ഗുജറാത്ത് ആവേശം പകരും, കർണാടകയും ബിജെപി പിടിക്കും: എല്ലാ ക്രെഡിറ്റും മോദിക്കെന്നും ബൊമ്മൈ
ബെംഗളൂരു: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയം അടുത്ത വർഷം നടക്കാന്‍ പോവുന്ന കർണാടക തിരഞ്ഞെടുപ്പിലും നല്ല രീതിയില്‍ സ്വാധീനം ചെലുത്തുമെന്ന് കർണാടക മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബസവരാജ് ബൊമ്മൈ. ' ഈ വിജയം ബി ജെ പി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ആത്മവീര്യം നൽകും. കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിച്ചാൽ ഞങ്ങളുടെ വിജയം ഉറപ്പാണ്," ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഫലങ്ങളെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നേടി ഏഴാം തവണയും ബി ജെ പി വൻ വിജയം നേടുമെന്നത് നിലവിലെ ട്രെന്‍ഡുകളില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബി ജെ പിയുടെ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച കർണാടക മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഫലം കർണാടകയിൽ പാർട്ടിയുടെ പ്രതീക്ഷകളെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് പറഞ്ഞു. ജനങ്ങൾ നല്ല ഭരണത്തെ പിന്തുണച്ചതിനാൽ ഭരാണാനുകൂല വികാരണമാണ് ഗുജാറത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണ്ട് ഭരണവിരുദ്ധതയുടെ ഒരു പ്രവണത ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ നമ്മള്‍ അധികാരത്തിന് അനുകൂലമായ നിലപാടാണ് കാണുന്നത്. ഭരണത്തിനനുകൂലമാണ് ഗുജറാത്തും. ഞങ്ങൾ ഏഴാം തവണയും അവിടെ വിജയിച്ച് സർക്കാർ രൂപീകരിക്കാന്‍ പോവുന്നു. അത് എളുപ്പമുള്ള കാര്യമല്ല. ഭരണത്തിനനുകൂലമായ ഫലങ്ങൾ ലഭിക്കാൻ സർക്കാരുകൾ മികച്ച രീതിയില്‍ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഗുജറാത്തിലെ ബിജെപി സർക്കാർ അത് നടപ്പാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ റെക്കോർഡ് ഏഴാം വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും ബി ജെ പി മുഖ്യമന്ത്രി പറഞ്ഞു. "വിജയത്തിന് അടിത്തറ പാകിയത് നമ്മുടെ പ്രിയപ്പെട്ട നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയാണ്. പഴയതും പുതിയതുമായ തലമുറ അദ്ദേഹത്തിന്റെ ഭരണവും കൗശലവും അംഗീകരിച്ചു. രാജ്യത്തെ നയിക്കാനുള്ള അദ്ദേഹത്തിന്റെ ശക്തിയിൽ അവർ വിശ്വാസമർപ്പിക്കുന്നു. അതുകൊണ്ടാണ് അവർ ഗുജറാത്തിൽ വിജയിച്ചത്'' മുഖ്യമന്ത്രി പറഞ്ഞു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിനെ പൊതു തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഡൽഹി എംസിഡി തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ബൊമ്മൈയുടെ മറുപടി. 15 വർഷം അവിടെ ഭരണത്തിലിരിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications