കർണാടക തിരഞ്ഞെടുപ്പ് ഫലം: ഹാസന്‍ ബിജെപിക്ക് നഷ്ടമായി; പൊന്നാപുരം കോട്ടയില്‍ വെന്നിക്കൊടി നാട്ടി ജെഡിഎസ്
ബെംഗളൂരു: ഹാസന്‍ നിയമസഭാ മണ്ഡലത്തില്‍ ജെഡിഎസിന് വിജയം. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ജയിക്കുക എന്ന ജെഡിഎസിന്റെ പതിവ് 2018ലാണ് തെറ്റിയത്. അന്ന് ബിജെപിയുടെ സ്ഥാനാര്‍ഥി വിജയിക്കാന്‍ കാരണം ജെഡിഎസിലെ ഉള്‍പ്പോരാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണയും ഉള്‍പ്പോരിന് കുറവുണ്ടായിരുന്നില്ല. പക്ഷേ, ജയിച്ചത് ജെഡിഎസ് സ്ഥാനാര്‍ഥി എച്ച്എസ് സ്വരൂപ്.
ബിജെപിയുടെ പ്രീതം ഗൗഡയെ മലര്‍ത്തിയടിച്ചാണ് എച്ച്എസ് സ്വരൂപ് ഹാസനില്‍ വെന്നിക്കൊടി നാട്ടിയിരിക്കുന്നത്. ജെഡിഎസ് സ്ഥാപകന്‍ എച്ച്ഡി ദേവഗൗഡയുടെ വസതി നിലകൊള്ളുന്ന മണ്ഡലം കൂടിയാണിത്. 2018ല്‍ പ്രീതം ഗൗഡയാണ് ബിജെപിക്ക് വേണ്ടി ജയിച്ചത്. ഇത്തവണയും പ്രീതത്തെ തന്നെ ബിജെപി സ്ഥാനാര്‍ഥിയാക്കിയെങ്കിലും ഫലമുണ്ടായില്ല. ഒട്ടേറെ കുടുംബ വഴക്ക് ജെഡിഎസിലുണ്ടായിരുന്നെങ്കിലും ജനം അവരെ കൈയ്യൊഴിഞ്ഞില്ല എന്ന് ഫലം വ്യക്തമാക്കുന്നു.

എന്തുവില കൊടുത്തും ഹാസന്‍ മണ്ഡലം തിരിച്ചുപിടിക്കണം എന്ന നിര്‍ബന്ധം ഇത്തവണ ജെഡിഎസിനുണ്ടായിരുന്നു. എന്നാല്‍ പ്രതിസന്ധി ആദ്യം രൂപപ്പെട്ടത് കുടുംബത്തില്‍ നിന്നാണ്. ദേവഗൗഡയുടെ മരുമകള്‍ ഭവാനി രേവണ്ണ സ്ഥാനാര്‍ഥിയാകണം എന്നാവശ്യപ്പെട്ടു. മാത്രമല്ല, അവര്‍ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. എന്നാല്‍ കുമാരസ്വാമി ഉടക്കിട്ടു.
കുമാരസ്വാമിയുടെ സഹോദരന്‍ രേവണ്ണയുടെ ഭാര്യയാണ് ഭവാനി. കുടുംബാംഗത്തെ മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് കുമാരസ്വാമി പറഞ്ഞു. മാത്രമല്ല, മുന്‍ എംഎല്‍എയുടെ മകന്‍ കൂടിയായ സ്വരൂപ് സ്ഥാനാര്‍ഥിയായാല്‍ നേട്ടം കൊയ്യാമെന്നും കുമാരസ്വാമി നിര്‍ദേശം വച്ചു. ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കാര്യം ദേവഗൗഡ അംഗീകരിക്കുകയായിരുന്നു.

താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഭവാനി ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നേതൃത്വം അവര്‍ക്ക് ടിക്കറ്റ് നല്‍കിയില്ല. വിമതയായി മല്‍സരിക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി. പക്ഷേ, സമവായ ചര്‍ച്ചയില്‍ ഭവാനി വഴങ്ങി. ഒടുവില്‍ സ്വരൂപിന് വേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. മികച്ച വിജയം സ്വരൂപ് നേടുകയും ചെയ്തു. ഹാസനില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ചത് ബനവാസി രംഗസ്വാമിയാണ്.
ഹാസന്‍ ജില്ലാപഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റാണ് എച്ച്പി സ്വരൂപ്. അന്തരിച്ച മുന്‍ എംഎല്‍എ എച്ച്എസ് പ്രകാശിന്റെ മകനാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാസന്‍ ജില്ലയില്‍ നിന്ന് ആറ് സീറ്റിലാണ് ജെഡിഎസ് ജയിച്ചത്. ഹാസന്‍ മണ്ഡലം മാത്രം നഷ്ടമായി. ഇവിടെ ബിജെപിയുടെ പ്രീതം ജയിച്ചു. വൊക്കലിഗ സമുദായത്തിന് ഭൂരിപക്ഷമുള്ള ഹാസനില്‍ നിന്ന് ബിജെപിയുടെ ആദ്യ വിജയമായിരുന്നു ഇത്.












Click it and Unblock the Notifications