ബെംഗളൂരു നിവാസികൾക്ക് സന്തോഷ വാർത്ത; പിങ്ക് ലൈനിന്റെ ആദ്യ ഭാഗം മെയ് മാസത്തിൽ തുറക്കും! 7.53 കി.മീ ദൈർഘ്യം
ബെംഗളൂരു: നഗരത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് മെട്രോ സർവീസുകൾ. ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ബെംഗളൂരു മെട്രോ ആവട്ടെ ഓരോ സമയത്തും വികസന പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടുത്തലുകളുമായി മുന്നോട്ട് കുതിക്കുകയാണ്. നിലവിൽ ഒന്നിലധികം ഇടനാഴികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ. അതിന്റെ നടപടികൾ അതിവേഗം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
അതിൽ തന്നെ നിരവധി യാത്രക്കാർ കാത്തിരിക്കുന്ന നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ 7.53 കിലോമീറ്റർ എലിവേറ്റഡ് കോറിഡോറിന്റെ പ്രവർത്തനം അധികം വൈകാതെ തുടങ്ങുമെന്നാണ് വിവരം. അതിൽ കാലേന അഗ്രഹാര മുതൽ താവറേക്കരെ വരെ ഭാഗിക പ്രവർത്തനം മെയ് മാസത്തിൽ ആരംഭിക്കാൻ അധികൃതർ ലക്ഷ്യമിടുകയാണ്. എന്നാൽ, റിസർച്ച് ഡിസൈൻസ് ആൻഡ് സ്‌റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റെ സാങ്കേതിക പരിശോധനകൾ ഇതുവരെ തുടങ്ങിയിട്ടില്ല എന്നതാണ് ഇതിന് വെല്ലുവിളിയാവുന്ന കാര്യം.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ പറയുന്നതനുസരിച്ച്, ആർഡിഎസ്ഒ പരിശോധനകൾ ഉടൻ ആരംഭിക്കും. ബ്രേക്കിങ് സംവിധാനങ്ങൾ, സിഗ്നലിങ്, വേഗത, ഭാരം താങ്ങാനുള്ള ശേഷി, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടും. സിവിൽ ജോലികളുടെ ഗുണനിലവാരവും പരിശോധനയിലൂടെ ഉറപ്പുവരുത്തുമെന്നാണ് മെട്രോ അധികൃതർ പറയുന്നത്.
ശേഷം ഈ പരിശോധനാ ഫലങ്ങൾ റെയിൽവേ ബോർഡിന്റെ സാങ്കേതിക അനുമതിക്കായി സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അനുമതി ലഭിച്ചാലുടൻ മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) അന്തിമ പരിശോധന നടത്തും. കമ്മീഷണറുടെ അംഗീകാരത്തിനുശേഷമേ ലൈൻ യാത്രാ സർവീസിനായി തുറന്നുനൽകൂ.
പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് ഈ പരിശോധനകളുടെയും അംഗീകാരങ്ങളുടെയും ക്രമം നിർണായകമാണെന്നതാണ് കാര്യം. എല്ലാ അനുമതികളും ആസൂത്രണം ചെയ്‌ത പ്രകാരം ലഭിച്ചാൽ, ഈ എലവേറ്റഡ് ഭാഗം മെയ് മാസത്തിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. യാത്രക്കാരും ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കാലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള 21.3 കിലോമീറ്റർ പിങ്ക് ലൈൻ പൂർണമായും 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകും എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അതിന് ഇനിയും ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നുപോവാനുണ്ട്. ശേഷിക്കുന്ന ഭാഗത്തെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ അധികൃതർ വേഗത്തിൽ തന്നെ നടത്തി വരുന്നുണ്ട് എന്നതാണ് ആശ്വാസം നൽകുന്ന കാര്യം.
നമ്മ മെട്രോ പിങ്ക് ലൈൻ
പുതിയ ലൈൻ ബെംഗളൂരുവിന്റെ മെട്രോ ശൃംഖലയ്ക്ക് ഒരു സുപ്രധാന കൂട്ടിച്ചേർക്കലാണ്. ഈ ലൈനിന്റെ ഏകദേശം 13 കിലോമീറ്റർ ദൂരം ഡയറി സർക്കിളിനും നാഗവാരയ്ക്കും ഇടയിൽ ഭൂഗർഭ പാതയായി കടന്നുപോകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് നഗരത്തിലെ പിങ്ക് ലൈനിനെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ പാതകളിലൊന്നാക്കി മാറ്റും.
ശേഷിക്കുന്ന 7.53 കിലോമീറ്റർ കലേന അഗ്രഹാരയെ താവരക്കെരയുമായി ബന്ധിപ്പിക്കുന്ന എലവേറ്റഡ് പാതയാണ്. ഈ ഉയർത്തിയ ഭാഗം 2026 മെയ് മാസത്തിൽ ആദ്യഘട്ടമെന്ന നിലയിൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മുഴുവൻ ഇടനാഴിയുടെയും നിർമ്മാണം 2026 ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും കരുതുന്നു.
പിങ്ക് ലൈനിലെ ആകെ സ്‌റ്റേഷനുകൾ
ബെംഗളൂരു നഗരത്തിലെ പൊതു ഗതാഗതത്തിന് പുതിയ മുഖം നൽകി പിങ്ക് ലൈൻ മെട്രോ 18 സ്‌റ്റേഷനുകളുമായി വരുന്നു. എംജി റോഡ്, ജയദേവ ഹോസ്‌പിറ്റൽ, നാഗവാര എന്നിവിടങ്ങളിലെ പ്രധാന ഇന്റർചേഞ്ചുകൾ വഴി നിലവിലുള്ള പർപ്പിൾ, യെല്ലോ ലൈനുകളുമായും വരാനിരിക്കുന്ന ബ്ലൂ ലൈനുമായും ഈ പാത തടസമില്ലാത്ത കണക്റ്റിവിറ്റി നൽകും.
കാലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം-ബാംഗ്ലൂർ, ജെപി നഗർ നാലാം ഘട്ടം, ജയദേവ ഹോസ്‌പിറ്റൽ, തവരേക്കരെ, ഡയറി സർക്കിൾ, ലക്കസാന്ദ്ര, ലാംഗ്ഫോർഡ് ടൗൺ, നാഷണൽ മിലിട്ടറി സ്‌കൂൾ, എംജി റോഡ്, ശിവാജിനഗർ, കാന്റൺമെന്റ്, പോട്ടറി ടൗൺ, ടാനറി റോഡ്, വെങ്കടേശ്വരപുര, കടുഗുണ്ടനഹള്ളി, നാഗവാര എന്നിവയാണ് ഈ 18 സ്‌റ്റേഷനുകൾ.












Click it and Unblock the Notifications