ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ കൂടുതൽ പിന്തുണ; ഇക്കുറി യൂറോപ്പിൽ നിന്ന്

ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ആവശ്യത്തിന് മധ്യ യൂറോപ്പിലെ നാല് രാജ്യങ്ങളുടെ പിന്തുണ. ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ വൈസഗ്രാഡ് ഗ്രൂപ്പ് രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ചത്. ന്യൂയോർക്കിൽ നടന്ന 81ാം ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ ഭാഗമായി നടന്ന ആദ്യ വൈസഗ്രാഡ് ഗ്രൂപ്പ് ഇന്ത്യാ യോഗത്തിലായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.

ഇന്ത്യയെ ഗ്ലോബൽ സൗത്തിന്റെ ഭാഗമായും ഇൻഡോ പസഫിക് മേഖലയിലെ ഉയർന്നുവരുന്ന ശക്തിയായും കണക്കിലെടുത്ത് സുരക്ഷാസമിതിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തണമെന്നാണ് നാല് രാജ്യങ്ങളുടെയും നിലപാട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ചയ്ക്ക് ശേഷം സ്ലോവാക്യൻ വിദേശകാര്യ മന്ത്രി ജുറാജ് ബ്ലനാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

un

1945ൽ സുരക്ഷാസമിതി രൂപീകരിച്ച കാലത്തെയും ഇന്നത്തെ ലോകത്തെയും താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റങ്ങളുണ്ടായെന്നാണ് ഇന്ത്യയുടെ പ്രധാന വാദം. അന്ന് ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങൾ കോളനി ഭരണത്തിലായിരുന്നു. ഇന്ന് വലിയ ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ആഗോള നയതന്ത്ര സ്വാധീനവുമുള്ള പല രാജ്യങ്ങളും അന്ന് സ്വതന്ത്ര രാഷ്ട്രങ്ങളായിരുന്നില്ല.

ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിൽ ഇന്ത്യ ഇതുവരെ എട്ട് തവണ തിരഞ്ഞെടുക്കപ്പെട്ട അംഗമായിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2021ലും 2022ലുമാണ് ഇന്ത്യ സുരക്ഷാസമിതിയിൽ അംഗമായത്. രാജ്യത്തിന്റെ വലിയ ജനസംഖ്യ, സാമ്പത്തിക ശക്തി, ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിലെ സംഭാവന, വർധിച്ചുവരുന്ന നയതന്ത്ര സ്വാധീനം എന്നിവയാണ് സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ പ്രധാന വാദങ്ങൾ.

ഭീകരവിരുദ്ധ പ്രവർത്തനം, വികസനം, സമുദ്ര സുരക്ഷ, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങളിലും ഇന്ത്യ സജീവമായി ഇടപെടുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിലവിലെ സംവിധാനത്തിന് സംഘർഷങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിയാത്തത് സ്ഥാപനത്തിന്റെ കാര്യക്ഷമത, വിശ്വാസ്യത, നിയമസാധുത എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാസമിതിയിൽ ഇന്ത്യയെ മാത്രം ഉൾപ്പെടുത്തുക എന്നതിലുപരി സമിതിയുടെ ഘടന തന്നെ ഇന്നത്തെ ലോകത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ പരിഷ്‌കരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നിലവിലെ 15 അംഗ സുരക്ഷാസമിതിയെ 25 അല്ലെങ്കിൽ 26 അംഗങ്ങളാക്കി വിപുലീകരിക്കണമെന്നാണ് ഇന്ത്യ ഉൾപ്പെടുന്ന ജി4 കൂട്ടായ്‌മ മുന്നോട്ടുവയ്ക്കുന്ന നിർദേശം.

ബ്രസീൽ, ജർമനി, ജപ്പാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യ ജി4 കൂട്ടായ്‌മയിൽ പ്രവർത്തിക്കുന്നത്. നാല് രാജ്യങ്ങളും പരസ്‌പരം സ്ഥിരാംഗത്വത്തിനുള്ള ആവശ്യങ്ങളെ പിന്തുണയ്ക്കുകയും പരിഷ്‌കണ ചർച്ചകളിൽ ഏകോപിത നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. നിർദേശപ്രകാരം ആഫ്രിക്കയ്ക്ക് രണ്ട്, ഏഷ്യ പസഫിക് മേഖലയ്ക്ക് രണ്ട്, ലാറ്റിൻ അമേരിക്ക കരീബിയൻ മേഖലയ്ക്ക് ഒന്ന്, പടിഞ്ഞാറൻ യൂറോപ്പിനും മറ്റ് രാജ്യങ്ങൾക്കുമായി ഒന്ന് എന്നിങ്ങനെ ആറ് പുതിയ സ്ഥിരാംഗ സീറ്റുകളാണ് ഉൾപ്പെടുത്തുക.

ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് വ്യക്തമായ പിന്തുണ ഇതുവരെ നൽകാത്ത ഏക നിലവിലെ സ്ഥിരാംഗം ചൈനയാണ്. ഇന്ത്യയുടെ ആഗ്രഹങ്ങളെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ചൈന പറയുന്നുണ്ടെങ്കിലും, കൂടുതൽ വിശാലമായ ധാരണ ആവശ്യപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വീറ്റോ അധികാരമാണ് പരിഷ്‌കരണ ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന്.

നിലവിൽ അഞ്ച് സ്ഥിരാംഗങ്ങൾക്കാണ് സുരക്ഷാസമിതിയിലെ സുപ്രധാന തീരുമാനങ്ങൾ തടയാൻ കഴിയുന്ന വീറ്റോ അധികാരമുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് ഈ അധികാരമില്ല. ആഫ്രിക്കൻ യൂണിയൻ വീറ്റോ സംവിധാനം തന്നെ ഭാവിയിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, വീറ്റോ തുടരുന്ന സാഹചര്യത്തിൽ പുതിയ സ്ഥിരാംഗങ്ങൾക്കും നിലവിലെ സ്ഥിരാംഗങ്ങൾക്ക് തുല്യമായ അവകാശങ്ങൾ നൽകണമെന്നാണ് അവരുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma