തന്ത്രം മെനയാന്‍ അഹമ്മദ് പട്ടേലില്ല, ഗുജറാത്തില്‍ കോണ്‍ഗ്രസിന് ശനിദശ; വോട്ട് പിടിക്കാന്‍ ആപ്പും ഒവൈസിയും
അഹമ്മദാബാദ്: ഗുജറാത്ത് നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സ്വന്തം തട്ടകമായ ഗുജറാത്തില്‍ ദ്വിദിന യോഗം ചേരുകയാണ് നേതാക്കള്‍. അമിത് ഷാ, ഗുജറാത്ത് ഇന്‍ചാര്‍ജും മുതിര്‍ന്ന നേതാവുമായ ഭൂപേന്ദ്ര യാദവ്, മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേല്‍ എന്നിവര്‍ അഹമ്മദാബാദില്‍ സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
തുടര്‍ച്ചയായ ആറാം തവണയും അധികാരം തേടാനുള്ള പാര്‍ട്ടിയുടെ തന്ത്രത്തിന് അന്തിമരൂപം നല്‍കുന്നതാണ് യോഗത്തിലെ അജണ്ട. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്നുള്ള വിമതരുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ബി ജെ പി യോഗത്തില്‍ തീരുമാനമെടുത്തേക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അടുത്തിടെ ചേര്‍ന്ന നേതാക്കളുടെ വിജയസാധ്യത പരിഗണിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായി അഞ്ച് ടേമുകളിലെ ഭരണ വിരുദ്ധതയും പ്രതിപക്ഷം ഉയര്‍ത്തുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ധന വിലവര്‍ധന തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിലേക്കാണ് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ല്‍ 99 മണ്ഡലങ്ങളില്‍ ബി ജെ പി വിജയിച്ചിരുന്നു. അതേസമയം മറുവശത്ത് കോണ്‍ഗ്രസ് എങ്ങനേയും തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നേതാവും തന്ത്രജ്ഞനുമായ അഹമ്മദ് പട്ടേലിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

പട്ടേലില്ലാതെ സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. പാര്‍ട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേരിടുന്നതിനാല്‍ പട്ടേലിന്റെ അഭാവം കോണ്‍ഗ്രസിനെ വല്ലാതെ അലട്ടുന്നുണ്ട്. അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പോലും കഴിഞ്ഞ മാസം പങ്കുവെച്ച ട്വീറ്റ് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു. ചുറ്റുപാടും കാത്തിരുന്ന് മടുത്തു. ഉന്നതരുടെ പ്രോത്സാഹനമില്ല. എന്റെ ഓപ്ഷനുകള്‍ തുറന്നിടുന്നു എന്നായിരുന്നു. അതിനിടെ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹാര്‍ദിക് പട്ടേലിനും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തോട് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങള്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവന്നിരുന്നു.

കോണ്‍ഗ്രസ് എം എല്‍ എ അശ്വിന്‍ കോട്വാള്‍, മുന്‍ എം എല്‍ എ മണിഭായ് വഗേല, മുതിര്‍ന്ന നേതാക്കളായ പ്രവീണ്‍ മാരു, വസന്ത് ഭട്ടോള്‍ എന്നിവരും ഇതിനോടകം പാര്‍ട്ടി വിട്ട് ബി ജെ പിയിലേക്ക് പോയിട്ടുണ്ട്. പതിറ്റാണ്ടുകളായി ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് മത്സരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ ഇത്തവണ ആം ആദ്മിയുടെ വരവ് ശ്രദ്ധേയമാകും. കോണ്‍ഗ്രസ് വോട്ട് ബാങ്കിനെ ആകര്‍ഷിക്കാന്‍ ആം ആദ്മി ശ്രമിക്കുന്നതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് വ്യത്യസ്തമായിരിക്കും. കോണ്‍ഗ്രസിന് ബദലായി ഉയര്‍ന്നുവരാനാണ് ആം ആദ്മി ശ്രമിക്കുന്നത്.

ഈ പദ്ധതികളുടെ ഭാഗമായി ഗുജറാത്തില്‍ എ എ പിയുടെ 20 ദിവസത്തെ 'പരിവര്‍ത്തന്‍ യാത്ര' ഞായറാഴ്ച ആരംഭിച്ചിരുന്നു. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് അഞ്ച് തവണയെങ്കിലും സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ആദിവാസി സീറ്റുകളില്‍ കണ്ണുവെച്ച് ആം ആദ്മി ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. മെയ് ഒന്നിന് ബറൂച്ചില്‍ നടന്ന ആദിവാസി സങ്കല്‍പ് മഹാസമ്മേളനത്തില്‍ കെജ്രിവാള്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണ് പാട്ടിദാര്‍ സമുദായം.

ബി ജെ പിയുടെ നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷനും ഈ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ പട്ടീദാര്‍ വോട്ടുബാങ്ക് നിര്‍ണായകമാണ്. 6 കോടിയോളം വരുന്ന സംസ്ഥാനത്തെ ജനസംഖ്യയുടെ 12 ശതമാനവും പാട്ടിദാര്‍ വിഭാഗമാണ്. 60-ലധികം അസംബ്ലി സീറ്റുകളിലും ഈ സമുദായത്തിന് അധികാരമുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനും കഴിയും. അതിനിടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസിയും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്നത് ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകും.
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications