സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ജീവൻ നഷ്‍ടമായത് 7 പേർക്ക്, അന്വേഷണം
ഇൻഡോർ: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്‌ടറെ തിരഞ്ഞ് പോലീസ്. അടുത്തകാലത്തായി ഇവിടെ വ്യാജ ഡോക്‌ടർ നടത്തിയ ശാസ്ത്രക്രിയകളിലായി ഏഴ് പേർക്കോളമാണ് ജീവൻ നഷ്‍ടമായത്. ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രമുഖ ഡോക്‌ടറുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ ശസ്ത്രക്രിയ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ ആശുപത്രിയിൽ 7 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് സംശയം ഉയർന്നത്. എൻ ജോൺ കെം എന്നയാൾ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ് ഈ സംഭവങ്ങളെന്നാണ് ആരോപണം. പ്രശസ്‌ത ബ്രിട്ടീഷ് ഡോക്‌ടറുടെ പേരിൽ കാർഡിയോളജിസ്‌റ്റ് ആണെന്ന് അവകാശപ്പെട്ടാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഇയാൾ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ പിന്നീട് മരിച്ചുവെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ വ്യാജ ഡോക്‌ടറുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നിരുന്നു. കൂടുതൽ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തുകയായിരുന്നു.
അധികാരികൾ പുറത്തുവിട്ട ഔദ്യോഗിക മരണസംഖ്യ ഏഴ് ആണെങ്കിലും യഥാർത്ഥ എണ്ണം ഇതിലും ളരെ കൂടുതലാണെന്ന് അഭിഭാഷകനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് ദാമോ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയിരുന്നു.
ഇയാൾക്കെതിരെ ഹൈദരാബാദിലും കേസുണ്ടെന്നും എന്നാൽ ഇതുവരെ കൃത്യമായ രേഖകൾ ഹാജരാക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ആരോപണം. ആയുഷ്‌മാൻ ഭാരത് പദ്ധതി പ്രകാരം ഈ മിഷനറി ആശുപത്രിക്ക് സർക്കാരിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം കൂടിയായ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.
ആരോപണങ്ങളെ തുടർന്ന് അന്വേഷണ സംഘം ആശുപത്രിയിൽ നിന്ന് എല്ലാ രേഖകളും പിടിച്ചെടുത്തു. കൂടുതൽ പരിശോധനയിലാണ് പ്രമുഖ ബ്രിട്ടീഷ് ഡോക്‌ടറുടേതിന് സമാനമായ വ്യാജ രേഖകൾ ആൾമാറാട്ടക്കാരൻ നൽകിയതായി കണ്ടെത്തിയത്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രിട്ടീഷ് ഡോക്‌ടറായ എൻ ജോൺ കെം ആയി ആൾമാറാട്ടം നടത്തിയതിന് മുമ്പ് ഈ വ്യാജ ഡോക്‌ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2023 ജൂലൈയിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫ്രാൻസിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എക്‌സിൽ ട്വീറ്റ് ചെയ്‌തിരുന്നു. ഈ സംഭവത്തിൽ പല നേതാക്കളും ഇയാളെ പരിഹസിച്ചിരുന്നു.












Click it and Unblock the Notifications