കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യയിൽ വെല്ലുവിളിയാവുന്നു; ഡൽഹിയിൽ ഇന്നും വിമാന സർവീസുകളെ ബാധിച്ചു
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ജനജീവിതത്തെ സാരമായി ബാധിച്ച് ഇന്നും കനത്ത മൂടൽമഞ്ഞ് വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും ഡൽഹിയിൽ അടക്കം വിവിധ ഇടങ്ങളിൽ വിമാന സർവീസുകളെ ഇത് സാരമായി ബാധിച്ചു. ശനിയാഴ്‌ച പുലർച്ചെ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടായതോടെ ഡൽഹി വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.
പല മേഖലകളിലും മൂടൽമഞ്ഞ് ദൃശ്യപരതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് വിമാന സർവീസുകൾ നിർത്തി വയ്‌ക്കേണ്ടി വന്നത്. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഇന്ന് പുലർച്ചെ 12.05ന് എക്‌സിൽ ഒരു പോസ്‌റ്റിൽ, കനത്ത മൂടൽമഞ്ഞ് കാരണം വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചതായി അറിയിച്ചിട്ടുണ്ട്.

പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി അതാത് എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അഗാധമായി ഖേദിക്കുന്നുവെന്നും ഡിഐഎഎൽ അറിയിച്ചു. മൂടൽമഞ്ഞിലൂടെ സഞ്ചരിക്കാൻ യാത്രക്കാർ പാടുപെടുന്നതിനാൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ റോഡ് ഗതാഗതം ഇഴഞ്ഞ് നീങ്ങുകയാണ്.
ഇന്നലെ ഉണ്ടായതിന് സമാനമായി കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയും വിമാന സർവീസുകൾ തടസപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വിമാനങ്ങളുടെ പുറപ്പെടലും വരവും താൽക്കാലികമായി നിർത്തിവച്ചതായി ഇൻഡിഗോ അറിയിച്ചു. പുലർച്ചെ ഒരു മണിക്ക് പങ്കുവച്ച പോസ്‌റ്റിലാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്.
കൂടാതെ പ്രവർത്തനം പുനരാരംഭിച്ചാൽ തന്നെ എയർസൈഡ് തിരക്ക് കാരണം വിമാനങ്ങൾ ഇനിയും വൈകാനിടയുണ്ടെന്നും എയർലൈൻ അറിയിച്ചു. എയർ ഇന്ത്യ ഇന്ന് പുലർച്ചെ 1.16ന് എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ ഇടതൂർന്ന മൂടൽമഞ്ഞ് കാരണം ദൃശ്യപരത മോശമായത് ഡൽഹിയിലെയും ഉത്തരേന്ത്യയിലെയും വിമാന സർവീസുകളെ ബാധിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കാന്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരത പൂർണമായും താഴ്ന്ന നിലയിലായിരുന്നു. ഇതോടെ വിമാന സർവീസുകളെയും ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചിരുന്നു. ഇതേ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. ഡൽഹിയിലെ ശരാശരി താപനില നിലവിൽ 21.2 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലാണ്.
അതേസമയം, വിമാനത്താവളത്തിലെ മോശം കാലാവസ്ഥ കാരണം 400ലധികം വിമാനങ്ങൾ വൈകിയെന്നും ബാധിച്ചുവെന്നുമാണ് പെരുവിളിപ്പെടുത്താത്ത വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചത്. ഇതേ അവസ്ഥ തന്നെയാണ് റെയിൽ, റോഡ് ഗതാഗത സംവിധാനങ്ങളെയും കാത്തിരിക്കുന്നത്. ഇവയും ഇന്ന് സാരമായി ബാധിക്കപ്പെട്ടേക്കാം.












Click it and Unblock the Notifications