രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും, ഓൺലൈൻ ഇടപാട് നികുതി ഉടനില്ല; ജിഎസ്‌ടി കൗൺസിൽ യോഗ തീരുമാനം
ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും. കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം അടുത്തതോടെയാണ് മാരക രോഗത്തിനുള്ള മരുന്നിന്റെ വിലയിൽ ഗണ്യമായ കുറവുണ്ടാവാൻ പോവുന്നത്. 2026 മാർച്ചിന് ശേഷം നിർത്തലാക്കുന്ന നഷ്‌ടപരിഹാര സെസ് സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഒരു മന്ത്രിതല സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
കൂടാതെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്‌ടി കുറയ്ക്കുന്നതിൽ നവംബറിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും നിർമ്മല സീതാരാമൻ പറയുകയുണ്ടായി. ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് ഈ സമിതി രൂപീകരിച്ചത്.

നിലവിൽ ജിഎസ്‌ടി നിരക്ക് യുക്തി സഹമാക്കുന്നതിന്റെ പാനലിൻ്റെ തലവനാണ് നിലവിൽ ചൗധരി. ഒക്ടോബറോടെ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം വരിക. ഇന്ന് ചേർന്ന 54ആമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ധനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളുമായി പാർലമെന്റിൽ നടത്തിയ ചർച്ചയിൽ ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നിർമ്മല സീതാരാമന് കത്തയക്കുകയും ചെയ്‌തിരുന്നു.
എന്നാൽ പിരിച്ചെടുക്കുന്ന ജിഎസ്‌ടിയുടെ 75 ശതമാനവും സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ തങ്ങളുടെ സംസ്ഥാന ധനമന്ത്രിമാരോട് ഈ നിർദ്ദേശം ജിഎസ്‌ടി കൗൺസിലിൽ കൊണ്ടുവരണമെന്നും ധനകാര്യ ബില്ലിന്മേലുള്ള ചർച്ചയ്ക്കുള്ള മറുപടിയിൽ നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇവ കൂടാതെ ഇന്നത്തെ യോഗത്തിൽ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന ഓൺലൈൻ ഇടപാടുകൾക്കുള്ള നികുതിയിൽ തീരുമാനം നീട്ടിയിരിക്കുകയാണ്. വിഷയം യോഗത്തിൽ ചർച്ചയായില്ല എന്നാണ് സൂചന. 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽ നിന്ന് ഓൺലൈൻ പേയ്മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18 ശതമാനം നികുതി ഏർപ്പെടുത്താനുള്ള തീരുമാനം വൈകുമെന്നാണ് സൂചന.
കൂടാതെ ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്‌ടി പ്രഖ്യാപിച്ചതിനുശേഷം ഈ ഇനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ കാര്യമായ വർധനയുണ്ടായതായി നിർമ്മല സീതാരാമൻ യോഗത്തിൽ അറിയിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനം 6909 കോടി രൂപയായി. കേവലം 6 മാസത്തിനുള്ളിലാണ് ഈ വർധന ഉണ്ടായതെന്നാണ് മന്ത്രി പറയുന്നത്. ചില ലഘുഭക്ഷണങ്ങളുടെ നികുതി കുറയ്ക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications