'ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു അദ്ദേഹം'; സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മോദി
ന്യൂഡൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യെച്ചൂരിയെ ഇടതുപക്ഷത്തിന്റെ വെളിച്ചം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സീതാറാം യെച്ചൂരി ജിയുടെ വിയോഗത്തിൽ ദുഖമുണ്ടെന്ന് പറഞ്ഞ മോദി മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു പ്രധാമന്ത്രിയുടെ പ്രതികരണം. യെച്ചൂരിക്ക് കൈ കൊടുക്കുന്ന ഒരു പഴയ ചിത്രവും അദ്ദേഹം ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രധാന നേതാക്കൾ എല്ലാം തന്നെ യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രംഗത്ത് വന്നിരുന്നു.

യെച്ചൂരി തന്റെയൊരു സുഹൃത്തും ഇന്ത്യ സഖ്യമെന്ന ആശയത്തിന്റെ സംരക്ഷകനുമായിരുന്നു അദ്ദേഹമെന്ന് രാഹുൽ പറഞ്ഞു. 'സീതാറാം യെച്ചൂരി ഒരു സുഹൃത്തായിരുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് വളരെയധികം ധാരണയുള്ള ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനുമായിരുന്നു അദ്ദേഹം' രാഹുൽ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നു.
'ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് ഇനി നഷ്‌ടമാവും. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു' രാഹുൽ പറയുന്നു. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിൽ രാഹുലിന് ഏറ്റവും അധികം പിന്തുണ നൽകിയ നേതാക്കളിൽ ഒരാളായിരുന്നു സീതാറാം യെച്ചൂരി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഷ്ട്രപത്രി ദ്രൗപതി മുർമു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ യെച്ചൂരിയുടെ വിടവാങ്ങലിൽ അനുശോചനം അറിയിച്ചു. 'സഖാവ് സീതാറാം യെച്ചൂരി ജിയുടെ നിര്യാണത്തിൽ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു." മല്ലികാർജുൻ ഖാർഗെ തന്റെ എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.
ആദ്യം വിദ്യാർത്ഥി നേതാവെന്ന നിലയിലും പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ പാർലമെന്റേറിയനെന്ന നിലയിലും അദ്ദേഹത്തിന്റെ ശബ്‌ദം വേറിട്ടതായിരുന്നു എന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ചൂണ്ടിക്കാണിച്ചു. യെച്ചൂരി തന്റെ ഒരു സുഹൃത്തായിരുന്നു എന്നും അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ എന്നും ഓർക്കുമെന്നും രാജ്‌നാഥ് സിംഗും പറഞ്ഞു.
ഇന്ന് വൈകീട്ടോടെയാണ് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവേ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായതായി മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചിരുന്നു, അതിന് പിന്നാലെയാണ് ഇപ്പോൾ മരണവാർത്ത എത്തുന്നത്.












Click it and Unblock the Notifications