ബെംഗളൂരുകാർക്ക് സന്തോഷ വാർത്ത; വിമാനത്താവളത്തിലേക്ക് 8.5 കി.മീ സബർബൻ റെയിൽ പാത, ചിലവ് 4100 കോടി!
ബെംഗളൂരു: നഗരനിവാസികൾ ഏറെ നാളായി കാത്തിരിക്കുന്ന പദ്ധതികളിൽ ഒന്നാണ് സബർബൻ റെയിൽവേ പദ്ധതിയുടെ വികസനം. കഴിഞ്ഞ കുറച്ചധികം നാളുകളായി ഇത് പല കാരണങ്ങളാൽ മുടങ്ങി കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വളരുന്ന ബെംഗളൂരു നഗരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചടിയുമായിരുന്നു. ഇപ്പോഴിതാ ബെംഗളൂരു നിവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.
സബർബൻ റെയിൽവേ പദ്ധതിയുടെ ഭാഗമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 8.5 കിലോമീറ്റർ റെയിൽ പാതയ്ക്ക് സൗത്ത് വെസ്‌റ്റേൺ റെയിൽവേ അംഗീകാരം നൽകിയിരിക്കുകയാണ്. 41.4 കി.മീ. ദൈർഘ്യമുള്ള സമ്പിഗെ ലൈനിൽ (കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി ഇടനാഴി) നിന്ന് ട്രംപറ്റ് ഇന്റർചേഞ്ചിന് ശേഷം വേർതിരിയുന്ന ഇത് ടെർമിനൽ 1-നും 2-നും ഇടയിൽ അവസാനിക്കും.

പാതയുടെ 5.5 കി.മീ. ഭാഗം നിരപ്പായ പ്രദേശത്തും 3.5 കി.മീ. വിമാനത്താവള കോംപ്ലക്‌സിനുള്ളിൽ ഭൂമിക്കടിയിലുമായിരിക്കും എന്നാണ് രൂപരേഖ വ്യക്തമാക്കുന്നത്. ഈ പാതയിൽ ബികെ ഹള്ളി, കെഐഎഡിബി, എയ്‌റോസ്‌പേസ് പാർക്ക്, എയർപോർട്ട് സിറ്റി, എയർപോർട്ട് ടെർമിനൽ എന്നിങ്ങനെ നാല് സ്‌റ്റേഷനുകളുണ്ടായിരിക്കും. വിമാനത്താവളത്തിനുള്ളിലെ സ്‌റ്റേഷനുകൾ ഭൂമിക്കടിയിലായിരിക്കും.
ബികെ ഹള്ളി, എയർപോർട്ട് സിറ്റി എന്നിവ ഭാവി ആവശ്യങ്ങൾക്കാണ് വിഭാവനം ചെയ്‌തിരിക്കുന്നത്, മറ്റുള്ളവ പാത തുറക്കുമ്പോൾ പ്രവർത്തനക്ഷമമാകും. റൈറ്റ്സ് ലിമിറ്റഡ് ഡിപിആർ തയ്യാറാക്കിയ ഈ പദ്ധതിക്ക് ഏകദേശം 4100 കോടി രൂപ ചെലവ് വരുമെന്നാണ് കെ-റൈഡ് മാനേജിംഗ് ഡയറക്‌ടർ ലക്ഷ്‌മൺ സിംഗിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
വിമാനത്താവള പാതയ്ക്ക് ഫണ്ട് നൽകാൻ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സമ്മതിച്ചിട്ടില്ല. പകരം സംസ്ഥാന സർക്കാരിൽ നിന്നും ഇന്ത്യൻ റെയിൽവേയിൽ നിന്നും ഇക്വിറ്റി ഫണ്ടിംഗ് ഉറപ്പാക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. വിമാനത്താവള പരിസരത്ത് ബ്ലൂ ലൈനിൽ രണ്ട് മെട്രോ സ്‌റ്റേഷനുകൾ (എയർപോർട്ട് സിറ്റി-നിരപ്പിൽ, എയർപോർട്ട് ടെർമിനൽ-ഭാഗികമായി ഭൂമിക്കടിയിൽ) ബിഐഎഎൽ സ്വന്തമായി നിർമ്മിക്കുന്നുണ്ട്.
വിമാനത്താവളത്തിലെ സ്‌റ്റേഷനുകൾക്കായുള്ള വിശദമായ ആസൂത്രണവും ഭൂമി ആവശ്യകതകളും കെ-റൈഡ് ഉടൻ അന്തിമമാക്കും. നേരത്തെ ടെർമിനലിന് സമീപം ഒരു സബർബൻ സ്‌റ്റേഷൻ മാത്രമാണ് നിർദ്ദേശിച്ചിരുന്നത്. വിമാനത്താവള ജീവനക്കാർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും പ്രയോജനകരമാകുന്ന പുതിയ എയർപോർട്ട് സിറ്റി സ്‌റ്റേഷൻ ഹെന്നൂർ-ബാഗലൂർ-ബെഗൂർ റോഡിന്റെ ജങ്ഷനിൽ ആയിരിക്കും വരിക.
സമ്പിഗെ ലൈനിന്റെ അലൈൻമെന്റിനും റെയിൽവേ അനുമതി നൽകി. ഒരു വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി, എയർപോർട്ട് ലിങ്ക് ഉൾപ്പെടെയുള്ള സമ്പിഗെ ലൈൻ 2030 മാർച്ചോടെ പൂർത്തിയാക്കാനാണ് കെ-റൈഡ് ലക്ഷ്യമിടുന്നത്. ഇത് പൂർത്തിയായാൽ ബെംഗളൂരുവിനെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയായിരിക്കും ഇത്. കാരണം സബർബൻ റെയിൽവേ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപക വിമർശനമാണ് നേരത്തെ ഉയർന്നിരുന്നത്.












Click it and Unblock the Notifications