 10.7 കിലോമീറ്റർ ദൈർഘ്യമുള്ള മേജർ ആർട്ടീരിയൽ റോഡ് തുറന്നുകൊടുത്തു. മുഖ്യമന്ത്രി ഡികെ ശിവകുമാറാണ് റോഡ് ഉദ്ഘാടനം ചെയ്‌തത്. മുൻ മുഖ്യമന്ത്രി എസ്എം കൃഷ്‌ണയുടെ പേരിൽ നാമകരണം ചെയ്‌തിരിക്കുന്ന ഈ 100 മീറ്റർ വീതിയുള്ള, ടോൾ രഹിതവും സിഗ്നൽ രഹിതവുമായ പാത 631 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
മഗഡി റോഡിലെ കടബഗെരെ ക്രോസിനെ മൈസൂരു റോഡിലെ ചല്ലഘട്ട മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ 10 വരി പാതയിലൂടെ മഗഡി റോഡിനും മൈസൂരു റോഡിനുമിടയിലെ യാത്രാസമയം നിലവിലെ 60 മിനിറ്റിൽ നിന്ന് വെറും 20 മിനിറ്റായി കുറയുമെന്നാണ് വിലയിരുത്തൽ. ഹരിത ഇടനാഴികൾ, സർവീസ് റോഡുകൾ, പ്രത്യേക സൈക്കിൾ ട്രാക്ക് എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.

മൂന്ന് അണ്ടർപാസുകളും 11 പാലങ്ങളും 270 മീറ്റർ നീളമുള്ള തുരങ്കവും ഉൾപ്പെട്ടിരിക്കുന്ന ഈ പാത, നിലവിൽ ഉപയോഗിക്കുന്ന നൈസ് റോഡിന് ബദലായി വേഗമേറിയ യാത്രാസൗകര്യം ഒരുക്കുമെന്നതാണ് പ്രധാന കാര്യം. ഭാവിയിൽ മെട്രോ വികസനം പരിഗണിച്ച് മൂന്ന് മീറ്റർ വീതിയിലുള്ള സെൻട്രൽ മീഡിയനും റോഡിൽ സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ഡികെ ശിവകുമാർ, പൊതുപ്രയോജന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന ഭൂവുടമകളെ ആദരിക്കുന്നതിനായി 'വാൾ ഓഫ് ഗ്രാറ്റിറ്റ്യൂഡ്' നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു.
'വ്യാവസായിക മേഖലകൾ, സ്‌കൂളുകൾ, തടാകങ്ങൾ, റോഡുകൾ തുടങ്ങിയ പൊതുപ്രയോജന പദ്ധതികൾക്കായി എതിർപ്പില്ലാതെ ഭൂമി വിട്ടുനൽകുന്നവരുടെ പേരുകൾ ഈ ഭിത്തിയിൽ രേഖപ്പെടുത്തും. അവരുടെ ത്യാഗം വരുംതലമുറകൾ എന്നും ഓർക്കും' അദ്ദേഹം പറഞ്ഞു.
എസ്എം കൃഷ്‌ണയുടെ പേരിൽ ഉദ്ഘാടനം ചെയ്‌ത ഈ റോഡ് ഭാവിയിൽ 123 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ കോറിഡോറിലും സമാനമായ വാൾ ഓഫ് ഗ്രാറ്റിറ്റ്യൂഡ് സ്ഥാപിച്ച് ഭൂമി നൽകിയവരുടെ പേരുകൾ സ്ഥിരമായി സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ റോഡ് കെംപെഗൗഡ ലേഔട്ടിലെ ഒമ്പത് ബ്ലോക്കുകളെയും സമീപത്തെ 11 ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നു. കംബിപുര, കൊമ്മഘട്ട, കെഞ്ചനപുര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം ലഭിക്കുന്നതോടൊപ്പം, മൈസൂരു, മാണ്ഡ്യ, ഹാസൻ, രാമനഗര, കുനിഗൽ, മഗഡി എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലെത്തുന്ന യാത്രക്കാർക്കും ഗണ്യമായ സമയം ലാഭിക്കാനാകും എന്നതാണ് പ്രത്യേകത.
123 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണെന്നും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് മൈസൂരു റോഡിലേക്കുള്ള ഭാഗത്തിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഭൂമി ഏറ്റെടുക്കലിന് പകരമായി ഭൂവുടമകൾക്ക് 35 ശതമാനം വാണിജ്യ ഭൂമിയോ 40 ശതമാനം പാർപ്പിട ഭൂമിയോ അല്ലെങ്കിൽ ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെന്റ് റൈറ്റ്സ് നഷ്‌ടപരിഹാരമോ തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹെബ്ബാളിന് സമീപം നിർമ്മിക്കുന്ന പുതിയ തുരങ്കപാതയുടെ നിർമാണവും അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്ന് ശിവകുമാർ പ്രഖ്യാപിച്ചു. 'ബെംഗളൂരു ആഗോള നിലവാരമുള്ള നഗരമാണ്. ഇവിടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ തുരങ്കപാതയുൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിക്കും. ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ തുടർന്നും പ്രവർത്തിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.














Click it and Unblock the Notifications