കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നടക്കില്ല, ഇന്ത്യ സഖ്യമുണ്ടായാല്‍ ബിജെപി വീഴും; ഹരിയാനയില്‍ സാധ്യത ഇങ്ങനെ
ന്യൂഡല്‍ഹി: ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത്. ബിജെപിയുടെ സീറ്റുകള്‍ പകുതിയായി കുറയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.
എന്നാല്‍ ലോക്‌സഭയില്‍ ഒന്നിച്ച ഇന്ത്യ സഖ്യം നിലവിലെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിക്കാനുള്ള സാധ്യത വളരെ കുറവാണ്. 2014 മുതല്‍ സംസ്ഥാനത്ത് ആധിപത്യം പുലര്‍ത്തുന്നത് ബിജെപിയാണ്. എന്നാല്‍ 2024ല്‍ അതിന് കാര്യമായ ഇടിവ് വന്നിട്ടുണ്ട്. ഇത് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ മാത്രമാണ് സംസ്ഥാനത്ത് വിജയസാധ്യതയുള്ളൂ.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പ്രാദേശിക ശക്തിയായ ഐഎന്‍എല്‍ഡിയെ പിന്നിലാക്കി കൊണ്ട് ബിജെപിയും കോണ്‍ഗ്രസുമാണ് സംസ്ഥാനത്ത് കരുത്തില്‍ മുന്നിലുള്ളത്. 2005 മുതല്‍ 2014 വരെ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിച്ചത്. 2014ലെ മോദി തരംഗം മുതല്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.
2019ല്‍ ബിജെപി ജനനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണ വേണ്ടി വന്നു സര്‍ക്കാരുണ്ടാക്കാന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ ട്രെന്‍ഡാണ് ആവര്‍ത്തിച്ചത്. 2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ഹരിയാനയില്‍ കൂടുതല്‍ സീറ്റുകളും നേടിയത്. 2014, 2019 വര്‍ഷങ്ങളില്‍ ബിജെപി സംസ്ഥാനം തൂത്തൂവാരി. ഇത്തവണ അഞ്ച് വീതം സീറ്റുകളാണ് ഇരുപാര്‍ട്ടികളും നേടിയത്.
പഞ്ചാബില്‍ നിന്ന് ഹരിയാന സംസ്ഥാന രൂപീകരിച്ച 1966 മുതലുള്ള മൂന്ന് ദശാബ്ദക്കാലം കോണ്‍ഗ്രസാണ് സംസ്ഥാനത്ത് ആധിപത്യം പുലര്‍ത്തിയത്. 1977ല്‍ ജനതാ പാര്‍ട്ടി അധികാരം പിടിച്ചപ്പോഴും, 1987 മുതല്‍ 1991 വരെ ലോക് ദള്‍ സര്‍ക്കാരുണ്ടാക്കിയപ്പോഴും മാത്രമാണ് മാറ്റമുണ്ടായത്. 1996 മുതല്‍ സംസ്ഥാനത്ത് ബിജെപി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു.
1996ല്‍ ബിജെപി ഹരിയാന വികാസ് പാര്‍ട്ടിയെയാണ് പിന്തുണച്ചത്. ബന്‍സി ലാലിന്റെ പാര്‍ട്ടിയാണിത്. 2000ത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സംസ്ഥാനത്ത് അധികാരം പിടിച്ചു. ചൗധരി ദേവിലാലിന്റെ പാര്‍ട്ടിയായിരുന്നു ഐഎന്‍എല്‍ഡി. പിന്നീട് കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ട് തവണ ഭരിച്ചു. മനോഹര്‍ ലാല്‍ ഖട്ടാറായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെജെപി സഖ്യം ഉപേക്ഷിച്ചാണ് ബിജെപി മത്സരിച്ചത്. മുഖ്യമന്ത്രിയായി നയാബ് സിംഗ് സെയ്‌നി എത്തുകയും ചെയ്തു. പക്ഷേ കാര്യമായി ഗുണം ചെയ്തില്ല. കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു.
ബിജെപിയുടെ വോട്ട് ശതമാനം 58.21 ശതമാനമായിരുന്നു. അത് 46.11 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന്റേത് 28.51 ശതമാനത്തില്‍ നിന്ന് 43.67 ശതമാനമായിട്ടാണ് വര്‍ധിച്ചത്. എഎപി 3.94 ശതമാനം വോട്ടും നേടി. നിലവിലെ വോട്ട് ശതമാനം പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് തൂക്കുസഭ വരാനുള്ള സാധ്യത ഏറെയാണ്.
എന്നാല്‍ ഇന്ത്യ സഖ്യം ഒരുമിച്ച് നിന്നാല്‍ ഭരണം പിടിക്കാമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഹരിയാനയിലെ 90 സീറ്റില്‍ 44 എണ്ണത്തിലാ
ണ് ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടിയത്. കോണ്‍ഗ്രസിന് 42 എണ്ണത്തിലും കിട്ടി.
എഎപി 4 സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും എഎപിയും ചേര്‍ന്നാല്‍ ഭൂരിപക്ഷത്തിനപ്പുറത്തേക്ക് എത്താനാവും. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലേത് പോലെ ഹരിയാനയില്‍ എഎപിയുമായുള്ള കോണ്‍ഗ്രസ് ബന്ധം അത്ര മോശമല്ല. ഇത് സഖ്യത്തിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications