ഹരിയാനയില്‍ ഇന്ത്യ സഖ്യമില്ല, കോണ്‍ഗ്രസിന് സാധ്യതയുണ്ടോ? ബിജെപിയെ കാത്തിരിക്കുന്നത് വെല്ലുവിളി
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇന്ത്യ സഖ്യം ഉണ്ടാവില്ലേ? പ്രതിപക്ഷ നിരയില്‍ നിന്നുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്. എന്നാല്‍ ദു:ഖകരമായ വാര്‍ത്തയാണ് അക്കാര്യത്തില്‍ ഇന്ത്യ സഖ്യത്തിന് അറിയിക്കാനുള്ളത്. ഹരിയാനയില്‍ മാത്രമല്ല ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാവില്ല.
പഞ്ചാബില്‍ ഇന്ത്യ സഖ്യമില്ല. ഹരിയാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിക്ക് ഒരു സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യമുണ്ടാവില്ല. എഎപി തന്നെ ഡല്‍ഹിയിലും ഹരിയാനയിലും സഖ്യമില്ലെന്നാണ് പ്രഖ്യാപിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം പക്ഷേ ഒരുമിച്ച് മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം എഎപി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ടും ലഭിച്ചിരുന്നില്ല. ഇതാണ് സഖ്യം വേണ്ടെന്ന് തീരുമാനിക്കാനുള്ള പ്രധാന കാരണം. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആംആദ്മി പാര്‍ട്ടിക്ക് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.
അതേസമയം ഹരിയാനയില്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നിരുന്നു. ആകെയുള്ള പത്തില്‍ അഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. എഎപിക്ക് പക്ഷേ 3.94 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്താണെങ്കിലും കണക്കുകളിലെല്ലാം അവര്‍ പിന്നിലായിരുന്നു.
ആംആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ നല്‍കിയ ഏക സീറ്റിലും അവര്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ എഎപിയുമായി സഖ്യം കോണ്‍ഗ്രസിന് ബാധ്യതയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ 31 സീറ്റും 28.08 ശതമാനം വോട്ടുമാണ് നേടിയത്. 2014നെ അപേക്ഷിച്ച് ഇത് ഇരട്ടിയായിരുന്നു. ഈ സമയത്തൊന്നും എഎപിയുടെ പ്രകടനം വളരെ ദയനീയമായിരുന്നു.
ഇത്തവണ കൂടുതല്‍ സീറ്റ് നേടുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. എഎപിയുമായി സഖ്യമുണ്ടാക്കാന്‍ അതുകൊണ്ട് കോണ്‍ഗ്രസ് തയ്യാറല്ല. ഹരിയാനയില്‍ ബിജെപിക്കെതിരെ കടുത്ത ജാട്ട് വിരോധം നിലനില്‍ക്കുന്നുണ്ട്. അതുപോലെ കര്‍ഷക രോഷവും, ഭരണവിരുദ്ധ വികാരവുമെല്ലാം വരുന്നതോടെ ബിജെപി വീഴുമെന്ന സൂചനകളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
കോണ്‍ഗ്രസ്-എഎപി സഖ്യം മത്സരിച്ച ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. ഡല്‍ഹിയില്‍ സീറ്റും ലഭിച്ചിട്ടില്ല. പഞ്ചാബില്‍ എഎപിയും കോണ്‍ഗ്രസും ഒറ്റയ്ക്കാണ് തമത്സരിച്ചത്. കോണ്‍ഗ്രസ് ഏഴ് സീറ്റും എഎപി മൂന്ന് സീറ്റിലും വിജയിച്ചിരുന്നു. നേരത്തെ എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു. അതേസമയം ഹരിയാനയില്‍ കുറച്ചുകാലമായി അധികാരത്തിന് പുറത്താണ് കോണ്‍ഗ്രസ്. അതുകൊണ്ട് ഇത്തവണ ജീവന്‍മരണ പോരാട്ടമാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്.












Click it and Unblock the Notifications