ഹരിയാനയിൽ കോൺഗ്രസ് വിജയകിരീടം ചൂടും, 61 സീറ്റുകൾ വരെ നേടും; ബിജെപിക്ക് നഷ്‌ടം, പി മാർക് സർവേ
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താമെന്ന ബിജെപിയുടെ മോഹം തുലാസിലാക്കി കൊണ്ട് കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേ ഫലം. റിപ്പബ്ലിക് ടിവി-പി മാർക് സർവേയിലാണ് കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഒരു പതിറ്റാണ്ട് കാലത്തേ ബിജെപി ഭരണം അവസാനിപ്പിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് സർവേ പറയുന്നത്.
സർവേയിൽ 57 മുതൽ 61 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ഇത് സംസ്ഥാനത്തെ കേവല ഭൂരിപക്ഷത്തിന് മുകളിലാണ്. 90 സീറ്റുകൾ മാത്രമുള്ള ഹരിയാനയിൽ 46 സീറ്റുകൾ നേടിയാൽ കേവല ഭൂരിപക്ഷം കടക്കുമെന്നതാണ് പ്രത്യേകത. നിലവിലെ സർവേ ഫലം ഈ ഭൂരിപക്ഷം കടക്കുമെന്ന സൂചനയാണ് നൽകുന്നത്.

നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് ഇവിടെ ഉണ്ടാവുമെന്ന് സർവേ പറയുന്നത്. വെറും 27 മുതൽ 35 സീറ്റുകൾ വരെ മാത്രമായി അവർ സംസ്ഥാനത്ത് ഒതുങ്ങുമെന്നാണ് സർവേ പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ രണ്ട് തവണ തുടർച്ചയായി ഭരിച്ച ശേഷം സംസ്ഥാനത്ത് നിന്ന് ബിജെപിക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങി പുറത്തേക്ക് പോവേണ്ടി വരുമെന്നാണ് സൂചന.
എന്നാൽ ഹരിയാനയിലെ റിപ്പബ്ലിക് ടിവി-പി മാർക് സർവേയിൽ മാറ്റി ചില നിർണായക ഫലങ്ങളെ കുറിച്ചുള്ള സൂചനകളിലേക്കും വെളിച്ചം വീശുന്നുണ്ട്. സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയിരുന്നു പ്രാദേശിക കക്ഷികളായ ജെജെപിയും ഐഎൻഎൽഡിയും കാര്യമായ പ്രകടനം നടത്താൻ കഴിയാതെ പിന്നോട്ട് പോവുമെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ഹരിയാനയിലെ പ്രബല കക്ഷിയായ ജെജെപിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നിർണായക ശക്തിയായി മാറിയവരാണ് ജെജെപി. എന്നാൽ ഇക്കുറി അവർക്ക് ആ കുതിപ്പ് തുടരാൻ കഴിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഐഎൻഎൽഡിയും പിന്നിലേക്ക് പോവുമെന്നാണ് സൂചന.
സംസ്ഥാനത്ത് മൂന്ന് മുതൽ ആറ് സീറ്റുകൾ വരെയാണ് അവർ നേടുമെന്ന് പ്രവചിക്കപ്പെടുന്നത്. മറ്റ് കക്ഷികളിൽ ആർക്കും സംസ്ഥാനത്ത് സീറ്റുകൾ നേടാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ എഎപിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്ന് പി മാർക് സർവേ പറയുന്നു. സംസ്ഥാനത്ത് കോൺഗ്രസും എഎപിയും ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇന്ത്യ സഖ്യം എന്ന ലേബലിൽ ആയിരുന്നില്ല ഇവിടെ മത്സരം.












Click it and Unblock the Notifications