ബിജെപി ഹരിയാനയെ തകര്‍ത്തു, തൊഴിലില്ലായ്മ രൂക്ഷം; കോണ്‍ഗ്രസ് 2 ലക്ഷം തൊഴില്‍ നല്‍കുമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന് കീഴില്‍ തൊഴിലില്ലായ്മയും കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപഭോഗവും വര്‍ധിക്കുന്നതായി രാഹുല്‍ ഗാന്ധി. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഹരിയാനയില്‍ എന്തുകൊണ്ടാണ് വര്‍ധിക്കുന്നത്? ബിജെപി കാരണം വ്യാപിക്കുന്ന തൊഴിലില്ലായ്മയെന്ന രോഗം ഹരിയാനയില്‍ വേരുറപ്പിച്ചിരിക്കുകയാണ്. യുവാക്കളുടെ ഭാവിയും സംസ്ഥാനത്തിന്റെ സുരക്ഷയും അപകടത്തിലാണ്. ഹരിയാനയിലെ ചില സഹോദരിമാര്‍ വിജയ് സങ്കല്‍പ്പ് യാത്രയ്ക്കിടെ ഞങ്ങള്‍ക്ക് അഭയം തന്നു. അവര്‍ക്ക് ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി തന്നു. ഈ സംസ്ഥാനത്തെ സങ്കീര്‍ണമായ പ്രശ്‌നങ്ങളെ കുറിച്ച് ആ സ്ത്രീകളാണ് ഞങ്ങള്‍ക്ക് വിവരങ്ങള്‍ തന്നതെന്നും രാഹുല്‍ പറഞ്ഞു.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിജയ് സങ്കല്‍പ്പ് യാത്രയെ കുറിച്ചുള്ള വിവരങ്ങളും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏതൊരു വ്യവസ്ഥയുടെ നട്ടെല്ലാണ് ബിജെപി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന സംസ്ഥാനമാണ് ഹരിയാന.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി കൊണ്ടിരുന്ന സ്രോതസ്സുകളെ ബിജെപി പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. ജിഎസ്ടിയും നോട്ടുനിരോധനവും തെറ്റായിട്ടാണ് നടപ്പാക്കിയത്. ഇത് ചെറുകിട വ്യാപാരങ്ങളുടെ നട്ടെല്ലാണ് തകര്‍ത്തതെന്നും രാഹുല്‍ ആരോപിച്ചു.
അഗ്നിവീര്‍ നടപ്പാക്കിയതിലൂടെ സൈന്യത്തില്‍ ചേരാനിരുന്നവരുടെ ആവേശമാണ് ഇല്ലാതാക്കിയത്. കാര്‍ഷിക കരിനിയമത്തിലൂടെ കൃഷിപ്പണി ചെയ്തിരുന്നുവരുടെ ധൈര്യമാണ് ഇല്ലാതായത്. കായികതാരങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിച്ച് അവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തു. പരിവാര്‍ പെഹ്ച്ചാന്‍ പത്രയിലൂടെയുള്ള സര്‍ക്കാര്‍ നിയമനങ്ങളെ നിര്‍ത്തിയതിലൂടെ കുടുംബങ്ങളെ തകര്‍ത്തു. ഇതെല്ലാം നിന്നുപോയതിന്റെ ഫലമായി യുവാക്കള്‍ മയക്കുമരുന്നില്‍ അഭയം തേടിയിരിക്കുകയാണ്. നിരാശരായ യുവാക്കള്‍ കുറ്റകൃത്യത്തിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണെന്നും, കുടുംബങ്ങള്‍ ശിഥിലമാക്കപ്പെട്ടുവെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസ് ഇതിനെല്ലാം മാറ്റം കൊണ്ടുവരും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഞങ്ങള്‍ കൊണ്ടുവരും. രണ്ട് ലക്ഷം പേര്‍ക്ക് സ്ഥിരം ജോലി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നല്‍കും. ഹരിയാനയെ ലഹരിവിമുക്തമാക്കും. ഈ തകര്‍ച്ച ഇല്ലാതാക്കുമെന്ന് ഹരിയാനയിലെ സഹോദരിമാര്‍ക്ക് ഞാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അവരുടെ കുട്ടികളെ സംരക്ഷിക്കും. തൊഴില്‍ ഹരിയാനയില്‍ തിരിച്ചുവരും. എല്ലാ കുടുംബങ്ങളും സന്തോഷത്തോടെ ഇരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ നൂഹില്‍ രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് തരംഗമാണെന്നും, സര്‍ക്കാരുണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം കൂടിയാണ് നൂഹ്. ജൂലായ് 31ന് വിഎച്ച്പിയുടെ മതപരിപാടികള്‍ക്കിടെ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. ആറ് പേരാണ് കൊല്ലപ്പെട്ടത്.
യുഎസ്സില്‍ പോയപ്പോള്‍ ഹരിയാനയില്‍ നിന്നുള്ള യുവാക്കളെ കണ്ടിരുന്നു. അവര്‍ ഇവിടെ തൊഴില്‍ ഇല്ലാത്തത് കാരണം യുഎസ്സിലേക്ക് അനധികൃതമായി കുടിയേറിയവരാണ്. സ്വന്തം സ്ഥലം 50 ലക്ഷത്തിന് അവര്‍ക്ക് വില്‍ക്കേണ്ടി വന്നു. ഇസ്താംബുള്‍ വഴി കസാക്കിസ്ഥാനിലേക്കും അവിടെ നിന്ന് ദക്ഷിണ അമേരിക്കയിലേക്കുമാണ് അവര്‍ പോയത്. പനാമ വനമേഖല അവര്‍ക്ക് താണ്ടേണ്ടി വന്നു അവര്‍ക്ക് യുഎസ്സിലെത്താന്‍. യുഎസ്സില്‍ തൊഴില്‍ ഉള്ളത് കൊണ്ടാണ് ഇതെല്ലാം അവര്‍ അനുഭവിക്കേണ്ടി വന്നത്. ഹരിയാനയെ ബിജെപി സര്‍ക്കാര്‍ തകര്‍ത്തുവെന്നാണ് അവര്‍ അഭിപ്രായപ്പെട്ടതെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications