'ജിഎസ്‌ടി പുനക്രമീകരണം ഒരു ജനകീയ പരിഷ്‌കാരം'; സംസ്ഥാന ധനമന്ത്രിമാർക്ക് നന്ദി അറിയിച്ച് നിർമല സീതാരാമൻ
ന്യൂഡൽഹി: ജിഎസ്‌ടി പുനക്രമീകരണം നടപ്പിലാക്കുന്നതിൽ സഹായിച്ചതിനും നൽകിയ പിന്തുണയ്ക്കും സജീവ പങ്കിനും നന്ദി പ്രകടിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർക്ക് കത്തെഴുതി. സഹകരണ ഫെഡറലിസത്തിന്റെ മാതൃക ഉയർത്തിപ്പിടിച്ചു കൊണ്ടാണ് കേന്ദ്ര ധനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് വിഷയത്തിൽ കത്തയച്ചിരിക്കുന്നത്.
നികുതി നിരക്കുകൾ പുനക്രമീകരിക്കാനുള്ള നിർദ്ദേശത്തിൽ സംസ്ഥാനങ്ങൾ അവരുടെ നിലപാട് വ്യക്തമാക്കിയെങ്കിലും ഒടുവിൽ അത് സാധാരണക്കാരുടെ പ്രയോജനത്തിനാണെന്ന് സമ്മതിച്ചുവെന്നും ഈ ആഴ്‌ച ആദ്യം നടന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനത്തിലെത്താൻ സഹായിച്ച വാദമാണിതെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

സെപ്റ്റംബർ 22 മുതൽ ആരംഭിക്കുന്ന ജിഎസ്‌ടി പരിഷ്‌കാരങ്ങളുടെ ഭാഗമായി വെണ്ണ മുതൽ ചോക്ലേറ്റുകൾ, ഷാംപൂകൾ, ട്രാക്റ്ററുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ സെപ്റ്റംബർ 3ന് നടന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ തന്നെയാണ് അന്ന് ഇക്കാര്യം പ്രഖ്യാപിച്ചത്.
'ഇന്നലെ ഞാൻ എല്ലാ ധനകാര്യ മന്ത്രിമാർക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു കത്ത് എഴുതി, നിങ്ങൾക്ക് എത്ര തീവ്രമായ ചർച്ചകളും വാദങ്ങളും നടത്താം എന്ന് പറഞ്ഞു, പക്ഷേ ഒടുവിൽ, കൗൺസിൽ അവസരത്തിനൊത്ത് ഉയർന്ന് ഇന്ത്യയിലെ ജനങ്ങൾക്ക്, ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ആശ്വാസം നൽകി. ആ പ്രവൃത്തിക്ക് ഞാൻ നന്ദിയുള്ളവളാണ്' കേന്ദ്ര ധനമന്ത്രി പറഞ്ഞു.
കൗൺസിലിന്റെ പ്രവർത്തനങ്ങളെ അവർ പുകഴ്ത്തി. മിക്ക ഉൽപ്പന്നങ്ങളെയും പൊതു ഉപയോഗ സാധനങ്ങൾക്ക് 5 ശതമാനവും മറ്റെല്ലാത്തിനും 18 ശതമാനവും എന്ന വിഭാഗങ്ങളായി തരംതിരിക്കുന്നതിനാലും 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കുന്നതിലൂടെയും വരുമാന നഷ്‌ടം ഉണ്ടാകുമെന്ന ആശങ്കകൾ ഉണ്ടായിരുന്നിട്ടും, ഇക്കാര്യത്തിൽ ജിഎസ്‌ടി കൗൺസിൽ ഏകകണ്ഠമായ തീരുമാനമെടുത്തു.
കേന്ദ്രം മുന്നോട്ടുവച്ച നിർദ്ദേശം ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ 3 മുതൽ രണ്ട് ദിവസത്തേക്ക് പാനൽ യോഗം ചേരേണ്ടതായിരുന്നു. അങ്ങനെയായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഒരു ദിവസം നീണ്ടുനിന്ന മാരത്തൺ യോഗത്തിന് ശേഷം ആദ്യ ദിവസം തന്നെ നികുതി ഘടന അംഗീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു.
ഇത് സാധാരണക്കാർക്ക് നിസ്സംശയമായും പ്രയോജനം ചെയ്യുന്ന ഒരു നിർദ്ദേശമാണ് എന്നതാണ് ഇതിന്റെ അർത്ഥം. ഇതിനെ എതിർക്കുന്നതിൽ അർത്ഥമില്ല... ഒടുവിൽ എല്ലാവരും ഒരു നല്ല കാര്യത്തിനായി ഒത്തുചേർന്നു, അതിന് ഞാൻ ശരിക്കും നന്ദിയുള്ളവളാണ്; എന്നാണ് നിർമല സിതാരാമൻ പിടിഐയോട് പറഞ്ഞത്.
സംസ്ഥാനങ്ങൾ എപ്പോഴും നിരക്ക് കുറയ്ക്കലിനെ അനുകൂലിക്കുന്നുണ്ടെന്നും എന്നാൽ നികുതി ഇളവുകൾക്ക് ശേഷമുള്ള വരുമാന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അവരുടെ ഏക ആശങ്കയെന്നും മന്ത്രി പറഞ്ഞു. വിലക്കുറവ് മൂലം കേന്ദ്രസർക്കാർ പോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. പക്ഷേ, വില കുറഞ്ഞുകഴിഞ്ഞാൽ ആളുകൾ വാങ്ങൽ വർധിപ്പിക്കും എന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്.
പുതിയ നികുതി ഘടനയുമായി ബന്ധപ്പെട്ട് ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ നടന്ന ചർച്ചകളുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവവും അവർ എടുത്തുപറഞ്ഞു. പ്രാരംഭ പോയിന്റുകൾ ചർച്ച ചെയ്‌ത ശേഷം വീണ്ടും സംസാരിക്കാൻ ആഗ്രഹിച്ച നിരവധി മന്ത്രിമാർക്ക് അതിനുള്ള അവസരം നൽകിയതായും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സെപ്റ്റംബർ 22 മുതൽ ജിഎസ്‌ടി സ്ലാബ് ഘടനയിൽ മാറ്റം വരുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാരണ ഉപയോഗ വസ്‌തുക്കൾക്ക് 5 ശതമാനവും മറ്റെല്ലാത്തിനും 18 ശതമാനവും ആയിരിക്കും പരിഷ്‌കരിച്ച നികുതി ഘടന പ്രകാരമുള്ള നിരക്ക്. നിലവിലുള്ള 12, 28 ശതമാനം നിരക്കുകളുടെ സ്ലാബ് ഒഴിവാക്കിയതോടെയാണ് ഇത്.












Click it and Unblock the Notifications