രാഹുല്‍ ഗാന്ധിക്ക് ജിലേബി കൊടുത്തയച്ച് ബിജെപി; ഹരിയാനയിലെ ജയത്തിന് പിന്നാലെ വന്‍ പരിഹാസം
ന്യൂഡല്‍ഹി: ഹരിയാനയിലെ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് ബിജെപി. ജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജിലേബി നല്‍കിയാണ് ബിജെപി പരിഹസിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ഗോഹാനയില്‍ റാലി നടത്തിയപ്പോള്‍ രാഹുലിന്റെ ജിലേബി പരാമര്‍ശം വൈറലായിരുന്നു. ഇത് ഓര്‍ത്തെടുത്താണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.
ബിജെപി അവരുടെ പാര്‍ട്ടി ഓഫീസുകളിലെല്ലാം ജിലേബിയാണ് വിതരണം ചെയ്തത്. ഹരിയാന സംസ്ഥാന നേതൃത്വം ഒരു പെട്ടി ജിലേബി രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് കൊടുത്തയച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ നീക്കം.

രാഹുല്‍ ഗാന്ധിക്ക് ജിലേബി പെട്ടി എത്തിച്ച് നല്‍കിയതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഫുഡ് ആപ്പിലെ സ്‌ക്രീന്‍ ഷോട്ട് ബിജെപി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഒരു കിലോ ജിലേബി ഡല്‍ഹിയിലെ കൊണോട്ട്‌പ്ലേസിലെ പ്രശസ്തമായ ഒരു കടയില്‍ നിന്ന് ഓര്‍ഡര്‍ 24, അക്ബര്‍ റോഡിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ഡെലിവെര്‍ ചെയ്യാനായി ഏല്‍പ്പിച്ചെന്നുമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്.
എല്ലാ ബിജെപി പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹരിയാനയിലെ ബിജെപി രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി കൊടുത്തയച്ചതായും പാര്‍ട്ടി എക്‌സില്‍ കുറിച്ചു. ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്.
അതേസമയം ഗോഹാനയിലെ പ്രസംഗത്തില്‍ നേരത്തെ രാഹുല്‍ ഗാന്ധി പ്രശസ്തമായ മാട്ടു റാം ഹല്‍വായിയെ പ്രശംസിച്ചിരുന്നു. ഹരിയാനയിലെ പ്രശസ്തമായ പലഹാര കടയാണിത്. ഇത്രയും പ്രശസ്തമായ ജിലേബി രാജ്യത്താകെ വില്‍ക്കേണ്ടതാണ്. കയറ്റുമതി പോലും ചെയ്യേണ്ടതാണ്. ഒരു ഫാക്ടറിയില്‍ വലിയ അളവില്‍ ഇവ ഉണ്ടാക്കേണ്ടതാണെന്നും, അതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാഹുലിനെതിരെ ട്രോളുകള്‍ വന്നിരുന്നു.
ജിലേബി ചൂടോടെ കഴിക്കേണ്ട പലഹാരമാണെന്നും, അത് ഫാക്ടറിയില്‍ വലിയ അളവില്‍ ഉണ്ടാക്കേണ്ടതല്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഹരിയാന ബിജെപി മാത്രമല്ല ഗുജറാത്ത് ബിജെപിയും രാഹുലിനെ പരിഹസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍ അടക്കമുള്ള നേതാക്കള്‍ ജിലേബി കഴിക്കുന്ന ചിത്രങ്ങളാണ് എക്‌സില്‍ പങ്കുവെച്ചത്.
ജിലേബി പാര്‍ട്ടിയാണ് ഇവര്‍ സംഘടിപ്പിച്ചത്. ഇന്ത്യ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ രാഹുല്‍ ഗാന്ധി ഞങ്ങളെ സഹായിക്കുകയാണ്. അതുകൊണ്ട് ജിലേബി രാജ്യത്തെ ഏറ്റവും ജനപ്രിയ മധുരപലഹാരമാക്കാനുള്ള രാഹുലിന്റെ സ്വപ്‌നം പൂവണിയിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്നും ഗുജറാത്ത് ബിജെപി മീഡിയ കോ അഡൈ്വസര്‍ സുബിന്‍ അഷാര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിവാദ ബിജെപി നേതാവ് നൂപുര്‍ ശര്‍മയും ജിലേബി വിതരണം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications