മഹാശിവരാത്രി വരവായി; പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാം, ഉറക്കമൊഴിയുന്നതിന് പിന്നിലെ ഐതിഹ്യമെന്ത്?
മറ്റൊരു ശിവരാത്രി ആഘോഷത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. ഇത്തവണ ഫെബ്രുവരി 26 ബുധനാഴ്‌ചയാണ് ശിവരാത്രി. രാജ്യമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ അതീവ പ്രാധാന്യത്തോടെ ഈ ദിവസത്തെ കണക്കാക്കുന്നു. ശിവരാത്രി വ്രതം അനുഷ്‌ഠിക്കുകയും കാലങ്ങളായി വർത്തിച്ചു പോരുന്ന ചടങ്ങുകൾ നടത്തുകയും ചെയ്യുന്ന ദിനമാണ് ഇത്. നാടും നഗരവും ഉറങ്ങാതിരിക്കുന്ന രാത്രി കൂടിയാണ് ഈ ദിവസം.
പരമശിവനായി സമർപ്പിക്കപ്പെട്ട ദിനം കൂടിയാണ് ശിവരാത്രി എന്ന് എടുത്ത് പാറയേണ്ടതില്ലല്ലോ. എന്നാൽ മംഗള രാത്രി എന്ന വിളിപ്പേര് കൂടിയുണ്ട് ഇതിന്. ശിവമായ രാത്രി എന്നു കൂടി ഇതിന് അർത്ഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്ന് കൂടി സൂചിപ്പിക്കുന്നു. ആ പേരിനെ അന്വർത്ഥമാക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യമൊട്ടുക്കും നടക്കാറുള്ളത്.

ശിവരാത്രി ദിനത്തിൽ പൊതുവെ സ്‌കൂളുകളും ഓഫീസുകളും ഒക്കെ അടഞ്ഞു കിടക്കാറാണ് പതിവ്. അമ്പലങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും ഒക്കെ നടക്കാറുമുണ്ട്. ക്ഷേത്ര ദർശനം ഈ ദിനം സവിശേഷമായ കാര്യമാണ്. വൈകുന്നേരങ്ങളിൽ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ കലാപരിപാടികൾ ഉൾപ്പെടെ നടക്കാറുമുണ്ട്. എന്തൊക്കെയാണ് ഇതിന് പിന്നിലെ ഐതിഹ്യമെന്നും വിശ്വാസമെന്നും അറിയാം.
മഹാശിവരാത്രിയ്ക്ക് പിന്നലെ ഐതിഹ്യം
പാലാഴി കടഞ്ഞപ്പോൾ ഉണ്ടായ, ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന ശക്തമായ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്‌ത രാത്രിയാണ് ശിവരാത്രി എന്നാണ് ഹിന്ദുമത പ്രകാരമുള്ള ഐതിഹ്യം. അന്നേ ദിവസം ഉറങ്ങാതെ മഹാദേവന് വേണ്ടി ഭക്തർ വ്രതം അനുഷ്‌ഠിച്ചുവെന്നാണ് പറയപ്പെടുന്നത്.
അതിനെ സൂചിപ്പിച്ചു കൊണ്ടാണ് ഇപ്പോഴും ശിവരാത്രി ദിനം എല്ലാവരും ഉറക്കം ഒഴിയുന്നതും മഹാദേവന് വേണ്ടി സമർപ്പിക്കുന്നതും. ഇത് കൂടാതെ മറ്റ് ചില ഐതിഹ്യങ്ങൾ കൂടി ഉണ്ടെങ്കിലും കൂടുതൽ പേരും വിശ്വസിക്കുന്നതും പ്രബലമായതും ഇത് തന്നെയാണ്. സാധാരണയായി കുംഭത്തിലെ കൃഷ്‌ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രിയായി കൊണ്ടാടുന്നത്.
പ്രിയപ്പട്ടവർക്കുള്ള ശിവരാത്രി ആശംസകൾ
മഹാശിവരാത്രിയുടെ പുണ്യം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ട് വരാൻ ഇടയാവട്ടെ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹീതമായ ഒരു മഹാശിവരാത്രി തന്നെ ആശംസിക്കുന്നു!
നിങ്ങൾക്കും കുടുംബത്തിനും മഹാശിവരാത്രി ആശംസകള്‍! മഹാദേവന്‍ നിങ്ങളെ എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ.

നിങ്ങള്‍ക്ക് അനുഗ്രഹീതവും സന്തോഷകരവുമായ ഒരു ശിവരാത്രിയാഘോഷം ഉണ്ടാകട്ടെ, ഈ വർഷത്തെ ശിവരാത്രി സമൃദ്ധിയുടേത് ആവട്ടെ!
നിങ്ങള്‍ക്ക് നല്ലൊരു മഹാശിവരാത്രി ആശംസിക്കുന്നു! മഹാദേവൻ നിങ്ങള്‍ക്ക് ആരോഗ്യവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും നല്‍കി അനുഗ്രഹിക്കുമാറാവട്ടെ.
മഹാശിവരാത്രിയുടെ ഈ മഹത്തായ വേളയിൽ ശിവപാര്‍വ്വതി കടാക്ഷം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മേല്‍ വര്‍ഷിക്കട്ടെ!
സർവ ചരാചരങ്ങൾക്കും അധിപനായ മഹാദേവന്‍ നിങ്ങള്‍ക്ക് ആരോഗ്യവും സമ്പത്തും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കട്ടെ. മഹാശിവരാത്രി ആശംസകള്‍ നേരുന്നു!

മഹാശിവരാത്രിയുടെ പ്രാധാന്യം
ശിവനെ ആരാധിക്കുന്നത് കൊണ്ട് മാത്രമല്ല വളെരയധികം ആത്മീയ പ്രാധാന്യം വഹിക്കുന്നതായ ഒരു പ്രധാന ഹിന്ദു ഉത്സവമാണ് മഹാശിവരാത്രി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ആചരിക്കുന്ന ഈ ഉത്സവ വേളയിൽ പ്രാർത്ഥനകൾ, ഉപവാസം, പരമ്പരാഗത ആചാരങ്ങൾ എന്നിവ നിറഞ്ഞു നിൽക്കുന്നു. ഇതൊരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.












Click it and Unblock the Notifications