അമരീന്ദർ സിംഗിനെ കാണാൻ ഹരീഷ് റാവത്ത് ചണ്ഡിഗഡിലേക്ക്: പഞ്ചാബ് കോൺഗ്രസിൽ തിരക്കിട്ട നീക്കം
ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിൽ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധുവുമായുള്ള തർക്കങ്ങൾ തുടരുകയാണ്. ഇത് സംസ്ഥാന നേതൃത്വത്തെയെന്ന പോലെ കേന്ദ്രനേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഒത്തുതീർത്ത് ഒന്നിച്ച് മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് പാർട്ടി ഇതിന്റെ ഭാഗമായി അമരീന്ദർ സിംഗുമായി സോണിയാ ഗാന്ധിയും സിദ്ധുവുമായി പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പല ചർച്ചകളുടേയും ഭാഗമായി തീർന്നിരുന്നു.

സംസ്ഥാനത്തെ കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ഇപ്പോൾ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കാണാൻ ചണ്ഡിഗഡിലേക്ക് പറന്നിരിക്കുകയാണ് ഇപ്പോൾ. പ്രശ്നം തണുപ്പിക്കാൻ സിദ്ദുവിന് സ്ഥാനക്കയറ്റം നൽകിയേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് റാവത്ത് സിംഗിനെ കാണാനെത്തുന്നത്.

സുനിൽ ജഖാറിനു പകരമായി കോൺഗ്രസിന്റെ സ്റ്റേറ്റ് യൂണിറ്റ് മേധാവിയായി സിദ്ധുവിനെ നിയമിക്കുന്നത് പാർട്ടിയിൽ പിളർപ്പിന് കാരണമാകുമെന്ന് കാണിച്ച് അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാവത്ത്- അമരീന്ദർ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്.

പഞ്ച്കുളയിൽ വെച്ച് നവ്ജ്യോത് സിംഗ് സിദ്ദുവും സുനിൽ ജഖാറും തമ്മിൽ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാന ഉടമ്പടി അനുസരിച്ച് മുൻ ക്രിക്കറ്റ് താരത്തെ ജാഖറിന്റെ പിൻഗാമിയാവുമെന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത് റാവത്തായിരുന്നു. ഇത് വിവാദമായതോടെ അദ്ദേഹം തന്നെ യു ടേൺ അടിച്ച് രംഗത്തെത്തുകയായിരുന്നു. സിദ്ദു കോൺഗ്രസ് പ്രസിഡന്റ് ആവുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിക്കുള്ളിലെ കലഹം അവസാനിപ്പിക്കാൻ സമാധാന ഉടമ്പടി എന്ന വണ്ണമാണ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസിന്റെ തലപ്പത്തേക്ക് നിയമിക്കുകയോ മന്ത്രിസഭ പുനസംഘടിപ്പിച്ച് മന്ത്രി സ്ഥാനം നൽകുകയോ ചെയ്യണമെന്ന് പാർട്ടിക്കുള്ളിലെ പ്രശ്ന പരിഹാര സമിതി നിർദേശിച്ചത്. അതേ സമയം പ്രശ്നം പരിഹരിക്കാൻ പാർട്ടി അധ്യക്ഷ സ്വീകരിക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് അമരീന്ദറും വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, അമരീന്ദർ സിംഗ്, നവ്ജ്യോത് സിംഗ് സിദ്ധു എന്നിവർ തമ്മിലുള്ള നിരവധി ചർച്ചകൾക്ക് ശേഷമാണ് സിദ്ധുവിന് പഞ്ചാബ് കോൺഗ്രസിന്റെ തലപ്പത്തേക്ക് അവരോധിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന എന്ത് തീരുമാനവും താൻ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സിംഗ് ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്.

ധാരണ പ്രകാരം മറ്റ് രണ്ട് നേതാക്കളിൽ ഒരാൾ ദളിത് സമുദായത്തിൽ നിന്നും മറ്റൊരാൾ ഹിന്ദുവുമായിരിക്കും. രണ്ടുപേരെയും വർക്കിംഗ് പ്രസിഡന്റുമാരായാണ് തിരഞ്ഞെടുക്കപ്പെടുക. ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ സിദ്ദുവിന്റെ അനുയായികൾ സംസ്ഥാനത്ത് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.
Recommended Video

2017 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ അമരീന്ദർ സിംഗും സിദ്ധുവും തമ്മിലുള്ള തർക്കം തുടരുകയാണ്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സിദ്ധു താൻ പഞ്ചാബ് സർക്കാരിൽ ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ നീക്കം അമരീന്ദർ സിംഗ് തടസ്സപ്പെടുത്തിയതായാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. കോൺഗ്രസിന് കീഴിലുള്ള സർക്കാർ സംസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കുമ്പോഴും ഇരുവരും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവ് വന്നിട്ടില്ലെന്ന് അടുത്ത കാലത്തുണ്ടായ സംഭവങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.












Click it and Unblock the Notifications