കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; എല്ലാ വിമാന സർവീസുകളും റദ്ദാക്കി, ട്രാഫിക്ക് ബ്ലോക്കുകളിൽ വലഞ്ഞ് സഞ്ചാരികൾ
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ജനജീവിതം ദുസ്സഹമാക്കി മഞ്ഞുവീഴ്‌ച തുടരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് കശ്‌മീർ ഇപ്പോഴുള്ളത്. വിമാന സർവീസുകളെയും റോഡ് ഗതാഗതത്തെയും ഉൾപ്പെടെ കനത്ത മഞ്ഞുവീഴ്‌ച സാരമായി ബാധിച്ചു. ഇതോടെ കശ്‌മീർ താഴ്‌വരയിൽ എത്തിയ ആയിരക്കണക്കിന് സഞ്ചാരികളാണ് കനത്ത ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിപ്പോയത്.
കശ്‌മീരിൽ എത്തിയ വിനോദസഞ്ചാരികൾ കനത്ത മഞ്ഞുവീഴ്‌ചയിൽ കുടുങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റോഡ് അടച്ചതിനാൽ ദേശീയ പാതയിലെ പാംപോർ, ഖംബൽ പ്രദേശങ്ങൾക്കിടയിൽ ജമ്മുവിലേക്ക് പോകുന്ന യാത്രക്കാരെ ഭരണകൂടം തടയുകയും ഇവരോട് ശ്രീനഗറിലേക്ക് തിരികെ മടങ്ങാൻ നിർദ്ദേശിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.

മഞ്ഞുവീഴ്‌ച രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ശ്രീനഗർ-ജമ്മു ദേശീയ പാത അടച്ചിട്ട നിലയിലാണ്. ശനിയാഴ്‌ച വിമാനസർവീസുകൾ പൂർണമായും റദ്ദാക്കേണ്ടി വന്നു. ബനിഹാൽ-ബാരാമുള്ള സെക്ഷനിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച നിലയിലാണ്. കശ്‌മീർ താഴ്‌വരയിൽ ഉടനീളം വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഞ്ഞുവീഴ്‌ച കശ്‌മീരിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. പ്രത്യേകിച്ച് തെക്കൻ മേഖലയിൽ, 1.5 മുതൽ 2.5 അടി വരെ മഞ്ഞ് വന്നടിയുന്ന സാഹചര്യവുമുണ്ടായിരുന്നു. മധ്യ കശ്‌മീരിൽ ഒരടിയോളം മഞ്ഞുവീഴ്‌ചയും വടക്കൻ കശ്‌മീരിൽ അഞ്ച് മുതൽ ആറ് ഇഞ്ച് വരെയുമാണ് മഞ്ഞ് വീഴ്‌ച ഉണ്ടായത്. കനത്ത മൂടൽ മഞ്ഞ് മേഖലയിൽ ജനജീവിതം സ്‌തംഭിച്ച നിലയിലാണ്.
ദേശീയ പാതയ്ക്ക് പുറമേ അതിർത്തിയിലെയും മലയോര മേഖലകളിലെയും നിരവധി റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നുമെല്ലാം മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താഴ്വരയിലെ കുടിവെള്ള വിതരണം പൂർണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. മഞ്ഞു വീഴ്‌ചയിൽ ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരികളെ സഹായിക്കാൻ രാത്രി മുഴുവൻ സിവിൽ ഭരണകൂടവും പോലീസും നാട്ടുകാരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയായിരുന്നു.
ജില്ലാ കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള കൺട്രോൾ റൂമുകൾ ഓരോ ജില്ലയിലും അധികൃതർ സജ്ജീകരിച്ചിട്ടുണ്ട്. വാർത്താ ബുള്ളറ്റിനുകളും സോഷ്യൽ മീഡിയകളും വഴി അവശ്യ സേവന ഫോൺ നമ്പറുകൾ നിരന്തരം പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. വിനോദസഞ്ചാരികളും പ്രദേശവാസികളും അനാവശ്യ യാത്രകൾ ഒഴിവാക്കനാമെന്നാണ് നിർദ്ദേശം.
അതേസമയം, രാവിലെ നേരിയ തോതിൽ മഞ്ഞുവീഴ്‌ച ഉണ്ടാകുമെന്നും അതിന് ശേഷം കാലാവസ്ഥ മെച്ചപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഡിസംബർ 21ന് ആരംഭിച്ച ശീതകാലത്തിലെ ഏറ്റവും കഠിനമായ കാലഘട്ടമായി കണക്കാക്കപ്പെടുന്ന 40 ദിവസത്തെ 'ചില്ലൈ-കാലൻ' എന്ന പ്രതിഭാസത്തിന്റെ പിടിയിലാണ് നിലവിൽ കശ്‌മീർ താഴ്വര.












Click it and Unblock the Notifications